GK News

ഇന്ന് ജിം കോർബറ്റിന്റെ 145-ാം ജന്മദിനം-"വേട്ടയിൽനിന്ന് പ്രകൃതിയിലേക്ക്"
നരഭോജിമൃഗങ്ങളെ വേട്ടയാടിക്കൊന്ന് 31 വർഷം നീണ്ട സാഹസികജീവിതം. ഒടുക്കം കാടിന്റെ തുടിപ്പും ജീവനും കരുതലോടെ സംരക്ഷിക്കണമെന്ന്‌ വാദിച്ച പ്രകൃതിസ്നേഹിയിലേക്കുള്ള മാനസാന്തരം. ജിം കോർബറ്റ്‌ എന്ന പ്രകൃതിസ്നേഹിയെ ചുരുക്കത്തിൽ ഇങ്ങനെ വരച്ചിടാം. മൃഗങ്ങൾ അകാരണമായി വേട്ടയാടപ്പെടുന്നു എന്നു മനസ്സിലായപ്പോൾ വേട്ടയാടൽ അദ്ദേഹം എന്നന്നേക്കുമായി ഉപേക്ഷിച്ചു.

പ്രകൃതിസംരക്ഷണത്തിന്റെ പ്രചാരകനായി അദ്ദേഹം സ്വയം മാറി. സ്കൂളുകൾ കയറിയിറങ്ങിയടക്കം വനവും വന്യജീവിയും സംരക്ഷിക്കപ്പെടണമെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. മികച്ചൊരു ഫോട്ടോഗ്രാഫർ കൂടിയായിരുന്നു അദ്ദേഹം.

ഉത്തരാഖണ്ഡിലെ കുമയൂണിലുള്ള നൈനിത്താളിലും പരിസരപ്രദേശങ്ങളിലും കാടിറങ്ങിവന്ന് 1500-ഓളം മനുഷ്യരെ കൊന്നുതിന്ന കടുവകളെയും പുലികളെയുമാണ് കോർബറ്റ് വേട്ടയാടിയത്. ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിൽ കേണലായിരുന്ന അദ്ദേഹത്തിന്റെ മൃഗവേട്ടാവൈദഗ്ധ്യം കാരണം പിന്നീട് സാഹസിക ചുമതലകളിലേക്ക് നിയോഗിക്കപ്പെടുകയായിരുന്നു. ഒറ്റയ്ക്കായിരുന്നു മിക്കവാറും വേട്ടകൾ.

കടുവകളും കോർബറ്റും

കടുവകളോടുണ്ടായിരുന്ന അടങ്ങാത്ത കൗതുകവും പ്രണയവും പിന്നീടെഴുതിയ അനുഭവക്കുറിപ്പുകളിൽ അദ്ദേഹംതന്നെ പങ്കുവെച്ചിട്ടുണ്ട്. കടുവയെ ഉന്മൂലനം ചെയ്യുന്നതിലൂടെ രാജ്യത്തെ ഏറ്റവും ശ്രേഷ്ഠവും പ്രധാനപ്പെട്ടതുമായ ജന്തുവിനെയായിരിക്കും ഇന്ത്യ നഷ്ടപ്പെടുത്തുകയെന്ന് കോർബറ്റ് കുറിച്ചു. ‘അങ്ങേയറ്റം ധൈര്യമുള്ള വിശാലഹൃദയനായ മാന്യൻ’ എന്നാണ് കടുവയെ വിശേഷിപ്പിച്ചത്.

ജീവിതം

1875 ജൂലായ് 25-ന് ഉത്തരാഖണ്ഡിലെ നൈനിത്താളിൽ ജനനം. പോസ്റ്റ് മാസ്റ്ററായിരുന്ന ക്രിസ്റ്റഫർ കോർബറ്റിന്റെയും മേരി ജെയിനിന്റെയും പതിനാറു മക്കളിൽ എട്ടാമൻ. മുഴുവൻ പേര് എഡ്വേർഡ് ജെയിംസ് കോർബറ്റ്. ഐറിഷുകാരനായിരുന്നെങ്കിലും ജീവിതത്തിലെ ഏറിയ പങ്കും ചെലവിട്ടത് ഇന്ത്യയിൽ. അവസാനകാലം സഹോദരിക്കൊപ്പം കെനിയയിലായിരുന്നു. 1955-ലായിരുന്നു അന്ത്യം. അവിവാഹിതൻ. ആറാം പുസ്തകമായ ‘ട്രീ ടോപ്‌സ്’ പൂർത്തിയാക്കി ദിവസങ്ങൾക്കകം ഹൃദയാഘാതം വന്നു മരിച്ചു.

‘കുമയൂണിലെ നരഭോജികൾ’

ഉത്തരാഖണ്ഡിലെ കുമയൂൺ താഴ്വരയിൽ വിഹരിച്ചിരുന്ന നരഭോജിക്കടുവകളെ അതിസാഹസികമായി വേട്ടയാടിയ അനുഭവം പങ്കുവെക്കുന്ന പുസ്തകമാണ് ‘മാൻ ഈറ്റേഴ്‌സ് ഓഫ് കുമയൂൺ’ (കുമയൂണിലെ നരഭോജികൾ). ഏറ്റവും പ്രസിദ്ധമായ പുസ്തകം. 1944-ൽ ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച പുസ്തകം മുപ്പതോളം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. 40 ലക്ഷത്തോളത്തിലേറെ പതിപ്പുകൾ വിറ്റുപോയിട്ടുണ്ടെന്നാണ് ഏകദേശകണക്ക്.

‘ചമ്പാവത്തിലെ പെൺകടുവയും പനാറിലെ ആൺപുലിയും’

നേപ്പാളിലും ഇന്ത്യയിലുമായി 436 മനുഷ്യരെ തിന്ന് കുപ്രസിദ്ധി നേടിയ ചമ്പാവത്തിലെ പെൺകടുവയെ കൊന്നുകൊണ്ടാണ് കോർബറ്റ് കടുവവേട്ട തുടങ്ങുന്നത്. ഏറ്റവുമധികം മനുഷ്യരെ തിന്നതിന് ഗിന്നസ് ബുക്കിൽ പേരുവന്ന ഈ ബംഗാൾക്കടുവയെ 1907-ലാണ് അദ്ദേഹം വെടിവെച്ചിടുന്നത്. 436-ാമത്തെ ഇരയായി 16 വയസ്സുള്ള പെൺകുട്ടിയെ തിന്നുകഴിഞ്ഞതിനു പിന്നാലെയാണ് കോർബറ്റിന്റെ തോക്കിലെ വെടി അതിന്റെ നെഞ്ചുതുളച്ചത്. 400 മനുഷ്യരെ തിന്ന പനാറിലെ ആൺപുലിയെയും കോർബറ്റ് വെടിവെച്ചുകൊന്നു.

കൊന്നത് 33 നരഭോജികളെ

31 വർഷം നീണ്ട നായാട്ടുജീവിതത്തിനിടെ കൊന്നത് 33 നരഭോജികളെ.

19 കടുവകളും 14 പുലികളും

ജിം കോർബറ്റ് ദേശീയോദ്യാനം

കോർബറ്റിന്റെ ശ്രമഫലമായിട്ടാണ് ഇന്ത്യയിലെ ആദ്യ വന്യജീവിസങ്കേതമായ ഹെയ്‌ലി 1936-ൽ സ്ഥാപിതമാകുന്നത്. ഉത്തരാഖണ്ഡിലാണിത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇത് രാംഗംഗ ദേശീയോദ്യാനം എന്നറിയപ്പെട്ടു. പിന്നീട് 1957-ൽ കോർബറ്റിനോടുള്ള ബഹുമാനാർഥം ജിം കോർബറ്റ് ദേശീയോദ്യാനം എന്ന് പുനർനാമകരണം ചെയ്തു. ഉത്തരാഖണ്ഡിലെ നൈനിത്താൾ, പൗരി ഗർവാൾ ജില്ലകളിലായാണ് 520 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഉദ്യാനം. സാഹസികയാത്രികൻ ബിയർ ഗ്രിൽസിനൊപ്പം ഡിസ്‌കവറി ചാനലിനുവേണ്ടി 2019 ഓഗസ്റ്റിൽ നരേന്ദ്രമോദി യാത്ര നടത്തിയത് ഇവിടെയായിരുന്നു.

വന്യജീവികൾ എന്തുകൊണ്ട് മനുഷ്യനെ വേട്ടയാടുന്നു

വന്യജീവികളുടെ സ്വാഭാവിക ആഹാരമല്ലാതിരുന്നിട്ടും അവ മനുഷ്യനെ വേട്ടയാടുന്നെങ്കിൽ അതിന് കാരണങ്ങളുമുണ്ടെന്ന് തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ കോർബറ്റ് വിശദമാക്കുന്നുണ്ട്. സാഹചര്യങ്ങളുടെ സമ്മർദമാണ് മൃഗങ്ങളെ നരഭോജികളാക്കുന്നത്. പരിക്കുപറ്റിയും വാർധക്യം ബാധിച്ചും സ്വാഭാവിക ഇരതേടൽ സാധിക്കാതെ വരുന്ന മൃഗങ്ങൾ എളുപ്പം പിടികൂടാനാവുന്ന മനുഷ്യരെത്തേടിയെത്താറുണ്ട്. എന്നാൽ, സ്വാഭാവിക ആവാസവ്യസ്ഥയ്ക്ക് തകരാറു സംഭവിക്കുമ്പോഴാണ് മൃഗങ്ങൾ കൂടുതലും നാട്ടിലേക്കിറങ്ങുന്നതെന്നതാണ് ഏറ്റവും പ്രധാനം. അതിന് കാരണമാകുന്നതാകട്ടെ മനുഷ്യരും.

പുസ്തകങ്ങൾ

മാൻ ഈറ്റേഴ്‌സ്‌ ഓഫ്‌ കുമയൂൺ

മൈ ഇന്ത്യ

മാൻ ഈറ്റിങ് ലെപ്പേഡ് ഓഫ് രുദ്രപ്രയാഗ്

ട്രീ ടോപ്‌സ്

ജംഗിൾ ലോർ (ആത്മകഥാപരം)

ദ ടെമ്പിൾ ടൈഗർ ആൻഡ് മാൻ ഈറ്റേഴ്‌സ് ഓഫ് കുമയൂൺ

വര: രജീന്ദ്രകുമാർ

തയ്യാറാക്കിയത്‌:ഷിനില മാത്തോട്ടത്തിൽ

July 25
12:53 2020

Write a Comment