Article

ജലസമാധി!

കേരളത്തിലെ ജലാശയങ്ങള്‍ സമ്പൂര്‍ണ നാശത്തിലേക്ക് കൂപ്പുകുത്തുകയാണ്. പുഴകളും കായലുകളും അവയുടെ അന്തിമാഭയമായ കടലുംവരെ മനുഷ്യന്റെ ചെയ്തികളാല്‍ ദുരന്തമുഖത്താണ്. മനുഷ്യനിര്‍മിത മാലിന്യങ്ങളും നാശകാരിയായ പ്ലാസ്റ്റിക്കുമാണ് ഇപ്പോള്‍ പുഴകളിലും കായലുകളിലുമെല്ലാം നിറയുന്നത്. കൊല്ലം മുതല്‍ കണ്ണൂര്‍ വരെ മാതൃഭൂമി സീഡ്-ഗ്രീന്‍ പാഡില്‍സ് കയാക്കിങ് എക്സ്പെഡിഷന്‍ സംഘം നടത്തിയ ജലയാത്രയില്‍ കണ്ടെത്തിയത് സംഭവിച്ചുകൊണ്ടിരിക്കുന്ന ജലദുരന്തത്തിന്റെ യാഥാര്‍ഥ്യങ്ങളാണ്.
കൊല്ലം മുതല്‍ കണ്ണൂര്‍വരെ ജലപാതയിലൂടെ സഞ്ചരിക്കാനാവുമെന്ന് പുതുതലമുറയെ ബോധ്യപ്പടുത്താന്‍ മാത്രമായിരുന്നില്ല ഈ യാത്ര. നമ്മുടെ ജലാശയങ്ങളുടെ അവസ്ഥ കണ്ടറിഞ്ഞ് അത് ആവുന്നത്ര ആളുകളെ അറിയിക്കാന്‍ കൂടിയായിരുന്നു. കൊതുമ്പുവള്ളത്തോളം വലുപ്പമുള്ള കയാക്കില്‍ മാതൃഭൂമി സീഡ് -ഗ്രീന്‍ പാഡില്‍സ് കയാക്കിങ് എക്‌സ്‌പെഡിഷന്‍ സംഘം തുഴഞ്ഞെത്തിയത് 420 കിലോമീറ്റര്‍. ദേശീയ ജലപാതയിലൂടെ കോട്ടപ്പുറംവരെ, കായലും പുഴയും കനാലും താണ്ടി കടലുണ്ടിക്കടവില്‍, പിന്നെ കടലിലൂടെ പയ്യാമ്പലം തീരത്ത്. 14 ദിവസത്തെ യാത്ര കാണിച്ചുതന്നത് ടൂറിസം പോസ്റ്ററുകളില്‍ ഇടംപിടിക്കുന്ന മനോഹര കാഴ്ചകളല്ല, വരാനിരിക്കുന്ന വലിയ വിപത്തിന്റെ നിശ്ശബ്ദ സൂചനകള്‍. എല്ലാവരും കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന ചില ജലസത്യങ്ങള്‍... പേടിപ്പിക്കുന്നവ... ഓര്‍ക്കാന്‍ മടിക്കുന്നവ.

യുദ്ധം, കലാപം എന്നിവയെപ്പോലെത്തന്നെ ലോകം ഇന്ന് ഭയപ്പെടുന്നത് ജലദൗര്‍ലഭ്യത്തെയും മാലിന്യപ്രശ്‌നങ്ങളെയുമാണ്. ലഭ്യമായ വെള്ളം ശരിയായി ഉപയോഗിക്കാനും സംരക്ഷിച്ച് നിലനിര്‍ത്താനുമുള്ള തീവ്രശ്രമമുണ്ട് ലോകമെങ്ങും. 44 നദികള്‍, നിറയെ കായലുകള്‍, ചെറുതടാകങ്ങള്‍, തോടുകള്‍ ഒക്കെ ചേര്‍ന്ന് ജലസമൃദ്ധമായ കേരളമോ? ജലാശയങ്ങളില്‍ മാലിന്യം നിറച്ച് മരണത്തിലേക്ക് തള്ളിവിടുന്നു, ലജ്ജയില്ലാതെ കുടിവെള്ളക്കമ്പനികള്‍ക്കുനേരേ കൈനീട്ടുന്നു.
കുപ്പിയില്‍ കിട്ടുന്ന വെള്ളം വളരെ ശുദ്ധമാണെന്ന ഉറച്ച വിശ്വാസം സൗകര്യപൂര്‍വം നമ്മള്‍ രൂപപ്പെടുത്തിയെടുത്തു. ഇക്കാര്യത്തില്‍ യാതൊരു പരിശോധനയുടെയും ആവശ്യമില്ലെന്ന് പൊതുജനത്തെപ്പോലെ അധികാരികളും കരുതുന്നു. ജലസമൃദ്ധി നശിപ്പിച്ച്, ശുദ്ധജലം വിലയ്ക്ക് വാങ്ങി അഭിമാനിക്കുന്നു. ഈ അഭിമാനത്തിനും മുകളിലെത്തിക്കഴിഞ്ഞു കേരളത്തിലെ ജലമലിനീകരണത്തിന്റെയും ജലദൗര്‍ലഭ്യത്തിന്റെയും ഗ്രാഫ്. എന്നിട്ടും നമുക്കൊരു കൂസലുമില്ല.

അന്യമാക്കുന്ന പൊതുഇടങ്ങള്‍
ജലത്തിന്റെ കാര്യത്തില്‍ മാത്രമല്ല, പൊതുഇടങ്ങള്‍ സംബന്ധിച്ച് എല്ലാ കാര്യങ്ങളിലും ഇന്ത്യന്‍ സമൂഹം പുലര്‍ത്തുന്ന മനോഭാവം സാമൂഹ്യശാസ്ത്രപരമായി പരിശോധിക്കപ്പെടേണ്ടതുണ്ട്. നമുക്ക് പൊതുഇടങ്ങള്‍ ചവറ്റുകൊട്ടകളാണ്. ഭരണാധികാരികളാണ് അവയുടെ അവകാശികള്‍ എന്ന ധാരണയില്‍, അവയൊക്കെയും വൃത്തിയായി സൂക്ഷിക്കാനുള്ള ഉത്തരവാദിത്വത്തില്‍നിന്ന് നമ്മള്‍ സൗകര്യപൂര്‍വം പിന്‍വലിയുന്നു.
പുഴയിലെ വെള്ളം പാചക ആവശ്യങ്ങള്‍ക്ക് നേരിട്ട് ഉപയോഗിച്ചിരുന്ന കാലം കേരളം മറന്നിട്ടില്ല. വൃത്തിയുടെ മുന്തിയ പാഠങ്ങള്‍ പഠിപ്പിച്ചുകൊണ്ട് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ വിതരണം ചെയ്യുന്ന ക്ലോറിന്‍ കലര്‍ത്തിയ കുഴല്‍വെള്ളത്തിലും കുഴല്‍ക്കിണറുകളില്‍നിന്ന് ഊറ്റിയെടുക്കുന്ന വെള്ളത്തിലും നമ്മള്‍ അഭയംതേടി. ഇന്ന് കേരളത്തിലെ ജലാശയങ്ങളില്‍ കുടിക്കാന്‍ കഴിയുന്ന വെള്ളമില്ലെന്നതു പോട്ടെ, ഇറങ്ങിക്കുളിക്കാന്‍ കഴിയുന്ന വെള്ളം പോലും അന്യമാവുകയാണ്.

കാസര്‍കോടു മുതല്‍ കന്യാകുമാരിയോളം തടസ്സമില്ലാതെ നീണ്ട ജലപാതയുണ്ടായിരുന്നു നമുക്ക്. ഇതിലൂടെ സാവധാനം നീങ്ങുന്ന വഞ്ചികളില്‍ യാത്രക്കാരും സാധനങ്ങളും. പുഴകളിലൊക്കെയും തെളിനീര്. നീന്തിത്തുടിക്കുന്ന മീനുകള്‍. കുളിക്കാനും കുടിക്കാനും പുഴവെള്ളം. പാലങ്ങളും ബണ്ടുകളുമില്ല, പുഴയൊഴുക്ക് തടസ്സപ്പെടുത്താന്‍ ആരുമില്ല. പുഴ കായലിലും കായല്‍ കടലിലും അഭയം തേടി. വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും ജലാശയങ്ങളുടെ ഹൃദയതാളമൊരുക്കി. കടല്‍വെള്ളം കായലിലേക്കും പുഴകളിലേക്കും കയറുന്നത് ആരും തടസ്സപ്പെടുത്തിയില്ല. കായലില്‍നിന്ന് കടലിലേക്കും കടലില്‍നിന്ന് കായലിലേക്കും ഒഴുക്കിനൊപ്പം ജലജീവികളും ജലസസ്യങ്ങളും പല കൈമാറ്റങ്ങളും നടത്തിക്കൊണ്ടിരുന്നു. കടലില്‍നിന്ന് ശുദ്ധജലത്തില്‍ വന്ന് മുട്ടയിട്ടുപോകുന്ന ജീവികള്‍, അതുപോലെ ശുദ്ധജലത്തില്‍നിന്ന് കടലിന്റെ ഓരങ്ങളില്‍ പോയി മടങ്ങുന്നവയും. ഭക്ഷണത്തിനും സഞ്ചാരത്തിനും ചരക്കുകള്‍ കൊണ്ടുപോകാനും ആചാരത്തിനും അനുഷ്ഠാനത്തിനുമൊക്കെ മനുഷ്യന്‍ പുഴയെയും കായലിനെയും കടലിനെയും ആശ്രയിച്ചു. പുഴ മനുഷ്യര്‍ക്കൊപ്പവും മനുഷ്യര്‍ പുഴയ്‌ക്കൊപ്പവും നിന്ന നല്ലകാലമായിരുന്നു അത്. പുഴയും കായലും കടലും ഒക്കെ ചേര്‍ന്ന് ജീവിതത്തിന്റെ ഏറ്റവും ലളിതമായ സമവാക്യം ഒരുക്കിയ കാലം.

തുഴയില്‍നിന്ന് ചക്രത്തിലേക്ക്
ജലപാതകള്‍ക്കുപകരം റോഡുകളില്‍ ചക്രങ്ങള്‍ ഉരുണ്ടപ്പോള്‍, ചാലുകളും തോടുകളും ടാറിട്ട വഴികളായി മാറാന്‍ അധിക കാലം വേണ്ടിവന്നില്ല. അവശേഷിച്ച പുഴയൊഴുക്കുകളെ പലകാര്യങ്ങളും പറഞ്ഞ് തടഞ്ഞുനിര്‍ത്തി, ചിലത് തിരിച്ചുവിട്ടു. ജലപ്രവാഹങ്ങളെല്ലാം മിക്കസമയങ്ങളിലും മനുഷ്യരുടെ നിയന്ത്രണത്തിലായി. ഇതെല്ലാം സഹിച്ചിട്ടും ജീവന്‍നശിക്കാതെ നിലനിന്ന ജലാശയങ്ങളെ രാസവളങ്ങളും കീടനാശിനികളും കലക്കി ശ്വാസം മുട്ടിച്ചു. വ്യവസായമാലിന്യങ്ങള്‍ നിറച്ച് മയക്കി, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എറിഞ്ഞ് മരണം ഉറപ്പാക്കി.

നീലിമ തെളിയുന്ന കുഞ്ഞോളങ്ങളും തെളിനീരില്‍ നീന്തുന്ന മീനുകളും ആമ്പല്‍പ്പൂവും കൊറ്റിയും ഞണ്ടും ഒക്കെ ഓര്‍മയില്‍ മാത്രം. മലിനമാകാത്ത പുഴയുടെയോ കായലിന്റെയോ ഒരു തുണ്ടുപോലുമില്ല. കടലിനും രക്ഷയില്ല. കേരളത്തില്‍ വില്‍ക്കുന്ന എല്ലാ ബ്രാന്‍ഡുകളുടെയും സൗജന്യ പരസ്യപ്പലകയാണ് നമ്മുടെ ജലാശയങ്ങള്‍. ഏത് ബ്രാന്‍ഡിന്റെയും പേരെഴുതിയ പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്താന്‍ തിരയുകപോലും വേണ്ട. ചിതറിക്കിടക്കുന്ന പോളകളെക്കാള്‍ അധികമുണ്ട് മിക്കയിടങ്ങളിലും പ്ലാസ്റ്റിക് മാലിന്യം. തെര്‍മോകോള്‍, ചെരുപ്പ്, ബള്‍ബുകള്‍, തുടങ്ങി വെള്ളത്തില്‍ ഉപേക്ഷിച്ചവയുടെ പട്ടിക തീരില്ല. നാട്ടിന്‍പുറമെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ സകലമാലിന്യങ്ങളും ജലാശയമെന്ന വലിയ വേസ്റ്റ്ബാസ്‌കറ്റിലേക്ക് എത്തുന്നു, നേരിട്ടോ, ഇടനിലക്കാര്‍ വഴിയോ പ്ലാസ്റ്റിക്, കീടനാശിനി, രാസവളം, അറവുമാലിന്യം, രാസവസ്തുക്കള്‍, മനുഷ്യവിസര്‍ജ്യം പിന്നെയും എന്തെല്ലാമൊക്കെയോ നിറഞ്ഞ് ഒഴുക്കുനിലച്ച ജലം.
തോറ്റുപോയോ നമ്മുടെ ദേശീയജലപാത?
സ്വതന്ത്ര ഇന്ത്യയില്‍ ജലഗതാഗതത്തിന് വലിയ പ്രാമുഖ്യം ലഭിച്ചില്ല. ഇന്ത്യയിലൊട്ടാകെ ഉള്‍നാടന്‍ ജലഗതാഗത പാതകളുടെ ദൂരം 15000 കിലോമീറ്ററില്‍ താഴെയേ വരൂ. ഇതില്‍ത്തന്നെ സഞ്ചാരയോഗ്യമായവ വളരെക്കുറവും. രാജ്യത്ത് അഞ്ച് ദേശീയജലപാതകള്‍ നിലവിലുണ്ട്. ദേശീയജലപാത-3 കൊല്ലം മുതല്‍ കോട്ടപ്പുറം വരെ നീളുന്നു. വെസ്റ്റ് കോസ്റ്റ് കനാല്‍ (168 കിലോമീറ്റര്‍) ഉദ്യോഗമണ്ഡല്‍ കനാല്‍ (23 കിലോമീറ്റര്‍), ചമ്പക്കര കനാല്‍ (14 കിലോമീറ്റര്‍) എന്നിവ ചേര്‍ത്ത് 205 കിലോമീറ്റര്‍ നീളമാണ് ദേശീയജലപാതയ്ക്ക്. ഇന്‍ലാന്‍ഡ് വാട്ടര്‍വെയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (കണഅക) യ്ക്കാണ് ഉള്‍നാടന്‍ ജലഗതാഗതത്തിന്റെ ചുമതല. 1993 ഫിബ്രവരിയില്‍ കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാതയുടെ പ്രഖ്യാപനം വന്നു. 24 മണിക്കൂറും ചരക്കുഗതാഗതം സാധ്യമാകുന്ന പാതയെന്നതായിരുന്നു ലക്ഷ്യം. ഇതിനായി കൊല്ലം, കായംകുളം, ആലപ്പുഴ, തണ്ണീര്‍മുക്കം, വൈക്കം, വില്ലിങ്ടണ്‍ ദ്വീപ്, മരട്, ആലുവാ, കോട്ടപ്പുറം എന്നിവിടങ്ങളില്‍ ചരക്ക് ടെര്‍മിനലുകളും പദ്ധതിയിലുള്‍പ്പെടുത്തി. ചരക്കുഗതാഗതത്തിന് നികുതിയിളവുകളും പ്രഖ്യാപിച്ചു. എന്നിട്ടും ദേശീയ ജലപാതയിലൂടെ ചരക്കുനീക്കം മാത്രം നടന്നില്ല. വഴിയില്‍ പലയിടത്തും ജലയാനങ്ങള്‍ മണല്‍ത്തിട്ടകളില്‍ തട്ടി നിന്നു. ചീനവലകളും ഊന്നിവലകളും പലയിടത്തും വഴിമുടക്കി. വലകള്‍ സ്ഥാപിച്ചവര്‍ക്ക് അവ മാറ്റാന്‍ നഷ്ടപരിഹാരം കൊടുത്തതും ആഴംകൂട്ടാനായി വാരിയെടുത്ത മണല്‍ വില്‍പ്പന നടത്തിയതുമൊക്കെ അഴിമതിയുടെ തുടര്‍ക്കഥകളായി. ദേശീയ ജലപാതയിലൂടെ പകല്‍പോലും മുഴുവന്‍ ദൂരവും സുഗമമായി സഞ്ചരിക്കാന്‍ ഇപ്പോഴും കഴിയില്ല. വഴികാട്ടികളായി സ്ഥാപിച്ച ബോയകള്‍ പല സ്ഥലങ്ങളിലും അപ്രത്യക്ഷമായി. ദേശീയ ജലപാതയെക്കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. കമ്മീഷന്‍ ചെയ്യുന്ന തീയതിയും ഇടയ്ക്കിടെ മാറ്റി പ്രഖ്യാപിക്കും. കേരളത്തിന്റെ പടിഞ്ഞാറന്‍തീരത്തെ ഒട്ടുമിക്ക പ്രദേശങ്ങളെയും കൊച്ചി തുറമുഖവുമായി ബന്ധിപ്പിക്കാന്‍ കഴിയുന്നവിധത്തില്‍ വിപുലമാണ് നമ്മുടെ ഉള്‍നാടന്‍ ജലപാതകള്‍. ഇവയെ ഉപയോഗപ്പെടുത്താനോ സംരക്ഷിക്കാനോ ശരിയായ നീക്കങ്ങളൊന്നും നടക്കുന്നില്ല എന്നത് അതിവേഗ വികസനത്തോട് നമുക്കുള്ള ആര്‍ത്തികൊണ്ടുകൂടിയാണ്. ചെലവുകുറഞ്ഞ, പരിസ്ഥിതിസൗഹൃദമായ ഈ ഗതാഗതമാര്‍ഗം ഉപയോഗപ്പെടുത്താത്തതിന് കേരളസമൂഹം വരുംകാലങ്ങളില്‍ തീര്‍ച്ചയായും ദുഃഖിക്കേണ്ടിവരും.

കടലും കായലും തമ്മില്‍
കേരളത്തിന്റെ തീരപ്രദേശത്ത് അറബിക്കടലിനു സമാന്തരമായി കിടക്കുന്ന കായല്‍ശൃംഖല നമ്മുടെ ജൈവവ്യവസ്ഥയെ കുറച്ചൊന്നുമല്ല സ്വാധീനിക്കുന്നത്. കായലിനും കടലിനും ഇടയ്ക്കുള്ള കരഭാഗത്തിന്റെ വീതി ചിലയിടങ്ങളില്‍ കഷ്ടിച്ച് മുന്നൂറുമീറ്റര്‍ മാത്രമേയുള്ളൂ. പരമാവധി പന്ത്രണ്ട് കിലോമീറ്ററും. പടിഞ്ഞാറേക്കൊഴുകുന്ന മിക്ക നദികളും കായലുകളില്‍കൂടിയാണ് കടലില്‍ പതിക്കുന്നത്. ചില കായലുകള്‍ സ്ഥിരമായി കടലിലേക്ക് തുറന്നുകിടക്കുമ്പോള്‍ മറ്റു ചിലത് മഴക്കാലത്തു മാത്രം കടലിനോടു ചേരുന്നവയാണ്. കടലിനും കായലിനും ഇടയ്ക്കുള്ള തീരമേഖല കേരളത്തിന്റെ സമ്പദ്ഘടനയില്‍ കാര്യമായി സ്വാധീനം ചെലുത്തുന്നുണ്ട്. മത്സ്യബന്ധനം, അനുബന്ധ വ്യവസായങ്ങള്‍ എന്നിവയ്ക്കു പുറമെ വിനോദസഞ്ചാരവും ഈ മേഖലയുടെ സാമ്പത്തികരംഗത്തിന് കരുത്തുപകരുന്നു. കടലും കായലും നദികളും ചേര്‍ന്ന് രൂപപ്പെടുന്ന ഈ ആവാസവ്യവസ്ഥ പരിസ്ഥിതിലോലമാണ്. നേരിയ വ്യതിയാനങ്ങള്‍പോലും ഇതിനെ തകിടംമറിക്കും. ഉപരിപ്ലവമായ വിഭവശേഖരണവും ഉള്‍ക്കാഴ്ചയില്ലാത്ത വികസനവും പരിധിയില്ലാത്ത മലിനീകരണവും തീരമേഖലയുടെ ജലസമ്പത്തിനെ അതിവേഗം നശിപ്പിക്കുന്നു. ശരാശരി കണക്കനുസരിച്ച് ഒരുവര്‍ഷം 17000 ടണ്‍ മത്സ്യവും 88000 ടണ്‍ കക്കയും കേരളത്തിലെ കായലുകളില്‍നിന്ന് ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന മീനിന്റെയും കക്കയുടെയും തോത് ഇതിന്റെ നാലിലൊന്നില്‍ താഴെയേ വരൂ. കായലോരമേഖലയുടെ നട്ടെല്ലൊടിക്കുന്ന ഈ വ്യതിയാനങ്ങളില്‍ ചില മുന്നറിയിപ്പുകള്‍ ഉണ്ട്.
വലിച്ചെറിയുന്ന വിപത്ത്
ഏതാണ്ട് 30 വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരളത്തിലുള്ളവര്‍ക്ക് വേസ്റ്റ് ബാസ്‌കറ്റ് എന്ന സാധനം അത്ര പരിചിതമായിരുന്നില്ല. പ്ലാസ്റ്റിക് കവറില്‍ കിട്ടുന്ന സാധനങ്ങള്‍ നന്നേ കുറവ്. വാങ്ങുന്നതില്‍ ഒന്നും ഉപേക്ഷിക്കാനില്ല. പിന്നെന്തിന് വേസ്റ്റ് ബാസ്‌കറ്റ്? ഇന്ന് വാങ്ങുന്നതില്‍ പകുതിയും ഉപേക്ഷിക്കാനുള്ളതാണ്. യൂസ് ആന്‍ഡ് ത്രോ സംസ്‌കാരം വളരെ വേഗത്തില്‍ വേരുപിടിപ്പിച്ച് വളര്‍ത്തിയെടുത്തു നമ്മള്‍. ചില്ലുഭരണിയിലെ കവറില്ലാത്ത നാരങ്ങാമിഠായില്‍നിന്ന് വര്‍ണക്കവറുകളുള്ള നിരവധി മിഠായികളിലേക്ക്, കഴുത്തില്‍ കല്ലുവട്ട് കുടുക്കിവെച്ച സോഡാകുപ്പികളില്‍നിന്ന് വിവിധ ബ്രാന്‍ഡിലുള്ള പാനീയങ്ങളുടെ പ്ലാസ്റ്റിക് കുപ്പികളിലേക്ക്, ചോറു പൊതിഞ്ഞിരുന്ന വാഴയിലയില്‍നിന്ന് പ്ലാസ്റ്റിക് ക്യാരി ബാഗുകളിലേക്ക്... അങ്ങനെ നമ്മുടെ ഓരോ പുരോഗമനവും പൊതുവിടങ്ങളിലേക്ക് എത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവ് വര്‍ധിപ്പിച്ചുകൊണ്ടിരുന്നു. പെട്ടിക്കടകള്‍മുതല്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍വരെ ഓരോ ദിവസവും കേരളീയര്‍ക്കായി തന്നുവിടുന്ന പ്ലാസ്റ്റിക്കിന്റെ അളവും എണ്ണവുമൊന്നും കണക്കാന്‍ എളുപ്പമല്ല. ഇവ ഉപയോഗശേഷം എന്തുചെയ്യണമെന്ന കാര്യത്തില്‍ ഏറെക്കുറെ നിരക്ഷരരാണ് നൂറുശതമാനം സാക്ഷരതയുള്ള കേരളസമൂഹം. മിഠായിക്കടലാസുകള്‍ ഉപേക്ഷിക്കുന്നതില്‍ തുടങ്ങി, പ്ലാസ്റ്റിക് കൂമ്പാരങ്ങള്‍ കത്തിക്കുന്നതുവരെ നീളുന്നു നമ്മുടെ ഈ നിരക്ഷരത. നമ്മള്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഒരുശതമാനംപോലും ശരിയായവിധത്തില്‍ ശേഖരിച്ച് സംസ്‌കരിക്കുകയോ പുനരുപയോഗിക്കുകയോ ചെയ്യുന്നില്ല. മാതൃഭൂമി സീഡ് ആണ് ലവ് പ്ലാസ്റ്റിക് പദ്ധതിയിലൂടെ പ്ലാസ്റ്റിക് റീസൈക്ലിങ്ങിന് ഒരു പദ്ധതി കേരളത്തില്‍ വിജയകരമായി നടപ്പിലാക്കിയത്.

കടകളില്‍ നിറയുന്ന എല്ലാ പ്ലാസ്റ്റിക് കവറുകളും ചുരുങ്ങിയ കാലത്തിനകം പൊതുഇടങ്ങളില്‍ എത്താനുള്ളവയാണ്. ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യത്തില്‍ 60 ശതമാനത്തോളം പലവഴികളിലൂടെ ജലാശയങ്ങളിലെത്തുന്നു. കായലിന്റെയും പുഴകളുടെയും അടിത്തട്ടില്‍ ക്രമാതീതമായി അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വെള്ളത്തിന്റെ സ്വാഭാവിക ഗതി തടസ്സപ്പെടുത്തിക്കൊണ്ട് ഒരു അട്ടിയായി രൂപപ്പെട്ടുകഴിഞ്ഞു. എക്കല്‍നിക്ഷേപം ഈ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കുമേലെ മറ്റൊരു അട്ടിയുണ്ടാക്കും. ഇങ്ങനെ ജലാശയത്തിന്റെ അടിത്തട്ട് ജലസംക്രമണം സാധ്യമല്ലാത്ത വിധത്തിലാവും. ജലാശയങ്ങളുടെ അടിത്തട്ടില്‍ ജീവിക്കുന്ന ജീവജാലങ്ങളെയാണ് പ്ലാസ്‌ററിക് മാലിന്യം ആദ്യം ബാധിക്കുക. ചെളിക്കൂനകളില്‍ തുളകള്‍ ഉണ്ടാക്കി അതിനുള്ളില്‍ കഴിയുന്ന ജീവി വര്‍ഗങ്ങളുടെ വാസസ്ഥലം നഷ്ടമാവും. അടിത്തട്ടില്‍ വളരുന്ന ചെടികളുടെ നിലനില്‍പ്പും അപകടത്തിലാവും.

അഷ്ടമുടിയുടെ ആഴങ്ങള്‍...
അഷ്ടമുടിക്കായലിനെ മലിനമാക്കുന്നതില്‍ പ്രധാന പങ്കുണ്ട് കയര്‍ വ്യവസായത്തിന്. കായലിന്റെ ആഴം കുറഞ്ഞ ഭാഗങ്ങളെല്ലാം തൊണ്ട് അഴുക്കുന്നതിന് വ്യാപകമായി ഉപയോഗിക്കുന്നു. തൊണ്ട് അഴുകുമ്പോള്‍ വെള്ളത്തില്‍ കലരുന്ന ഹൈഡ്രജന്‍ സള്‍ഫൈഡ് വാതകം ആവാസവ്യവസ്ഥയ്ക്ക് കടുത്ത ഭീഷണിയുയര്‍ത്തുന്നു. കയര്‍ മേഖലകളില്‍ കായലിലെ ഹൈഡ്രജന്‍ സള്‍ഫൈഡിന്റെ സാന്ദ്രത ലിറ്ററിന് 50 മില്ലി ലിറ്ററിലധികമായി രേഖപ്പെടുത്തിയിട്ടുണ്ട്. കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ്, കേരള സെറാമിക്‌സ് ലിമിറ്റഡ്, അലുമിനിയം ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് തുടങ്ങി വ്യവസായങ്ങളുടെ നിരതന്നെയുണ്ട് അഷ്ടമുടികായലോരത്ത്. ഈ മേഖലയിലെ വ്യവസായ മലിനീകരണവുമായി ബന്ധപ്പെട്ട് പ്രതിവര്‍ഷം നൂറോളം വാര്‍ത്തകളെങ്കിലും പത്രത്താളുകളിലിടം പിടിക്കുന്നു. എന്നിട്ടും കായല്‍ ജലത്തിന്റെ പരിശോധനാഫലങ്ങളെല്ലാം നമ്മെ വീണ്ടും വീണ്ടും പേടിപ്പിക്കുകയാണ്. പ്രതിഷേധങ്ങളും പ്രചാരണങ്ങളും വാര്‍ത്തകളും തുടരുന്നുണ്ട്, ഒപ്പം ജലമലിനീകരണത്തിന്റെ തോതും. നീണ്ടകര അഴിമുഖത്തിലൂടെ തടസ്സമില്ലാതെ കടലുമായി ചേര്‍ന്നുകിടക്കുന്നതും കല്ലടയാറില്‍നിന്നുള്ള വര്‍ധിച്ച ജലപ്രവാഹവുമാണ് അഷ്ടമുടികായലില്‍ ജീവന്‍ നിലനിര്‍ത്തുന്നത്. ചവറമുതല്‍ പന്മനവരെയുള്ള കനാലില്‍ ദേശീയ ജലപാതയ്ക്കിരുവശവും നിബിഡമായ ജനവാസ മേഖലയാണ്. സ്വാഭാവികമായ ഒഴുക്കില്ലാത്ത ഇവിടം വീതികുറഞ്ഞ സ്ഥലമായതിനാല്‍ മാലിന്യപ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്നു. രാസമാലിന്യങ്ങളുടെ വര്‍ധിച്ച സാന്നിധ്യവുമുണ്ട്. മനുഷ്യ വിസര്‍ജ്യവും വലിയതോതില്‍ മലിനീകരണമുണ്ടാക്കുന്നു.

കാര്‍ത്തികപ്പള്ളി മുതല്‍ പന്മനവരെ വ്യാപിച്ചുകിടക്കുന്ന കായംകുളം കായല്‍, ടൂറിസത്തില്‍നിന്നും വ്യവസായങ്ങളില്‍നിന്നും മലിനീകരണം നേരിടുന്നുണ്ട്. മുപ്പതുകിലോമീറ്ററോളം നീളുന്ന ഈ കായലിന് വീതിയും ആഴവും കുറവാണ്. കായംകുളം കായലിന്റെ തീരത്തുള്ള എന്‍.ടി.പി.സി. പ്ലാന്റ് നിര്‍മാണ ഘട്ടത്തില്‍ ഈ പ്രദേശത്തെ സ്വാഭാവിക ജലനിര്‍ഗമനമാര്‍ഗങ്ങളില്‍ പലതും അടഞ്ഞുപോയി. വയല്‍ പ്രദേശങ്ങളും വ്യാപകമായി നികത്തി. പ്ലാന്റ് കൊച്ചിയിലേക്ക് മാറ്റിസ്ഥാപിക്കാനാണ് ഇപ്പോള്‍ ശ്രമം.

കായംകുളം കായല്‍ മുതല്‍ തോട്ടപ്പള്ളിവരെ വീതികുറഞ്ഞതാണ് ദേശീയജലപാത. തോട്ടപ്പള്ളി സ്പില്‍വേയ്ക്കടുത്ത് പമ്പയാറിന്റ ശാഖ കടലില്‍ പതിക്കുന്ന സ്ഥലം കായലിന്റെ പ്രതീതി ജനിപ്പിക്കും. വേനല്‍ക്കാലങ്ങളില്‍ തോട്ടപ്പള്ളിയിലെ പൊഴി കടലുമായി വേര്‍പ്പെട്ടുകിടക്കും.

തോട്ടപ്പള്ളിയില്‍നിന്ന് ദേശീയജലപാത പമ്പയാറ്റിലൂടെയാണ് നീളുന്നതെങ്കിലും കഞ്ഞിപ്പാടത്തിനടുത്തുവരെ നീളുന്ന വീതികുറഞ്ഞ തോടാണ് ജലപാതയായി ഉപയോഗപ്പെടുത്തുന്നത്. കഞ്ഞിപ്പാടം മുതല്‍ പുന്നമടക്കായല്‍വരെ പമ്പയാറ്റില്‍ മാലിന്യ പ്രശ്‌നങ്ങള്‍ താരതമ്യേന കുറവാണ്. പമ്പയാറ്റില്‍ മിക്ക സമയങ്ങളിലും ഒഴുക്കുള്ളതിനാല്‍ കെട്ടികിടക്കുന്നമാലിന്യങ്ങളുടെ തോതും കുറവാണ്.
ജീവന്‍ പൂക്കുന്ന ആമ്പല്‍
ആമ്പല്‍പ്പൂക്കള്‍ കേരളത്തിലെ ജലാശയങ്ങളില്‍ നിറയെയുണ്ടായിരുന്നു. ധാരാളം ജലജീവികളുടെ ആവാസകേന്ദ്രവും. മത്സ്യങ്ങള്‍ മുട്ടയിടാനും കുഞ്ഞുങ്ങളെ വിരിയിക്കാനും തമ്പടിച്ചിരുന്ന ഈ ഇടത്താവളങ്ങള്‍ ഇന്ന് അപൂര്‍വ കാഴ്ചയാണ്. കൃഷിക്കായി ഉപയോഗിക്കുന്ന കീടനാശിനികളും രാസവളങ്ങളും വെള്ളത്തില്‍ കലര്‍ന്നതോടെ ആമ്പലുകളുടെ കുലംമുടിഞ്ഞുതുടങ്ങി. ആമ്പലിന്റെ മാത്രമല്ല, മറ്റു ജലസസ്യങ്ങളുടെ സ്ഥിതിയും ഇതുതന്നെ. ജലത്തിനടിയില്‍ വളരുന്ന പായല്‍ വര്‍ഗത്തിലുള്ള സസ്യങ്ങളുടെ സാന്നിധ്യം എഴുപതുശതമാനത്തോളം കുറഞ്ഞിട്ടുണ്ടെന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ഇത്തരം സസ്യങ്ങള്‍ ഇല്ലാതാകുന്നതോടെ മീനുകള്‍ക്ക് മുട്ടയിടാനുള്ള താവളങ്ങള്‍ നഷ്ടമാവുകയും അവയുടെ എണ്ണംകുറഞ്ഞ് വംശനാശത്തിലേക്ക് നീങ്ങുകയും ചെയ്യും. കായലില്‍ നിന്നുള്ള മത്സ്യ ലഭ്യതയുടെ കുറവും ഇത്തരം സസ്യങ്ങളുടെ എണ്ണത്തിലെ കുറവും പരസ്പരം പൊരുത്തപ്പെടുന്ന കണക്കുകളാണ് നല്‍കുന്നത്. വെള്ളത്തില്‍ ഓക്‌സിജന്റെ അളവ് നിലനിര്‍ത്തുന്നതിലും ജലസസ്യങ്ങള്‍ക്ക് പ്രധാന പങ്കുണ്ട്.

ഒരേയൊരു കുട്ടനാട്
ലോകത്തിലെതന്നെ ഏറ്റവും വ്യത്യസ്തമായ ആവാസ വ്യവസ്ഥയാണ് കുട്ടനാട്. സമുദ്രനിരപ്പില്‍നിന്നും രണ്ടുമീറ്ററിലധികം താഴ്ചയുള്ള പ്രദേശങ്ങള്‍ കുട്ടനാട്ടിലുണ്ട്. ഏറ്റവും ഉയര്‍ന്ന പ്രദേശത്തിന് സമുദ്രനിരപ്പില്‍നിന്ന് അര മീറ്റര്‍ മാത്രമേയുള്ളു ഉയരം. ശുദ്ധജലവും ഉപ്പുവെള്ളവും കുട്ടനാട്ടില്‍ കാലം തെറ്റാതെ കയറിയിറങ്ങി. ശുദ്ധജല സമൃദ്ധിയുള്ള മഴക്കാലത്ത് രണ്ടുതവണ മാത്രമായിരുന്നു കുട്ടനാട്ടിലെ നെല്‍കൃഷി. പുഴവെള്ളം കുറയുന്ന വേനല്‍ക്കാലത്ത്, കടല്‍വെള്ളം കയറും. രണ്ട് വിളക്കാലത്തിനുശേഷം വയലിനും കര്‍ഷകനും വിശ്രമത്തിനുള്ള ഒരിടവേള. ഉപ്പുവെള്ളം കയറി കുട്ടനാടിന്റെ ആവാസവ്യവസ്ഥയെ ശുദ്ധീകരിച്ച് പുനര്‍ജീവിപ്പിച്ചിരുന്ന ഒഴിവുകാലം. 500 ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ചുകിടന്നിരുന്ന ഈ പ്രദേശമാണ് കേരളത്തിന്റെ വിശപ്പുമാറ്റിയിരുന്നത്. പമ്പയാറും മീനച്ചിലാറും അച്ചന്‍കോവിലാറും മണിമലയാറും ഒഴുക്കിക്കൊണ്ടുവരുന്ന എക്കലില്‍ നിന്ന് കുട്ടനാടന്‍ കര്‍ഷകന്‍ നെല്ല് വിളയിച്ചു. കടല്‍വെള്ളം തടയുന്നതിനായി തണ്ണീര്‍മുക്കത്ത് ബണ്ടും തോട്ടപ്പള്ളിയില്‍ സ്പില്‍വേയും വന്നതോടെ കുട്ടനാടിന്റെ സ്വാഭാവിക പരിസ്ഥിതിയാകെ തകിടം മറിഞ്ഞു. വര്‍ഷത്തില്‍ രണ്ടുതവണ നടത്തിയിരുന്ന കൃഷി മൂന്നുതവണയാക്കാന്‍ കഴിഞ്ഞു എന്നത് നേട്ടംതന്നെ. ഈയൊരു നേട്ടത്തിനു മുന്‍പില്‍ മറ്റു പാരിസ്ഥിതിക പ്രശ്നങ്ങളെല്ലാം മാഞ്ഞു പോകുകയും ചെയ്തു.

കായലില്‍നിന്ന് കടലിലേക്കും കടലില്‍നിന്ന് കായലിലേക്കും സ്വാഭാവികമായ ഒഴുക്ക് തടഞ്ഞതോടെ കുട്ടനാടിന്റെ ജൈവസംവിധാനം താളംതെറ്റി. മീനുകളുടെ പ്രജനനം കുറഞ്ഞ് മത്സ്യ സമ്പത്ത് ഗണ്യമായി കുറഞ്ഞു. കൊഞ്ച് ഇനത്തില്‍പ്പെട്ട ജീവികളും കക്കയും കുറഞ്ഞു. കടല്‍ജലം അതേപോലെ കായലുകളിലേക്കും പുഴകളിലേക്കും തോടുകളിലേക്കും എത്തുകയായിരുന്നില്ല. കടല്‍ജലവും ശുദ്ധജലവും കലര്‍ന്ന് നേരിയ ഉപ്പുകലര്‍ന്ന ഓരുവെള്ളമായിരുന്നു കുട്ടനാട്ടില്‍ എത്തിയിരുന്നത്. അപകടകാരികളായ പല ബാക്ടീരിയകളെയും ഇല്ലാതാക്കാന്‍ ഈ ഓരു വെള്ളം സഹായിച്ചിരുന്നു. ആഫ്രിക്കന്‍ പായല്‍പോലെയുള്ള കളകളും ഓരുവെള്ളത്തില്‍ നശിച്ചു. കടലും കായലും തമ്മിലുള്ള ഈ കൊടുക്കല്‍ വാങ്ങലിന് അനേകം നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പ്രകൃതിദത്തമായ ഈ ഇടപെടലാണ് കുട്ടനാടിന്റെ ആവാസ വ്യവസ്ഥ ഉണ്ടാക്കിയെടുത്തത്. മഴക്കാലത്ത് നദികളില്‍ നിന്നെത്തുന്ന വെള്ളത്തിന്റെ ഒഴുക്ക് കടല്‍വെള്ളം കായലിലേക്ക് കടക്കാതെ കാക്കും. വേനലില്‍ പുഴയൊഴുക്ക് കുറയുമ്പോഴാണ് കടല്‍വെള്ളം കായലിലേക്ക് കടക്കുന്നത്. കുട്ടനാട്ടിലെ നീരൊഴുക്കിന്റെ ഈ സ്വാഭാവിക ഗതിക്കാണ് തണ്ണീര്‍മുക്കം ബണ്ട് തടയിട്ടത്. അതോടെ കെട്ടിക്കിടക്കുന്ന വെള്ളം കുട്ടനാടിന്റെ ശാപമായി മാറുകയും ചെയ്തു.
ടൂറിസം കൊല്ലുന്ന കായല്‍പ്പരപ്പ്
ആലപ്പുഴ കേന്ദ്രീകരിച്ച് കായല്‍ ടൂറിസം വളര്‍ന്നതോടെ മലിനീകരണത്തിന്റെ തോത് പതിന്മടങ്ങായി. ബോട്ടുകളില്‍നിന്നുള്ള കക്കൂസ് മാലിന്യമടക്കം നമ്മുടെ ജലസമ്പത്തിന് ഭീഷണിയാവുന്നു. ആയിരത്തിലധികം ഹൗസ്‌ബോട്ടുകള്‍ പുന്നമടക്കായലില്‍ ടൂറിസ്റ്റുകള്‍ക്കായി സഞ്ചരിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. സഞ്ചാരികള്‍ കായലിലേക്ക് തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് പരിധിയില്ല. കുപ്പികള്‍ മറ്റു പ്ളാസ്റ്റിക് വസ്തുക്കള്‍ തുടങ്ങിയവ വെള്ളത്തിന്റെ മേല്‍ത്തട്ടില്‍ ആവരണം തീര്‍ക്കുന്നു. യന്ത്രവത്കൃത ബോട്ടുകളില്‍ നിന്ന് വെള്ളത്തില്‍ കലരുന്ന വിവിധതരം എണ്ണകളുടെ പാടയും ജലോപരിതലത്തില്‍ രൂപപ്പെടുന്നു. ഇത് വെള്ളവും വായുവും തമ്മിലുള്ള ശരിയായ സമ്പര്‍ക്കം ഇല്ലാതാക്കുന്നു. ഇങ്ങനെ മുകളിലും താഴെയും മാലിന്യപ്പാളി രൂപപ്പെടുന്നതോടെ വെള്ളത്തിലെ ഓക്സിജന്റെ അംശം ക്രമാതീതമായി കുറയുകയും ജീവജാലങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുകയും ചെയ്യുന്നു.
കക്ക വാരുമ്പോള്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കൂടുതല്‍ കിട്ടുന്നതെന്ന് വേമ്പനാട്ടുകായലിലെ തൊഴിലാളികള്‍ പറയുന്നു. ഇങ്ങനെ കിട്ടുന്ന മാലിന്യങ്ങള്‍ അവര്‍ വീണ്ടും കായലിലേക്കുതന്നെ വലിച്ചെറിയും. ചിലരൊക്കെ മുന്‍പ് കായലില്‍നിന്ന് കിട്ടുന്ന പ്ലാസ്റ്റിക് മലിന്യങ്ങളെല്ലാം വഞ്ചിയില്‍ കൂട്ടിവെച്ച് കരയില്‍ കൊണ്ടുപോയി നിക്ഷേപിക്കുമായിരുന്നു. പക്ഷേ, കരയില്‍ നിന്ന് ഇത് വീണ്ടും കായലിലേക്ക് തട്ടുകയോ കൂട്ടിയിട്ട് കത്തിക്കുകയോ ചെയ്യേണ്ടിവന്നതോടെ ഈ പാഴ്വേല ഉപേക്ഷിച്ചെന്ന് തൊഴിലാളികള്‍ പറയുന്നു.
കളിയല്ല കായല്‍
കായലുകളുടെ സ്വാഭാവിക ജൈവസംവിധാനം സങ്കീര്‍ണമാണ്. ഉപ്പുവെള്ളവും ശുദ്ധജലവും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ നിസ്സാരമല്ല. കടലില്‍നിന്ന് കായലിലേക്കും പുഴയിലേക്കും ഉപ്പ് പടരുന്നതുപോലെ പുഴയില്‍ നല്ല ഒഴുക്കുള്ളപ്പോള്‍ അഴിമുഖങ്ങളില്‍ ഏറെദൂരം കടലില്‍ ശുദ്ധജലമുണ്ടാകുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. കടല്‍ ജീവികളുടെയും ശുദ്ധജലജീവികളുടെയും ജീവിത ചക്രത്തില്‍ ഈ പ്രത്യേക ജലസങ്കലനങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ഇണചേരല്‍, മുട്ടയിടല്‍, ദേശാടനം തുടങ്ങിയ ജൈവ പ്രക്രിയകള്‍ക്കും ഇതുമായി ബന്ധമുണ്ട്. വേലിയേറ്റ ഇറക്കങ്ങളും പുഴയുടെ ഒഴുക്കും ഒക്കെ ചേര്‍ന്ന് സദാ ചലനാത്മകമാണ് ഈ ജൈവാവസ്ഥ. മുകളിലെ പാളിയില്‍ ശുദ്ധജലവും താഴെപാളിയില്‍ ഉപ്പുവെള്ളവും വരുന്ന അവസ്ഥകളും കായലുകളില്‍ ഉണ്ടാവാറുണ്ട്. ഇതൊക്കെയും കായലിന്റെ ആരോഗ്യകരമായ നിലനില്‍പ്പിനും ജൈവവൈവിധ്യത്തിനും ആവശ്യമാണ്. കായലുകളില്‍ ഓരോ സമയത്തും കാണപ്പെടുന്ന ജലത്തിന്റെ ലവണാംശത്തിന്റെ തോതിനനുസരിച്ച് ജീവികള്‍ക്കും സസ്യങ്ങള്‍ക്കും മണ്ണിന്റ ഘടനയ്ക്കുപോലും വ്യത്യാസം വരാറുണ്ട്. ഈ മാറ്റങ്ങളാണ് കായലുകളെ ജീവത്തായി നിലനിര്‍ത്തുന്നത്. ചെളിത്തട്ടില്‍ വളരുന്ന ചിലയിനം ആല്‍ഗകള്‍ കായലിന്റെ പ്രധാന ജീവസാന്നിധ്യമാണ്. കായലുകളിലെ ലവണത 0.5 PPM (patsr per million) മുതല്‍ 40 PPM വരെ വ്യത്യാസപ്പെടാറുണ്ട്. ഈ ലവണാംശ വ്യത്യാസത്തില്‍ ഓരോന്നിലും വളരുന്ന സസ്യങ്ങളും കാണപ്പെടുന്ന ജീവികളും ഒക്കെ വ്യത്യസ്തമാണ്. ലവണാംശത്തിന്റെ സ്വാഭാവികമായ വ്യതിയാനം തടസ്സപ്പെടുമ്പോള്‍ കായലുകളിലെ ജൈവസന്തുലനാവസ്ഥയാണ് തകിടം മറിയുന്നത്.
കായലുകളിലെ ജീവികള്‍ സ്വാഭാവികമായി പലതരം മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിവുള്ളവയാണ്. വെള്ളത്തിലെ ഉപ്പിന്റെ അളവിലെ വ്യത്യാസം, ഊഷ്മാവിലെ വ്യതിയാനം, ഒഴുക്ക്, കലങ്ങിമറിഞ്ഞ വെള്ളം ഇവയൊക്കെ അതിജീവിക്കാന്‍ ഇവയ്ക്കാവും. ഉപ്പിന്റെ അളവനുസരിച്ച് താത്കാലികമായി കായലില്‍ ജീവിക്കുന്നവയുമുണ്ട്. തീറ്റതേടിയും മീനുകള്‍ കടലില്‍നിന്ന് കായലുകളിലേക്ക് എത്തും. അയല, കണമ്പ്, ഏട്ട എന്നിവയും കായലുകളില്‍ കാണപ്പെടാറുണ്ട്. കായലിലെ ശുദ്ധജലമത്സ്യങ്ങളില്‍ പ്രധാനം കരിമീനും പള്ളത്തിയും വിവിധതരം പരലുകളുമാണ്. നാരച്ചെമ്മീന്‍, കാരച്ചെമ്മീന്‍, പൂവാലന്‍ ചെമ്മീന്‍, കരിക്കാടി ചെമ്മീന്‍ എന്നിവയാണ് കടലില്‍ നിന്നെത്തുന്ന കൊഞ്ചുവര്‍ഗങ്ങള്‍. ആറ്റുകൊഞ്ചുകളെ കായലിലെ ലവണതകുറഞ്ഞ സ്ഥലങ്ങളില്‍ മാത്രമേ കാണാറുള്ളു. തണ്ണീര്‍മുക്കം ബണ്ട് വന്നതോടെ പുന്നമടക്കായലിലെ മത്സ്യങ്ങളുടെ എണ്ണം പകുതിയിലും താഴെയായി. ഞണ്ടുകളും കൊഞ്ച് വര്‍ഗത്തില്‍പ്പെട്ട ജീവികളും കുറഞ്ഞു. കക്കയുടെ എണ്ണവും താഴേക്കുതന്നെ. ഏതാണ്ട് ഇതേ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കുട്ടനാടന്‍ പ്രദേശങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. കൃഷിയെ ആശ്രയിച്ചാണ് കുട്ടനാട്ടിലെ ജീവിതം. നെല്‍കൃഷിയില്‍ ക്രമാതീതമായി രാസവളങ്ങളും കീടനാശിനികളും വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയതോടെ കുട്ടനാടിന്റെ അവസ്ഥ കൂടുതല്‍ ദാരുണമായി. കുട്ടനാട്ടിലെ വെള്ളത്തില്‍ രാസവസ്തുക്കളുടെ സാന്നിധ്യം ക്രമാതീതമായി വര്‍ധിച്ചു. നിരവധി ജലസസ്യങ്ങള്‍ കൂട്ടത്തോടെ നശിച്ച് കുട്ടനാട്ടില്‍ ധാരാളമുണ്ടായിരുന്ന പലയിനം തവളകളെയും ഇന്ന് കാണാനില്ല. വരാല്‍ വര്‍ഗത്തില്‍പ്പെട്ട മീനുകളുടെ എണ്ണം നന്നേകുറഞ്ഞു. കാരി തുടങ്ങി വെള്ളത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന മീനുകളുടെ എണ്ണത്തിലും കാര്യമായ കുറവ് വന്നിട്ടുണ്ട്. ചേറുമീന്‍ എന്നറിയപ്പെടുന്ന വലിയ വരാല്‍ മത്സ്യം കിട്ടാനേയില്ല എന്ന സ്ഥിതിയാണ്. ആറ്റുകൊഞ്ചിന്റെ സ്ഥിതിയും വ്യത്യസ്തമല്ല.

കായല്‍ജലത്തിന്റെ ഊഷ്മാവില്‍ വരുന്ന മാറ്റങ്ങളും പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. കടലില്‍നിന്ന് എത്തുന്ന ജീവികള്‍ക്ക് കായലിലെ വര്‍ധിച്ച ഊഷ്മാവില്‍ ജീവിക്കാനാവില്ല. സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുന്നതാണ് കായല്‍ജലത്തിന്റെ ഊഷ്മാവ് ക്രമാതീതമായി ഉയരാനിടയാക്കുന്നത്. കടലില്‍നിന്നും പുഴകളില്‍നിന്നും അടിയുന്ന വിവിധയിനം മണ്ണിന്റെ കലര്‍പ്പാണ് കായല്‍ത്തറകളിലുള്ളത്. പുഴകളിലെ വെള്ളവും കായല്‍ജലവും പരസ്പരം കൂട്ടിമുട്ടുമ്പോള്‍ കായലിന്റെ അടിത്തട്ടില്‍ മണ്ണും എക്കലും അടിയുന്നതിന്റെ തോത് വളരെ കൂടുതലായിരിക്കും. അതുകൊണ്ടാണ് കായലിന്റെ മധ്യഭാഗങ്ങളില്‍പ്പോലും തിട്ടകള്‍ രൂപപ്പെടുന്നത്. ഇങ്ങനെ രൂപപ്പെടുന്ന തിട്ടകള്‍ എല്ലാകാലത്തും ഒരേ സ്ഥലത്തായിക്കൊള്ളണമെന്നില്ല. ജലപ്രവാഹത്തിന്റെ ഗതിമാറ്റത്തിനനുസരിച്ച് തിട്ടകള്‍ രൂപപ്പെടുന്ന സ്ഥാനത്തിനും മാറ്റമുണ്ടാവാം. ഈ എക്കല്‍ നിക്ഷേപത്തിലേക്കാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എത്തിപ്പെടുന്നത്.

ജലത്തിലെ ഓക്‌സിജന്റെ അളവ് വളരെ പ്രധാനമാണ്. കായലുകളിലെ വെള്ളത്തില്‍ ഓക്‌സിജന്റെ അളവില്‍ വലിയ വ്യത്യാസങ്ങള്‍ തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ഒട്ടുമിക്ക സ്ഥലങ്ങളിലും മഴക്കാലത്ത് മാത്രമാണ് ജലത്തില്‍ ആവശ്യത്തിന് ഓക്‌സിജന്‍ സാന്നിധ്യമുള്ളത്. വെള്ളത്തിന്റെ ലവണതയ്ക്കനുസരിച്ച് ഓക്‌സിജന്റെ അളവില്‍ വ്യത്യാസം വരും. ജലസസ്യങ്ങള്‍ ജലത്തിലെ ഓക്‌സിജന്റെ അളവ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. തെളിഞ്ഞവെള്ളത്തില്‍ കൂടുതല്‍ സൂര്യപ്രകാശം വെള്ളത്തിനടിയില്‍ എത്തുകയും ജലസസ്യങ്ങള്‍ പ്രകാശസംശ്ലേഷണത്തിലൂടെ കൂടുതല്‍ ഓക്‌സിജന്‍ പുറത്തുവിടുകയും ചെയ്യും. എന്നാല്‍ ജലത്തില്‍ മാലിന്യങ്ങള്‍ പെരുകി സൂര്യപ്രകാശത്തിന്റെ തോത് കുറയുന്നതോടെ ജലസസ്യങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാവുകയും ജലത്തിലെ ഓക്‌സിജന്റെ അളവ് കുറയുകയും ചെയ്യുന്നു. പോളനിറഞ്ഞ് സൂര്യപ്രകാശം തടസ്സപ്പെടുമ്പോഴും വെള്ളത്തിന്റെ ഓക്‌സിജന്റെ അളവ് ക്രമാതീതമായി താഴും. വെള്ളത്തിന്റെ അടിത്തട്ടില്‍ വസിക്കുന്ന ജീവികള്‍ക്ക് കുറഞ്ഞതോതില്‍ മാത്രമേ ഓക്‌സിജന്‍ ആവശ്യമുള്ളു. എന്നാല്‍ ഉപരിതലത്തില്‍ ജീവിക്കുന്നവയ്ക്ക് കൂടിയ അളവില്‍ ഓക്‌സിജന്‍ ആവശ്യമാണ്. പലകാരണങ്ങള്‍കൊണ്ടും വെള്ളത്തിലെ ഓക്‌സിജന്റെ അളവ് വ്യത്യസപ്പെടാം. അഷ്ടമുടിക്കായലില്‍ ലിറ്ററിന് ശരാശരി ഒന്‍പത് മില്ലി ലിറ്ററാണ് ഉപരിതലത്തിലെ ഓക്‌സിജന്റെ അളവ്. അടിത്തട്ടില്‍ ഇത് ലിറ്ററിന് 7.5 മില്ലി ലിറ്റര്‍വരെ കുറയാറുമുണ്ട്. മലിനീകരണത്തിന്റെ തോത് കൂടുന്നതനുസരിച്ച് ഓക്‌സിജന്റെ അളവ് തീരെ കുറയുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ കാലവര്‍ഷത്തിനുശേഷം നദീജലം ഒഴുകിയെത്തുന്ന സമയങ്ങളില്‍ കായലുകളിലെ വെള്ളത്തില്‍ ഓക്‌സിജന്റെ അളവ് കൂടും.
കൈയൊഴിഞ്ഞ കനോലി കനാല്‍
കോട്ടപ്പുറം മുതല്‍ വടക്കോട്ട് കുറച്ചുദൂരം കൂടി കായല്‍യാത്ര സാധ്യമാവും. പിന്നെ കരുവന്നൂര്‍ പുഴയിലെത്താം. ഇതിനിടയിലുള്ള ഭാഗങ്ങളില്‍ മലിനീകരണം കുറവാണെങ്കിലും പലയിടങ്ങളിലും പോള തിങ്ങിനിറഞ്ഞ് ഗതാഗതം തടസ്സപ്പെടുത്തുന്നു. കായലുകളെയും കനാലിന്റെ ഭാഗങ്ങളെയും അപേക്ഷിച്ച് പുഴകളില്‍ മാലിന്യങ്ങള്‍ കുറവാണെന്നത് പൊതുവായ പ്രത്യേകതയാണ്. കൊടുങ്ങല്ലൂരില്‍നിന്ന് കോഴിക്കോട് വരെ നീളുന്ന കനോലി കനാലായിരുന്നു മധ്യകേരളത്തെ മലബാറുമായി ബന്ധിപ്പിച്ചിരുന്ന ജലപാത. ഇടയിലുള്ള പുഴകളെയും ജലാശയങ്ങളെയും കൂട്ടിമുട്ടിച്ചാണ് ഈ പാതയൊരുക്കിയത്. 1850-ഓടെ കനാലിന്റെ പണി പൂര്‍ത്തിയായി. മലബാര്‍ ജില്ലാ കളക്ടറായിരുന്ന എച്ച്.വി. കനോലിയുടെതായിരുന്നു ഈ ജലപാതയുടെ ആശയം. അദ്ദേഹത്തിന്റെ മരണശേഷം ഈ ജലപാത കനോലി കനാല്‍ എന്നറിയപ്പെടുകയും ചെയ്തു. റോഡും റെയില്‍പ്പാളങ്ങളുമില്ലാതിരുന്നകാലത്ത് തോണികളും ചങ്ങാടങ്ങളുമൊക്കെയായി ആയിരക്കണത്തിന് ജലയാനങ്ങളാണ് ഈ കനാലിലൂടെ സഞ്ചരിച്ചിരുന്നത്. ആദ്യം എലത്തൂര്‍ പുഴയെ കല്ലായിപ്പുഴയോട് യോജിപ്പിച്ചു. കല്ലായിപ്പുഴയെയും ബേപ്പൂര്‍ പുഴയെയും ബന്ധിപ്പിച്ചു. പിന്നീടാണ് പൊന്നാനിമുതല്‍ ചാവക്കാടുവരെയുള്ള ഭാഗങ്ങളിലെ ജലാശയങ്ങളെയും ബന്ധിപ്പിച്ചത്. കനാലിലൂടെ ഉപ്പുവെള്ളം കയറാതിരിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ ഉണ്ടാവുമെന്ന് കനോലി സായിപ്പ് കര്‍ഷകര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. ജലയാനങ്ങള്‍ ഇല്ലാതായതോടെ കനാലിന്റെ ഏതാണ്ട് എല്ലാഭാഗങ്ങളും കുപ്പത്തൊട്ടിയേക്കാള്‍ മലിനമായിരിക്കുന്നു. അറവുമാലിന്യങ്ങളും കോഴിവേസ്റ്റുമാണ് കൂടുതല്‍ മലിനീകരണമുണ്ടാക്കുന്നതെങ്കിലും കനാലില്‍ ഇല്ലാത്തതൊന്നുമില്ല.

കടലോളം മാലിന്യം
കടലിലെ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവ് കൃത്യമായ രീതിയില്‍ ഇനിയും കണക്കാക്കപ്പെട്ടിട്ടില്ല. തീരങ്ങളാണ് മാലിന്യപ്രശ്‌നത്തില്‍ ഏറ്റവും പ്രതിസന്ധിയിലാവുന്നത്. പ്രത്യേകിച്ച് ഹാര്‍ബറുകളും അനുബന്ധ മേഖലകളും. തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന മീന്‍പിടിത്ത സംഘങ്ങള്‍ കണവ പിടിക്കാനായി പഴയ മീന്‍വലകളും തെങ്ങിന്‍കൊലച്ചിലും പ്ലാസ്റ്റിക് കുപ്പികളും ചേര്‍ത്ത് കടലില്‍ കെട്ടിത്താഴ്ത്തുന്നു. പകുതി മാത്രം താഴുന്ന ഈ വലക്കൂട്ടത്തിന്റെ സ്ഥാനം ജി.പി.എസ്. ഉപയോഗിച്ച് അടയാളപ്പെടുത്തുകയും ചെയ്യും. ഈ വലക്കൂട്ടില്‍ കണവകള്‍ തമ്പടിക്കുമ്പോള്‍ വേഗത്തില്‍ പിടിക്കാന്‍ കഴിയും. എന്നാല്‍ കടലില്‍കെട്ടിത്താഴ്ത്തുന്ന ഈ വലക്കൂട്ടം കടലിലുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. കടല്‍ജീവികള്‍ ഇത്തരം വലകളില്‍ കുടുങ്ങി മരിക്കുന്ന സംഭവങ്ങള്‍ പതിവാണ്. മുട്ടയിടാനായി കേരളത്തിന്റെ തീരത്തെത്തുന്ന കടലാമകള്‍ ചത്തടിയുന്ന സംഭവങ്ങള്‍ പെരുകുന്നതും ഇതുകൊണ്ടാവണം. തൃശ്ശൂരിനടുത്ത് പാലപ്പെട്ടി കടല്‍ത്തീരത്ത് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പത്തോളം കടലാമകളാണ് ചത്തടിഞ്ഞത്. മാതൃഭൂമി സീഡ് അടക്കമുള്ള പരിസ്ഥിതി സംഘങ്ങള്‍ കടലാമ സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമ്പോഴാണ് ഇത്തരം തിരിച്ചടികള്‍. ജലാശയങ്ങളുടെ മരണം ഒറ്റയ്ക്കാവില്ല, ജലം മലിനമാക്കിയ മനുഷ്യരും മറ്റ് ജീവജാലങ്ങളും അതില്‍ പങ്കാളികളാവും. മരണത്തെക്കാള്‍ ഭീകരമായ പലതുമുണ്ടെന്ന് പല പ്രകൃതിദുരന്തങ്ങളും ഒര്‍മപ്പെടുത്തുന്നുമുണ്ട്.Dr. K C Krishnakumar

March 22
12:53 2016

Write a Comment