ആഗോളതാപനം
സൂര്യപ്രകാശം പതിക്കുന്നതുമൂലം ഭൂമിയുടെ ഉപരിതലം ചൂടുപിടിക്കുമെങ്കിലും കുറെ താപം മുകളിലേക്ക് തന്നെ വികിരണം ചെയ്യപ്പെടുന്നു. ഇതില്‍ സിംഹഭാഗവും അന്തരീക്ഷത്തിലേയ്ക്ക് പോകുമ്പോള്‍ ബാക്കിയുള്ളവ മറ്റുള്ള ചില ഹരിതഗൃഹ വാതകങ്ങളുടെ സാന്നിദ്ധ്യത്തില്‍ ഭൂമിയിലേയ്ക്ക് തന്നെ പ്രതിഫലിക്കപ്പെടും. ഭൂഗോളം മുഴുവന്‍ ഇപ്രകാരം താപനിലയില്‍ ഉണ്ടാകുന്ന വര്‍ദ്ധനവിനെയാണ് ലളിതമായ ഭാഷയില്‍ ആഗോളതാപനം എന്ന് വിളിക്കുന്നത്.
ആഗോളതാപനം എന്നത് ഒരു അനിഷേദ്ധ്യ യാഥാര്‍ത്ഥ്യമാണ്. ഇക്കാര്യത്തില്‍ വിശ്വസനീയവും ശാസ്ത്രീയവുമായ ഒട്ടേറെ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും പരിസ്ഥിതിയോട് കൂടുതല്‍ ഇണങ്ങിച്ചേരുംവിധമുള്ള മലിനീകരണ ലഘൂകരണ നടപടികള്‍ സ്വീകരിക്കാതെ പ്രശ്‌നത്തെ നിസ്സാരവത്ക്കരിക്കുന്നത് കാര്യങ്ങളെ കൂടുതല്‍ ഗുരുതരമാക്കുന്നു. ഈനൂറ്റാണ്ടിന്റെ അന്ത്യത്തോടെ അന്തരീക്ഷ ഊഷ്മാവ് 1.8 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേയ്ക്കും. ഇതിന്റെ തുടര്‍ച്ചയായി സമുദ്ര ജലനിരപ്പ് 18 മുതല്‍ 50 സെ.മീറ്റര്‍ വരെ ഉയരും. കല്‍ക്കത്ത, ഢാക്ക, ഷംഹായ് തുടങ്ങിയ നഗരങ്ങള്‍ എല്ലാം വെള്ളത്തിനടിയിലാകാന്‍ ഇത് ധാരാളം മതി.
കഴിഞ്ഞ 56 വര്‍ഷത്തിനിടെ ഭൗമാന്തരീക്ഷത്തിലുണ്ടായ താപവര്‍ദ്ധനയ്ക്ക് 90% കാരണം മനുഷ്യന്റെ ചെയ്തികളാണ്. ഉഷ്ണക്കാറ്റുകള്‍, കഠിനമായ വരള്‍ച്ച, വിനാശകരമായ പ്രളയം, സമുദ്ര ജലനിരപ്പുയരല്‍ തുടങ്ങിയ എണ്ണറ്റ മാറ്റങ്ങളാണ് ആഗോളതാപനംമൂലം ഉണ്ടാകുന്നത്. പ്രാദേശികമായി പൊരുത്തപ്പെട്ടുകഴിയുന്ന ജീവി വര്‍ഗ്ഗങ്ങളേയും പരിസ്ഥിതി വ്യൂഹങ്ങളേയും അമിതമായ ചൂട് താറുമാറാക്കും.
ഹരിതഗൃഹ പ്രഭാവം
ഭൂമിയില്‍ പതിക്കുന്ന സൂര്യതാപത്തെ തിരിച്ചു മുകളിലേക്ക് പോകാന്‍ അനുവദിക്കാതെ അന്തരീക്ഷം തടയുന്നതിന്റെ ഫലമായി ഭൗമോപരിതലത്തില്‍ ഉണ്ടാകുന്ന ഉയര്‍ന്ന ചൂടിനെ ഹരിതഗൃഹപ്രഭാവം എന്ന് വിളിക്കുന്നു. ഹരിതഗൃഹ പ്രഭാവത്തിന് പ്രധാനമായും കാരണമാകുന്നത് അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡും നീരാവിയുമാണ്. മീഥേന്‍, നൈട്രസ്സ് ഓക്‌സൈഡ്, ഓസോണ്‍ എന്നിവയും ഹരിതഗൃഹ പ്രഭാവത്തിന് കാരണമായ വാതകങ്ങളാണ്. എന്നാല്‍ അവയുടെ അളവ് താരതമ്യേന വളരെ കുറവാണ്. വ്യാവസായിക വിപ്ലവത്തിന് ശേഷം മനുഷ്യന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായി അന്തരീക്ഷത്തില്‍ എത്തിയ കാര്‍ബണ്‍ഡൈ ഓക്‌സൈഡാണ് ഭൂമിയില്‍ ചൂട് കൂടുവാന്‍ മുഖ്യകാരണം. കഴിഞ്ഞ 2 നൂറ്റാണ്ടിനുള്ളില്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റ അളവില്‍ ഒരു ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്. കഴിഞ്ഞ 15000 വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന തോതാണ് ഇത്. ഇതേനിലയില്‍ അടുത്ത നൂറ്റാണ്ടിലും കല്‍ക്കരിയും പെട്രോളിയം ഉല്‍പ്പന്നങ്ങളും ഉപയോഗിച്ചാല്‍ 2100 ആകുമ്പോഴേക്കും കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവ് നിയന്ത്രണാതീതമായി തീരും. അന്തരീക്ഷത്തില്‍ എത്തുന്ന മറ്റ് ഹരിത ഗൃഹവാതകങ്ങളുടെ അളവും ഇരട്ടിയായി. ഇപ്പോള്‍ പുറംതള്ളുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡ് 2100 വരെ അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കും. ''അധികമായാല്‍ അമൃതും വിഷം'' എന്ന് പറയുന്നതുപോലെ നമ്മുടെ ചെയ്തികളാല്‍ അമിതമായി അന്തരീക്ഷത്തില്‍ എത്തിയ വിഷവാതകങ്ങള്‍ ഭൂമിയിലെ ജീവിതത്തിന് അനുഗ്രഹമായിരുന്ന ഈ പ്രതിഭാസത്തെ ഇപ്പോള്‍ ശാപമാക്കി മാറ്റി തീര്‍ത്തിരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ മനുഷ്യന്‍ കത്തിച്ചു തീര്‍ത്ത കല്‍ക്കരി, മരം, എണ്ണ, പെട്രോളിയം തുടങ്ങിയ ഇന്ധനങ്ങള്‍ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവ് വര്‍ദ്ധിപ്പിച്ചു. കാര്‍ബണിന്റെ പുറംതള്ളല്‍ തോത് വികസിത രാജ്യങ്ങളില്‍ വികസസ്വര രാജ്യങ്ങളേക്കാള്‍ കൂടുതലാണ്. അതുകൊണ്ടുതന്നെ കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവു കുറയ്ക്കാന്‍ വികസിത രാഷ്ട്രങ്ങള്‍ തന്നെ മുന്‍കൈ എടുക്കണമെന്ന ആവശ്യത്തിന് പ്രസക്തിയേറുന്നു.
ആഗോള താപനത്തിന്റെ പ്രത്യാഘാതങ്ങള്‍
ആഗോള താപനത്തിനും കാലാവസ്ഥാ മാറ്റത്തിനും സാമൂഹ്യ സാമ്പത്തിക അവസ്ഥകളുടെ വിവിധ തലങ്ങളില്‍ വ്യാപകവും ആഴത്തിലുള്ളതുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നാണ് കരുതപ്പെടുന്നത്. സമുദ്ര നിരപ്പ് ഉയരുന്നതിലുണ്ടാകുന്ന വര്‍ദ്ധന തീരദേശവാസികളെ പ്രതികൂലമായി ബാധിക്കുന്നു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം ഭൂമിതന്നെ നഷ്ടപ്പെടുന്നു. ഇന്ന് ലോകത്ത് 460 ലക്ഷം പേരാണ് ഇത്തരത്തിലുള്ള വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്. സമുദ്രനിരപ്പില്‍ 50 സെ.മീറ്റര്‍ വര്‍ദ്ധനയുണ്ടായാല്‍ ഇത് 920 ലക്ഷമായി മാറും ജലനിരപ്പ് ഒരു മീറ്റര്‍ വര്‍ദ്ധിക്കുക എന്നതിനര്‍ത്ഥം നെതര്‍ലാന്റ്‌സിന്റെ ആറു ശതമാനവും ബംഗ്ലാദേശിന്റെ 18% മാര്‍ഷല്‍ ദ്വീപുകളുടെ 80% വും വെള്ളത്തിനടിയിലാവുക എന്നതാണ്. വെള്ളം ഉയരുന്നതോടെ നിരവധി ചെറു ദ്വീപുരാഷ്ട്രങ്ങളിലേയും വികസ്വര രാജ്യങ്ങളുടെ തീരപ്രദേശങ്ങളിലേയും ജനങ്ങള്‍ മറ്റിടങ്ങളിലേയ്ക്ക് കുടിയേറാന്‍ നിര്‍ബന്ധിക്കപ്പെടും.
ഭൂമിയുടെ ചൂട് കൂടുന്നത് മനുഷ്യരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. മലേറിയ, ഡെങ്കി,മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ രോഗങ്ങള്‍ വ്യാപകമാകാന്‍ ഇടയുണ്ട്. ഇന്ന് ലോക ജനസംഖ്യയുടെ 45% മലേറിയ പിടിപെടാന്‍ സാദ്ധ്യതയുള്ള സാഹചര്യത്തിലാണ് ജീവിക്കുന്നത്. പ്രചരിപ്പിക്കപ്പെടുന്നതു പോലെ താപ നില ഉയര്‍ന്നാല്‍ 5-8 കോടി ആളുകള്‍ക്ക് കൂടി മലേറിയ വരാന്‍ സാദ്ധ്യതയുണ്ട്. അതായത് ലോക ജനസം്യയുടെ 60% വും മലേറിയ സാദ്ധ്യതയുള്ള സാഹചര്യത്തിലാവും.
മഴയുടെ രീതിയില്‍ ഇപ്പോള്‍ തന്നെ മാറ്റം പ്രകടമാണ്. മഴയുടെ പ്രവണത സംബന്ധിച്ച ഗൗരവമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ദീര്‍ഘകാല പ്രവണത പരിശോധിക്കുന്നതി് 1900 മുതല്‍ 2005 വരെയുള്ള വിവരങ്ങള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. തെക്ക് വടക്ക് അമേരിക്കയുടെ കിഴക്കന്‍ പ്രദേശങ്ങളിലും വടക്കന്‍ യൂറോപ്പിലും മദ്ധ്യേഷ്യയിലും മഴ കൂടിയതാണ് ലഭ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. അതേസമയം മെഡിറ്ററേനിയന്‍ പ്രദേശങ്ങളിലും തെക്കേ ആഫ്രിക്കയിലും ദക്ഷിണേഷ്യയിടെ ഒരു ഭാഗത്തും മഴ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കുറഞ്ഞ സമയത്തിനുള്ളില്‍ ശക്തമായ പേമാരി ഉണ്ടാകുന്ന പ്രതിഭാസമാകട്ടെ വര്‍ദ്ധിക്കുകയാണ്. ചൂടുകൂടിയ അന്തരീക്ഷത്തില്‍ കൂടുതല്‍ നീരാവി ഉണ്ടാകുന്നതാണ് ഇതിന് കാരണം. അതേസമയം കൂടുതല്‍ തീവ്രതയുള്ളതും കൂടുതല്‍ കാലം നിലിനല്‍ക്കുന്നതുമായ വരള്‍ച്ചയും ഇന്ന് വ്യാപകമായിട്ടുണ്ട്. പ്രത്യേകിച്ച് ഉഷ്ണ മേഖലാ പ്രദേശങ്ങളില്‍ ഉയര്‍ന്ന താപനില മഴയുടെയും മഞ്ഞിന്റെയും കുറവ്, സമുദ്രോപരിതലത്തിന്റെ താപ നിലയിലെ മാറ്റം, കാറ്റിന്റെ രീതിയില്‍ വരുന്ന മാറ്റം എന്നിവയെല്ലാമായി ബന്ധപ്പെട്ടാണ് വരള്‍ച്ചയുണ്ടാകുന്നത്. കാലാവസ്ഥമാറ്റത്തിന്റെ ഏറ്റവും പ്രധാന പ്രത്യാഘാതം കൃഷിയാണ്. മറ്റ് ഘടകങ്ങള്‍ക്ക് ഒപ്പം കാലാവസ്ഥയെകൂടി ആശ്രയിച്ചാണ് കൃഷി നടക്കുന്നത്. ഇന്‍ഡ്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളില്‍ ഗണ്യമായ പ്രത്യാഘാതങ്ങള്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഈ രാജ്യങ്ങളുടെ ഭക്ഷ്യസുരക്ഷയെ അത് ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ജലസ്രോതസ്സുകളുടെ ദൗര്‍ലഭ്യത്തിലും മണ്ണിന്റെ ശിഥിലീകരണത്തിനും ജൈവ വൈവിദ്ധ്യത്തിന്റെ നാശത്തിനും എല്ലാം ഇത് ഇടവരുത്തും.
പരിഹാര തന്ത്രങ്ങള്‍
കുറച്ചുമാത്രം കാര്‍ബണ്‍ പുറത്തുവിടുന്ന സാങ്കേതിക വിദ്യകള്‍ നടപ്പിലാക്കേണ്ടിവരും. നിലവില്‍ ലഭ്യമായ സാങ്കേതികവിദ്യ ഉപയോഗിച്ച് പരമ്പരാഗത വൈദ്യുതി ഉത്പാദനത്തിന് പുറത്തു വിടുന്ന ഹരിത ഗ്രഹ വാതകങ്ങളുടെ അളവ് കുറയ്ക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ ചൂണ്ടികാണിക്കുന്നു. കല്‍ക്കരിക്കുപകരം പ്രകൃതി വാതകം ഉപയോഗിച്ചും പുറത്തുവരുന്ന കാര്‍ബണ്‍ മറ്റ് രതീകളില്‍ ഉപയോഗപ്പെടുത്തിയും മറ്റും ഹൃസ്വകാല അടിസ്ഥാനത്തില്‍ പ്രശ്‌ന പരിഹാരത്തിന് സാധിക്കുമെന്ന് പ്രതീക്ഷിക്കാം. 2030ന് മുന്‍പ് തന്നെ കാര്‍ബണ്‍ വാതകത്തെ വേര്‍തിരിച്ചെടുത്ത് മാറ്റാവുന്ന പുതിയ സാങ്കേതിക വിദ്യയോ തിരമാല, സൗരോര്‍ജ്ജം തുടങ്ങിയ ആധുനിക ഊര്‍ജ്ജ സാങ്കേതിക വിദ്യകളോ ലഭ്യമാക്കാവുന്നതാണ്. ജലം, സൗരോര്‍ജ്ജം, കാറ്റ്, ജൈവോര്‍ജ്ജം തുടങ്ങിയ സ്രോതസ്സുകളില്‍ നിന്നുള്ള വൈദ്യുതോല്‍പ്പാദനം ഇന്നത്തെ 18% ശതമാനത്തില്‍ നിന്ന് 30-35 ശതമാനമായി ഉയര്‍ത്താന്‍ കഴിയും.
ചെറിയ കാലത്തിനുള്ളില്‍ ഹരിതഗൃഹ വാതകങ്ങള്‍ പുറത്തുവിടുന്നത് വന്‍തോതില്‍ കുറയ്ക്കണമെങ്കില്‍ വ്യവസായത്തില്‍ പലകാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട് കൂടുതല്‍ കാര്യക്ഷമമായ വൈദ്യുതോപകരണങ്ങള്‍ ഉപയോഗിക്കണം. ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ വീണ്ടുംവീണ്ടും ഉപയോഗിക്കാന്‍ കഴിയണം, ഹരിത ഗൃഹ വാതകങ്ങള്‍ പുറത്തുവിടുന്ന പ്രധാനപ്പെട്ട മറ്റൊരു മേഖലയാണ് ഗതാഗത മേഖല. ഇവിടെ വിസര്‍ജ്ജിക്കപ്പെടുന്ന വാതകങ്ങളുടെ അളവ് കുറയ്ക്കാന്‍ പല മാര്‍ഗ്ഗങ്ങളുണ്. റോഡുമാര്‍ഗ്ഗത്തില്‍ നിന്ന് റെയില്‍ മാര്‍ഗ്ഗത്തിലേയ്ക്കും ജലപാതകളിലേയ്ക്കും മാറിയേതീരു. മാത്രമല്ല ഗതാഗത ആവശ്യങ്ങള്‍ കുറയും വിധം നഗരാസൂത്രണം നടത്തേണ്ടതുമുണ്ട്. ഗതാഗത മേഖലയില്‍നിന്ന് ഉണ്ടാകുന്നതിനേക്കാളധികം ആഗോളതലത്തില്‍ കാര്‍ബണ്‍ പുറം തള്ളല്‍ ഉണ്ടാകുന്നത് വനങ്ങളുടെ നശീകരണത്തിലൂടെയാണ്. വന നശീകരരണം തടയുന്നതാണ് ഏറ്റവും ചെലവുകുറഞ്ഞ രീതിയില്‍ പുറംതള്ളല്‍ തടയാനുള്ള മാര്‍ഗ്ഗം. ഭൂമിയെന്ന നമ്മുടെ ഭവനം അതുല്യമായ ജീവ സമൂഹത്തിന് ചൈതന്യമേകിക്കൊണ്ട് നിലകൊള്ളുന്നു. മാനവരാശിയുടെ ക്ഷേമം പ്രധാനമായും ആശ്രയിച്ചിരിക്കുന്നത് ആരോഗ്യകരമായ ഒരു ജൈവാന്തരീക്ഷത്തെയാണ്. അതിനെ വൈവിദ്ധ്യം നിറഞ്ഞ സസ്യ മൃഗാദികളും ഫലഭൂയിഷ്ടമായ മണ്ണും ശുദ്ധജലവും മലിനമാകാത്ത വായുവും ഒക്കെ നിറഞ്ഞ പരിസ്ഥിതി വ്യൂഹങ്ങള്‍ ആവശ്യമുണ്ട്. ഭൂമിയുടെ വൈവിദ്ധ്യം, സൗന്ദര്യം എന്നിവ സംരക്ഷിക്കേണ്ടത് പവിത്രമായ വിശ്വാസമായി നമ്മളില്‍ വളരേണ്ടതുണ്ട്.
ശീലങ്ങള്‍ ഒഴിവാക്കുക
ആഗോളതാപനവും കാലവസ്ഥാ മാറ്റവും ഒഴിവാക്കണമെങ്കില്‍ ശീലങ്ങള്‍ മാറ്റാതെ തരമില്ല. നമ്മുടെ വ്യക്തി ജീവിതത്തിലെ ശീലങ്ങള്‍ തീര്‍ച്ചയായും ആഗോളതാപനത്തിന് കാരണമാകുന്നുണ്ട്. കുറഞ്ഞ കാര്‍ബണ്‍ സമ്പദ് വ്യവസ്ഥയ്ക്ക് വേണ്ടി നമ്മുടെ ശീലങ്ങള്‍ മാറ്റിയേ തീരൂ. പ്രൗഢികാട്ടാന്‍ കാറുകളും മോട്ടോര്‍ വാഹനങ്ങളും വാങ്ങുമ്പോള്‍, എല്ലാമുറിയിലും എയര്‍കണ്ടീഷണറും ടി.വി.യും വേണമെന്ന് ആഗ്രഹിക്കുമ്പോള്‍ നാം ഒരുതരം ലഹരിക്ക് അടിമപ്പെടുകയാണ്. അവ ഉപയോഗിക്കുന്ന ഊര്‍ജ്ജം മാത്രമല്ല അവ നിര്‍മ്മിക്കാന്‍ വേണ്ടിവരുന്ന ഊര്‍ജ്ജവും ചേര്‍ന്നാണ് ഭൂമിയെ പൊള്ളിക്കുന്നത്. ഫോസില്‍ ഇന്ധനങ്ങളുടെ വര്‍ദ്ധിച്ച ഉപയോഗമാണ് കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ ഉല്‍പ്പാദനത്തിന്റെ മുഖ്യകാരണം. ഫോസില്‍ ഇന്ധനങ്ങള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ തന്നെയാണ്. മോട്ടോര്‍ വാഹനങ്ങളിലും താപവൈദ്യുത നിലയങ്ങളിലുമാണ് ഫോസില്‍ ഇന്ധനങ്ങള്‍ മുഖ്യമായും ഉപയോഗിക്കുന്നത്. നമ്മുടെ കേരളത്തിലും മോട്ടോര്‍ വാഹനങ്ങള്‍ പെരുകിക്കൊണ്ടിരിക്കുകയാണ്. ഒരു മോട്ടോര്‍ ബൈക്കിന് പകരം നമുക്ക് എന്തുകൊണ്ട് ഒരു സൈക്കിള്‍ ഉപയോഗിച്ചുകൂടാ? എന്താണ് സൈക്കിളിന്റെ സവിശേഷതകള്‍? ഒന്നാമതായി അത് ഫോസില്‍ ഇന്ധനം ഉപയോഗിക്കുന്നില്ല. അതേസമയം അന്തരീക്ഷ മലിനീകരണത്തിനോ ആഗോളതാപനത്തിനോ അത് വഴി വയ്ക്കുന്നില്ല. സൈക്കിള്‍ വ്യായാമ ഉപകരണം കൂടിയാണ്. നടക്കാവുന്ന ദൂരം നടന്നും പൊതുഗതാഗത സംവിധാനം ഉപയോഗിക്കാവുന്ന സ്ഥലങ്ങളില്‍ അത് ഉപയോഗിച്ചും മാത്രമേ സഞ്ചരിക്കൂ എന്ന് നാം തീരുമാനിയ്ക്കണം. പ്ലാസ്റ്റിക്ക് പായ്ക്കറ്റുകളെ സൂക്ഷിക്കുക, പ്ലാസ്റ്റിക്ക് പായ്ക്കറ്ററ്റുകളില്‍ വരുന്നവയ്ക്ക് മാത്രമേ ഗുണനിലവാരം ഉള്ളൂ എന്നത് ഒരു മിഥ്യാധാരണയാണ്. അതുകൊണ്ട് നമ്മുടെ സാധാരണ ജീവിതത്തിന് ആവശ്യമായ വസ്തുക്കള്‍ വാങ്ങുമ്പോള്‍ പ്ലാസ്റ്റിക്ക് പായ്ക്കറ്റില്‍ അല്ലാത്തവ വാങ്ങിയാല്‍ അതുതന്നെ ഒരു പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനമാണ്. വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിലൂടെ ആഗോളതാപനത്തെ നിയന്ത്രിക്കാം. റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് നമ്മള്‍ പലപ്പോഴും ടി.വി. ഓഫ് ചെയ്യുന്നത്. കസേരയില്‍ നിന്ന് എഴുന്നേറ്റ് പോയി ടി.വി.യുടെ സ്വിച്ച് ഓഫ് ചെയ്യാന്‍ പലര്‍ക്കും മടിയാണ്. ഇതിന്റെ ഫലം നമ്മള്‍ സനിമാ കാണാത്തപ്പോഴും ടി.വി, വൈദ്യുതി ഉപയോഗിച്ചുകൊണ്ടിരിക്കും. ടി.വി. ഒആഫ് ചെയ്യുമ്പോള്‍ ടി.വിയുടെ സ്വിച്ച് ഓഫ് ചെയ്ത് അതിലേയ്ക്ക് വൈദ്യുതി എത്തുന്നില്ലായെന്ന് ഉറപ്പാക്കണം. സാധാരണ ബള്‍ബുകള്‍ക്ക് പകരം സി.എഫ്.ലാമ്പ് ഉയോഗിക്കണം. ഒരു സാധാരണ ബള്‍ബിന്റെ 5-10 ശതമാനം ഊര്‍ജ്ജമാണ് സി.എഫ്. ലാമ്പുകള്‍ക്ക് വേണ്ടിവരുന്നത്. എന്നാല്‍ ഒരു സാധാരണ ബള്‍ബിന്റെ അനേകം മടങ്ങാണ് സി.എഫ്. ലാമ്പിന്റെ വില. സി.എഫ്. ലാമ്പുകള്‍ മൂലമുണ്ടാകുന്ന വൈദ്യുതിയുടെ ലാഭം അറിയാത്തതുകൊണ്ടും അത്രയും പണം ഒന്നിച്ചു മുടക്കാന്‍ കഴിയാത്തതുകൊണ്ടും വീടുകളില്‍ സാധാരണ ബള്‍ബുകള്‍ ഉപയോഗിച്ച് കൂടുതല്‍ വൈദ്യുതി എരിച്ചുകളയുന്നവരാണ് മിക്കവരും. ആത്യന്തിക പരിഹാരം ലളിത ജീവിതം തന്നെ. ശീലങ്ങള്‍ ഒഴിവാക്കുക... കാര്‍ബണ്‍ കുറഞ്ഞ ഒരു സമ്പദ് വ്യവസ്ഥയ്ക്കായി... ശീലങ്ങള്‍ തൊഴിച്ചുമാറ്റുക.
Alappuzha

ഡി.രഞ്ജന്‍ Aravukad HS Alappuzha