Article

ഒറ്റക്കഥാപഠനം :- സഹ- സാറാ ജോസഫ്

*ഒറ്റക്കഥാപഠനം*
☘☘☘☘☘☘

*സഹ- സാറാ ജോസഫ്*

പെണ്ണെഴുത്തിന്റെ വക്താവാണ് സാറാ ജോസഫ്. റാഡിക്കൽ ഫെമിനിസത്തിന്റെ വക്താവായി ഇതുവരെയുള്ള കഥകൾ അവരെ അടയാളപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ അതിൽ നിന്ന് വ്യത്യസ്തമാണ് സഹ.

സഹ സ്ത്രീപുരുഷ സമത്വം പ്രഖ്യാപിക്കുന്ന കഥയാണ്. സുവർച്ചല എന്ന കഥാനായിക ശക്തമായ കഥാപാത്രമാണ്. എന്നാൽ ശ്വേതകേതുവിനോട് ആരോഗ്യകരമായ സംവാദത്തിന് തയ്യാറാകുന്ന അവർ മാതൃകാ ഭാര്യയാകുന്നു. ''അറിവിൽ നിന്ന് ജ്ഞാനത്തിലേക്ക് കൈ കോർത്ത് പിടിച്ച് ആ ഗ്രഹസ്ഥാശ്രമികൾ നടന്നു പോയി '' എന്ന കഥാവസാനം സ്ത്രീ പുരുഷ സമത്വത്തെ കാണിച്ചു തരുന്നു.

*സ്ത്രീ ആഗ്രഹിക്കുന്ന പുരുഷധർമ്മം എന്ത്?*

കഥ ഉന്നയിക്കുന്ന പ്രധാന പ്രശ്നം സ്ത്രീ ആഗ്രഹിക്കുന്ന പുരുഷൻ എങ്ങനെ വേണം എന്നതാണ്. ഒരേ സമയം അന്ധനും അന്ധനല്ലാത്തതുമായ ഒരു പുരുഷനെ ഭർത്താവായി കിട്ടണമെന്ന് മഹർഷി ദേവലന്റെ മകൾ സുവർച്ചല. സഹധർമ്മചാരിത്വം ആണ് ഉത്തരം. രണ്ട് വ്യത്യസ്ത ജൈവ പ്രകൃതികൾക്ക് ഇതെങ്ങനെ സാധിക്കും?
ഭീഷ്മ-ധർമ്മപുത്ര സംവാദം ഇവിടെ വിവരിക്കുന്നത് അനാദി മുതലുള്ള ഈ ചോദ്യത്തിന്റെ പ്രസക്തി എടുത്തുകാണിക്കുന്നു. ശ്വേതകേതു സുവർച്ചലക്ക് മുന്നിൽ താഴ്ന്നു കൊടുത്തുകൊണ്ടല്ല മുന്നോട്ട് പോവുന്നത്. സുവർച്ചലയുടെ സമസ്യയെ സൈദ്ധാന്തികമായി അദ്ദേഹം തൃപ്തിപ്പെടുത്തിക്കൊണ്ടാണ്.

ജലം ഉദാഹരണമായി എടുത്തു കൊണ്ടാണ് ശ്വേതകേതു ഈ സമസ്യ പരിഹരിക്കുന്നത്.ജലത്തെ കാണുന്നതു കൊണ്ട് അദ്ദേഹത്തിന് കാഴ്ചയുണ്ട്. എന്നാൽ അതിന്റെ സത്തയിലേക്ക് കാഴ്ച എത്തുന്നില്ല. കുടിക്കാനും കുളിക്കാനും ഉപയോഗിക്കാനുമുള്ള വസ്തുവായി മാത്രം കാണുന്നു. സ്ത്രീയാണിവിടെ ജലം. ഉപഭോഗവസ്തുവായി മാത്രം കാണുന്നു എന്ന് വിശദീകരിക്കാം. സുവർച്ചലയുടെ സമസ്യ ശ്വേതകേതു മനസ്സിലാക്കിയെന്ന് ഇവിടെ വ്യക്തം.
അവർ വിവാഹിതരായി.

ജീവിതം തുടങ്ങുമ്പോൾ സുവർച്ചല വീണ്ടും ചോദ്യം എടുത്തിടുന്നു.
വാക്കും അർത്ഥവും തമ്മിലുള്ള ബന്ധമെന്ത്?

'വാഗാർത്ഥവിവ സംപൃക്തൗ ' എന്നു തുടങ്ങുന്ന രഘുവംശ തുടക്കപദ്യം ആണിവിടെ സാറാ ജോസഫ് മറിച്ചിട്ടത്.

സുവർച്ചലയുടെ രണ്ടാം സമസ്യയെ ശ്വേതകേതു സ്ഥല-പ്രപഞ്ച സങ്കല്പം കൊണ്ട് നേരിട്ടു. സ്ഥലവും പ്രപഞ്ചവും തമ്മിൽ സ്ഥായീ ബന്ധമില്ല. എന്നാൽ സ്ഥലത്തിലില്ലാതെ പ്രപഞ്ചത്തിനു നില്ക്കാനുമാവില്ല. എന്നു പറഞ്ഞാൽ സ്ത്രീയും പുരുഷനും പരസ്പരപൂരകം എന്ന് വിവക്ഷ. ഇതാണ് കഥയുടെ സാരം. ഭാഷാശാസ്ത്രത്തെയും സംസ്കാര പഠനത്തെയും കഥാകൃത്ത് കഥയിൽ തന്മയത്വത്തോടെ ചേർത്തു.

*അഭിസംബോധനയും സ്ത്രീയും*

ശ്വേതകേതു സുവർച്ചലയെ അഭിസംബോധന ചെയ്യുന്നതിന്റെ പരിണാമം ശ്രദ്ധേയം. സുന്ദരി - പ്രിയ - മഹതി- സഖി-ശ്രേഷ്ഠ എന്നിങ്ങനെ അത് മാറി. മനശാസ്ത്ര സമീപനമായും പുരുഷന്റെ സ്ത്രീപക്ഷ സമീപനമായും ഇത് അടയാളപ്പെടുത്താം. സംബോധനകൾ മനുഷ്യ സംസ്കാരത്തിന്റെ സൂചനകൾ തന്നെയാണ്. വിവേകാനന്ദൻ ഒരു ജനതയെ സംബോധന കൊണ്ട് കൈയ്യിലെടുത്തത് ചരിത്രം. സ്ത്രീകൾ സംബോധന ശ്രദ്ധിക്കുമെന്നത് മനശാസ്ത്രം. കഥ സിദ്ധാന്ത പക്ഷത്തും പ്രായോഗിക പക്ഷത്തും ഊന്നുന്നു.

*ഇതിഹാസ പശ്ചാത്തലം*

ഇതിഹാസ പശ്ചാത്തലമുള്ള അനേകം കഥകൾ സാറാ ജോസഫ് എഴുതിയിട്ടുണ്ട്. സ്വയംവരം, ഭീഷ്മ- ധർമ്മപുത്ര സംവാദം എന്നിങ്ങനെ ഇതിഹാസ പശ്ചാത്തലം കഥയ്ക്ക് ഗൗരവമാനം നൽകുന്നു.

*ആഖ്യാനം*

പല തലക്കെട്ടുകൾ നല്കിയുള്ള തലക്കെട്ടുകൾ പലർ പരീക്ഷിച്ച ആഖ്യാന തന്ത്രമാണ്. കഥാപാത്രങ്ങളുടെയും പ്രധാനസംഭവങ്ങളുടെയും പേരുകൾ തലക്കെട്ടുകളായി നൽകിയത് കഥയുടെ ആസ്വാദനം എളുപ്പമാക്കുന്നുണ്ട്. നാടകീയത നിറഞ്ഞ ആഖ്യാനവും കഥയുടെ മാറ്റ് കൂട്ടുന്നു.

തയ്യാറാക്കിയത്:
അജീഷ്കുമാർ ടീ .ബി.


അജീഷ്കുമാർ ടീ .ബി ജി.എച്ച്.എസ്, പഴയരിക്കണ്ടം

October 05
12:53 2017

Write a Comment