Article

നിണമണിഞ്ഞ നിനവുകൾ

എത്രനാൾ നമ്മളൊത്തു,കളിചിരി
വർത്തമാനങ്ങൾ കൊച്ചു കലഹങ്ങൾ.
എത്രമാങ്ങ,നാമുപ്പു കൂട്ടിച്ചത-
ച്ചെത്രതിന്നതെന്നോർക്കുക തോഴരേ.

കല്ലിനാൽമാങ്ങയെന്നതു പോലെന്നെ-
ത്തല്ലിയങ്ങു തകർത്തിടാനെങ്ങനെ
സാധ്യമായന്നു നിങ്ങൾക്കു കൂട്ടരേ
ഉള്ളമൊട്ടും പിടച്ചതേയില്ലയോ?

ചങ്കിനുള്ളിൽക്കുടിയേറ്റിനിങ്ങളെ-
ച്ചങ്കുപോൽക്കണ്ടു സ്നേഹിച്ചതല്ലയോ ?
ശങ്കയില്ലാതെന്നെവെട്ടി വീഴ്ത്തീടവേ
ചങ്കിലൊട്ടും പൊടിഞ്ഞില്ലെ രക്തവും.

പ്രിയസുഹൃത്തിന്റെ രോദനം നിങ്ങൾതൻ
ഹൃദയവാതിൽകടന്നെത്തിയില്ലയോ?
നിണമണിഞ്ഞു കിടക്കുന്ന ദേഹമ-
ക്കരളിനെത്തൊട്ടുണർത്തിയതില്ലയോ?

മരണവേദനകൊണ്ടു ഞാൻ കേഴവേ
അലിയുകില്ലാത്തതായിതോ നെഞ്ചകം
സഹജരേ നിങ്ങളെത്ര നിഷ്ഠൂരമായ്
മൃഗമനസ്സിനാൽ കൊന്നു തിന്നെന്നെയും?

ചെറിയതാമൊരു സെല്ലുലാർ ഫോണിന്റെ
വിലയെഴാത്തൊരു ജന്മമായ്ത്തീർന്നു ഞാൻ
വിലമതിക്കുവാനാകാത്ത സൗഹൃദം?
വില വെടിഞ്ഞു തകർത്തുവോ ചങ്കുകൾ?

അറവുമാടിനോടാരുമേ,യീവിധം
കരുണയില്ലാതെചെയ്യുകില്ലോർക്കണം.
കഠിനഹൃത്തരേ,ചൊല്ലുകയെങ്ങനെ
മനമുറച്ചീയരുംകൊലചെയ്തിടൻ.

ജനനിയുമെൻ്റെതാതനു,മെത്രയോ
ബന്ധു, മിത്രാദി, നാട്ടുകാരൊക്കെയും.
കേണിടുന്നതു കാണുക നിങ്ങൾ തൻ
കരളുറപ്പിൻ്റെ തിക്തതാവേശമായ്.

സഫലമാകാത്ത മോഹങ്ങളോടെ ഞാൻ
വഴിയിൽവച്ചിതാവേർപെട്ടു പോകയായ്.
ഇനിയെനിക്കൊരുജന്മമുണ്ടെങ്കിലീ -
ഹരിതഭൂമിയിൽതന്നെയായ്ത്തീരണം.

അരുതു നിങ്ങളെൻകൂട്ടുകാരോടിനി -
ക്കഠിനവൃത്തികൾ ചെയ്യരുതൊട്ടുമേ.
കരളിലെപ്പൊഴുംസ്ഥാനമുണ്ടായിടും
പ്രിയസതീർത്ഥ്യരേ, നമ്മൾതൻ സ്നേഹവും.

എവിടെയോ തെല്ലുപാളിയ ചിന്തയാ-
ലശുഭബുദ്ധിയായ് ചെയ്തൊരിക്കർമ്മവും
ഇനിമറന്നിടാം യാത്രചോദിപ്പു ഞാൻ
വിടതരൂ, പോയ് വരട്ടെയെൻ തോഴരേ.


ഹരീഷ് ആർ നമ്പൂതിരിപ്പാട്

April 27
12:53 2020

Write a Comment