Article

കുട്ടനാട് ഒരെത്തിനോട്ടം

ഐതിഹ്യവും ചരിത്രവും ഇടകലര്‍ന്നുകിടക്കുന്ന കാല്‍പനിക ഭൂതകാലത്തിന്റെ കളപ്പുരയാണ് കുട്ടനാട്. പരശുരാമന്‍ കേരള നിര്‍മ്മിതിക്കുവേണ്ടി മഴുവെറിഞ്ഞ കഥയ്ക്ക് ഭൂമിശാസ്ത്രപരമായ പിന്‍ബലം നല്‍കുന്ന മണ്‍തുണ്ടാണിത്. കടല്‍ പിന്മാറി കര രൂപപ്പെട്ടതിന് തെളിവുകളേറെ. ആലപ്പുഴ, കോട്ടയം, എറണാകുളം, കൊല്ലം ജില്ലകള്‍ ചേര്‍ന്ന വിശാലമായ ഭൂപ്രദേശമായിരുന്നു കുട്ടനാട്. ഒന്നാം ചേര സാമ്രാജ്യത്തിലെ ഒരു പ്രവിശ്യയായിരുന്നു ഈ പ്രദേശം.
*ഐതിഹ്യം
തമിഴില്‍ കൂട്ടം എന്ന വാക്കിന് വെള്ളക്കെട്ടുള്ള പ്രദേശം എന്ന് അര്‍ത്ഥമണ്ട്. കായലുകളും പുഴകളും കൈകോര്‍ത്തു നില്‍ക്കുന്ന ഈ പ്രദേശത്തിന് ഭൂമിയുടെ സ്വഭാവത്തോട് ബന്ധപ്പെട്ട 'കുട്ടനാട്' എന്ന നാമം ജനതയുടെ നാവില്‍ പാട്ടായി രൂപംകൊണ്ടു എന്ന നിഗമനം യുക്തിഭദ്രമാണ്. ചുട്ടനാടിന്റെ രൂപഭേദമാണ് കുട്ടനാട് എന്നപക്ഷമുണ്ട്. മഹാഭാരതകഥയിലെ ഖാണ്ഡവനം' ഈ സ്ഥലമായിരുന്നെന്നും വനദഹനത്തില്‍ മണ്ണുരുകി കുഴികളുണ്ടായെന്നും കത്തിക്കരിഞ്ഞ തടികള്‍ പില്‍ക്കാലത്ത് മണ്ണുമൂടിയതാണ് കുഴിച്ചുകിട്ടുന്ന കാണ്ടാമരങ്ങളെന്നും കഥ പറയുന്നുണ്ട്. ചുട്ടുകരിച്ച ഈ പ്രദേശം കാലാന്തരത്തില്‍ 'ചുട്ടനാട്' എന്നു പറഞ്ഞുവന്നു. ഉച്ചാരണമാറ്റത്തില്‍ ആ പേര് കുട്ടനാട് എന്നായി മാറി.
*ഏതാനും കഥകള്‍:
കരമാടിക്കുട്ടന്‍ ഒരു നാട്ടുപ്രമാണിയായിരുന്നു. പ്രദേശത്തിന്റെ അധിപനും. എങ്ങനെയോ നിഷ്‌കാസിതനായ ആ നേതാവിന്റെ പേരില്‍ പില്‍ക്കാലത്ത് ഈ പ്രദേശം അറിയപ്പെട്ടതാകാം. കുട്ടനാട് എന്ന സ്ഥലനാമത്തിന്റെ ആഗമന കഥ. ഇങ്ങനെയും പറയുന്നു; കുട്ടനാട് ഉള്‍പ്പെട്ട അഞ്ചുപ്രദേശങ്ങള്‍ ചേര്‍ന്നതായിരുന്നു ആദിമ കേരളം. പ്രവിശാലമായ തമിഴകത്തിന്റെ ഒരു ഭാഗമായിരുന്നു അന്ന് കേരളം. അന്നത്തെ കേരളത്തിനം അതിപ്രധാനങ്ങളായ അഞ്ചു ഭാഗങ്ങള്‍ ഉണ്ടായിരുന്നു. വേണാട്, കുട്ടനാട്, പൂഴിനാട്, കര്‍ക്കാനാട് എന്നിവയായിരുന്നു അവ.
വളരെ സവിശേഷമായ മണ്ണിനമാണ് കുട്ടനാടിന്റേത്. കുട്ടനാടന്‍ മണ്ണ് പശിമയുള്ള ചെളി എന്നറിയപ്പെടുന്നു. തീപിടുത്തത്തിലൂടെ ഉണ്ടായ രാസപരിവര്‍ത്തനമാണ് ഭൂപ്രകൃതിയിലെ ഈ മാറ്റമെങ്കില്‍ അയ്യായിരം വര്‍ഷത്തെ മഹാമാരിയും കുത്തൊഴുക്കും മണ്ണിനുമാറ്റം വരുത്തിയിലല്ല എന്നത് അദ്ഭുതം തന്നെ. ബുദ്ധമതത്തിന്റെ സ്വാധീനം വലുതായി ഉണ്ടായിരുന്ന 'ബുദ്ധനാട്' ആയിരുന്നിരിക്കാം കുട്ടനാട്.
സംഭവങ്ങളുടെയും വ്യക്തികളുടെയും ഓര്‍മ്മയില്‍ സ്ഥലനാമം ഉണ്ടാവുക ഇക്കാലത്തും ഒരു തുടര്‍ക്കഥയാണ്. കുട്ടന്‍, നീലന്‍, കണ്ടന്‍ തുടങ്ങിയ നാമങ്ങളിലാണ് മുന്‍കാലങ്ങളില്‍ പുരുഷന്‍മാര്‍ അറിയപ്പെട്ടിരുന്നത്. അക്കൂട്ടത്തില്‍ ഒരാളായിരുന്നിരിക്കണം കരുമാടിയിലെ കുട്ടന്‍. കുട്ടന്റെ പ്രദേശമായിരുന്നു എന്നോര്‍മ്മിക്കുന്നതില്‍ മേന്മ നടിക്കാനോ മറ്റെന്തു കാരണത്താലോ ആധിപത്യം പുലര്‍ത്തിയവര്‍ താല്‍പര്യം കാട്ടിയതിന്റെ ഫലമായും 'കുട്ടനാട്' എന്ന സംജ്ഞ നിലവില്‍ വന്നതുമാകാം.
*വള്ളംകളി
കുട്ടനാടിന്റെ മറ്റൊരു പ്രധാന സവിശേഷതയാണ് വള്ളംകളി. കുട്ടനാടന്‍ കരുത്തിന്റെ പ്രഖ്യാപനമാണ് വള്ളംകളി. അത് രാജവാഴ്ചയുടെ സംഭാവനയാണ്. യുദ്ധത്തില്‍ ശത്രുവിനെ പരാജയപ്പെടുത്തുവാന്‍ വള്ളം വാഹനമാക്കിയ ബുദ്ധി ചെമ്പകശേരി രാജാവിന്റേതാണ്. ദേശീയ ദിനങ്ങളില്‍ ന്യൂഡല്‍ഹിയില്‍ നടത്തുന്ന പരേഡ് കണ്ടിട്ടുള്ളവര്‍ക്ക് അറിയാം ഇന്ത്യയുടെ സൈനികശേഷി പ്രദര്‍ശിപ്പിക്കാനുള്ള ഔദ്യോഗിക ചടങ്ങുകൂടിയാണ് ഈ പരേഡുകള്‍. വഞ്ചിപ്പാട്ടുപാടി തുഴയെറുന്നവരില്‍ ഏറെയും കര്‍ഷകത്തൊഴിലാളികളായിരുന്നു. ഇവരാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കേരളത്തിന്റെ പൊതുധാരയിലേക്ക് വളര്‍ത്തിക്കൊണ്ടുവന്നത്.
ഭൂഖണ്ഡങ്ങള്‍ക്കപ്പുറം വിസ്മയമെത്തിക്കുന്ന ചുണ്ടന്‍വള്ളംകളിയും വഞ്ചിപ്പാട്ടും ഈ മണ്ണിന്റെ പശിമയാണ്. വേലകളിയുടെ ചുവടകള്‍ ഇവിടത്തെ ചിട്ടകളുടെ പ്രതീകമാണ്. കൊയ്ത്തുപാട്ടും ഞാറ്റുപാട്ടും ചക്രപ്പാട്ടും മകംപാട്ടുമൊക്കെ ഈ ഭൂമേഖലയുടെ ശ്വാസഗതിയാണ്. വയലേലകളിലെ കാറ്റിന്റെ മൂളിപ്പാട്ട് ഈ സ്ഥലരാശിയുടെ സ്വത്വമാണ്. നാണംകാട്ടി നില്‍ക്കുന്ന ഈ നാടന്‍പെണ്ണ് മലയാണ്മയുടെ മുഖശ്രീയാണ്. ഇത്തരത്തില്‍ വൈവിധ്യങ്ങളാല്‍ സമ്പുഷ്ടമാണ് കുട്ടനാട്.
*കുട്ടനാടന്‍കൃഷി
മീനം, മേടം മാസങ്ങളിലാണ് കുട്ടനാട്ടിലെ കൊയ്ത്ത്, ജലാശയങ്ങളില്‍ ഉപ്പു പരന്നിരിക്കും. ആ ജലത്തിന് കുട്ടനാടന്‍ ഭാഷ 'ഓരുവെള്ളം' എന്നാണ്. കൊയ്ത്തുകഴിഞ്ഞ നിലം വേഴാമ്പലിനെപ്പോലെയാണ്. സൂര്യതാപമേറ്റ് വരണ്ട് വീണ്ടുകീറി ദാഹജലത്തിനു വായ് പിളര്‍ന്നുനില്‍ക്കുന്നതായിട്ടാണ് കൃഷിക്കാരന്റെ സങ്കല്‍പം. വയല്‍ ഗാത്രത്തില്‍ തുടിച്ചുനില്‍ക്കുന്ന നെല്‍ച്ചുവട്ടില്‍ ഈര്‍പ്പം ഊതിക്കുടിച്ച് വളര്‍ന്നുനില്‍ക്കുന്ന നെല്‍ച്ചെടികളും അങ്ങിങ്ങു കാണാം. കൊയ്ത്തിനുശേഷമുള്ള കുട്ടനാടന്‍ വയലേലകള്‍ കന്നുകാലികള്‍ക്കു മേയാന്‍ നിയതി ഒരുക്കിയിട്ട മേച്ചില്‍പ്പുറങ്ങളാണ്.
*കൃഷിയും കന്നുകളും
മണ്ണിളക്കുന്ന പ്രവൃത്തി കന്നും കാളയും ഉപയോഗിച്ചു ചെയ്തിരുന്നു. യന്ത്രം എന്നത് സ്വപ്‌നം പോലെ അന്നത്തെ തലമുറയ്ക്ക് അന്യമായിരുന്നു. വലിയ കൃഷിക്കാര്‍ തങ്ങളുടെ നിലം ഇളക്കാന്‍ സ്വന്തമായി കന്നിനെയും കാളയെയും വാങ്ങും. നിലം ഇളക്കല്‍ അന്നും ഇന്നും ഉഴവുതന്നെ. കൊയ്ത്തു പൂര്‍ത്തിയാകുന്നതിനു മുമ്പുതന്നെ കന്നും കാളയും വാങ്ങി പാടത്തിറങ്ങും. അവയെ മേയിക്കാന്‍ പ്രത്യേകം ആളെ നിയോഗിക്കും. കന്നു തീറ്റക്കാര്‍ എന്നാണവര്‍ അറിയപ്പെടുന്നത്. തീറ്റക്കാരുടെ ജീവിതവും ഈ നാല്‍ക്കാലികളോടൊപ്പം കഴിഞ്ഞിരുന്നു.
കന്നുകാലികളെ വൈകുന്നേരം സൂക്ഷിക്കുന്ന പൊതുവായ ഒരു കേന്ദ്രമുണ്ട്. 'കന്നിന്‍ചേക്ക' എന്നാണ് അതിന്റെ കുട്ടനാടന്‍ നാമം. ജലപാനത്തിനായി പാടത്തെ ചാലിലും ചെറിയ ജലക്കെട്ടുകളിലും എത്തിക്കും.
*വൈക്കോല്‍ വ്യാപാരം
വൈക്കോല്‍ വ്യാപാരത്തിനു പല മേഖലകളുണ്ട്. കളത്തില്‍ മെതിച്ചുകൂട്ടുന്നത് കൂടുതല്‍ മേന്മയുള്ള 'മെതിക്കച്ചി'. ഇത് കൃഷി ഉടമ നേരിട്ടു വൈക്കോല്‍ വ്യാപാരികള്‍ക്കു വില്‍ക്കുന്നതും സ്വന്തം വീട്ടാവശ്യം കഴിഞ്ഞ് ഉണ്ടെങ്കില്‍ മാത്രം. അക്കാലത്ത് കൃഷിക്കാരന്റെ വീട്ടാവശ്യം കഴിഞ്ഞിട്ടുള്ള മെതിക്കച്ചി അഥവാ, 'മെതിപീലി' വില്‍പനയ്ക്കുണ്ടാവില്ല. കൃഷിഭൂമി വികസ്വരമായി തുടങ്ങിയപ്പോള്‍ 'മെതിപീലി'യുടെ ശേഖരം കൃഷിക്കാരന്റെ വീട്ടാവശ്യത്തിലും അധികമായി. കച്ചി വില്‍നയുടെ മുഖം വികസ്വരമായത് അപ്പോള്‍ മുതല്‍ക്കാണ്.
തല കൊയ്ത് ശേഷമുള്ള കുറ്റിയണ് ചുവടുകച്ചി, ഇത് ശേഖരിക്കുന്നതില്‍ ആര്‍ക്കും വിലക്കില്ല. ഒരാള്‍ പാട്ടിയിട്ട സ്ഥലത്തുനിന്നും അറിഞ്ഞുകൊണ്ട് മറ്റൊരാള്‍ കച്ചി ചെത്തിയിരുന്നില്ല. ഇതെല്ലാം പുഞ്ചപ്പാടത്തെ അലിഖിത നിയമങ്ങളും സത്യനിഷ്ഠയോടെ പാലിച്ചിരുന്ന കീഴ് വഴക്കങ്ങളും ആയിരുന്നു. ചുവടുകച്ചി ചെത്തി കൂട്ടിയിടുന്നത് 'വാരുകച്ചി'. വാരുകച്ചി കൂനയായി കൂട്ടിവയ്ക്കും. കര്‍ഷകത്തൊഴിലാളികള്‍ വിറകിനുകരം കച്ചി ഉപയോഗിച്ചിരുന്നു. കച്ചി പിടിയായി ചെത്തുന്നതാണ് മറ്റൊരു സമ്പ്രദായം.
ആലപ്പുഴ, ചേര്‍ത്തല പ്രദേശങ്ങളായിരുന്നു കുട്ടനാടന്‍ വൈക്കോലിന്റെ വിപപണി. വൈക്കോല്‍ അരിവാള്‍ ഉപയോഗിച്ചു കണ്ടത്തില്‍നിന്നും ചെത്തിയെടക്കുന്ന തൊഴില്‍ ഈഴവര്‍ മാത്രമാണ് ചെയ്തിരുന്നത്. നിലംഉഴുന്ന കാര്യത്തില്‍ വെയില്‍ ഏല്‍ക്കുന്നതിനുള്ള വിഷമമോ തൊലി കറുത്തുസൗന്ദര്യം കുറയുമെന്ന ദുരഭിമാനമോ അക്കാലത്തെ ഇടത്തരം കര്‍ഷകപ്രഭുവിനെ തീരെ ബാധിച്ചിരുന്നില്ല.
*കുട്ടനാടന്‍ ഭക്ഷണരീതി
നാളികേരം ചേര്‍ത്ത കറി തൊഴിലാളി വര്‍ഗ്ഗത്തിനു വിശേഷദിവസങ്ങളില്‍ മാത്രമുള്ള അനുഗ്രഹമാണ്. തേങ്ങ അരച്ച ചമ്മന്തി കഞ്ഞിവെള്ളത്തില്‍ കലക്കി കുടിക്കുന്നത് ഉയര്‍ന്നതരം ഈഴവ കൊയ്ത്തുകാരികളുടെ ഭക്ഷമരീതിയിലെ പ്രത്യേകതയാണ്. സമൂഹത്തിലെ ഉയര്‍ന്ന വിഭാഗം-സാമ്പത്തിക മേന്മയുടള്ള ഈഴവരും ഇക്കൂട്ടത്തില്‍പ്പെടും - അപരിഷ്‌കൃതമെന്നും പുച്ഛിച്ചിരുന്ന ചില ആഹാരസമ്പ്രദായം തൊഴിലാളിയുടെ ആരോഗ്യം പിടിച്ചുനിര്‍ത്താന്‍ ഉപകരിച്ചിരുന്നത് ഇരുവിഭാഗത്തിനും അജ്ഞാതമായിരുന്നു.
കൊയ്ത്തുകാലത്ത് കട്ടനാടിനു പുറത്തുനിന്നും കൊയ്യാന്‍ ആളെ ഇറക്കുമതി ചെയ്യുന്നു. വരവുകൊയ്ത്തുകാര്‍ എല്ലാ രംഗത്തും വരത്തരും രണ്ടാംതരം പൗരന്മാരുമായിരുന്നു. ഊഴിയം വേലക്കാര്‍ എന്ന നിര്‍വ്വചനത്തില്‍ പെടാറില്ലെങ്കിലും വരവു കൊയ്ത്തുകാര്‍ ഒരുതരം അടിമവേലക്കാര്‍തന്നെ. 1980 വരെ ഇത്തരം കൊയ്ത്തു വേലക്കാരുടെ വരവ് നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ട്.
*വാണിയപ്പുര
കൊയ്ത്തുകാലത്ത് പുറവേലികളുടെ കണ്ണികളില്‍ പല ചില്ലറ വ്യാപാരികള്‍ പ്രത്യക്ഷപ്പെടും. അവര്‍ കെട്ടുന്ന താല്‍ക്കാലിക വ്യാപാരശാല 'വാണിയപ്പുര' എന്നറിയപ്പെട്ടിരുന്നു. കൊയ്ത്തുകാര്‍ക്ക് ആവശ്യമായ കാപ്പിയും പലഹാരങ്ങളും വീട്ടാവശ്യത്തിനുള്ള വ്യഞ്ജനങ്ങളും വില്‍ക്കുന്ന കേന്ദ്രമാണ് വാണിയപ്പുരം. നാഴി, ഇടങ്ങഴി, പറ ഇവയാണ് അളവുപാത്രങ്ങള്‍. അരി വ്യാപാരം വാണിയപ്പുരയില്‍ ഉണ്ടായിരുന്നില്ല. കൂടാതെ, പച്ചക്കറി കടകളൊന്നുംതന്നെ ഇല്ലായിരുന്നു.
*താറാവുകാര്‍
ഉപജീവനത്തിനും ധനസമ്പാദനത്തിനുമായി ഒരു കൂട്ടര്‍ ആറും തോടും നീന്തിക്കടന്ന് വരും. അവരാണ് 'താറാവുകാര്‍'. മാന്നാര്‍, വീയപുരം, തിരുവല്ല, നിരണം. തുടങ്ങിയ അപ്പര്‍ കുട്ടനാട്ടുകാരായ ക്രിസ്ത്യാനികളാണ് താറാവുകാരില്‍ അധികവും. ആയിരക്കണക്കിന് താറാവുകളെ ആറുവഴി നീന്തിച്ച് ഒരാള്‍മാത്രം കയറുന്ന കൊച്ചുവള്ളം പിന്നില്‍ തുഴഞ്ഞു നയിച്ചുകൊണ്ടു വരുന്ന കാഴ്ച ഇന്നും രസം പകരുന്നതാണ്. കന്നുതീറ്റക്കാരന്‍ ഉറങ്ങാന്‍ വൈകുന്നേരം വീട്ടില്‍ പോകും. എന്നാല്‍ താറാവു തീറ്റക്കാരന്‍ താറാവിനോടൊത്തു ഏതെങ്കിലും ഒഴിഞ്ഞ പുരയിടത്തില്‍ കൂടിന്റെ ഓരത്തില്‍ ഉറങ്ങുന്ന മറ്റൊരു താറാവതന്നെ.
രാവിലെ താറാവിനെ കൂടു തുറന്നുവിടുന്നത് നിരനിരയായിട്ടാണ്. എണ്ണാനുള്ള സൗകര്യവും ഈ ക്യൂ സമ്പ്രദായത്തിന്റെ നേട്ടമാണ്. കൂട്ടില്‍ കയറുന്നതും അപ്രകാരംതന്നെ. കൂട്ടിലിട്ട മുട്ട ശേഖരിച്ചു കഴിഞ്ഞാലും മുട്ടയിടാത്ത താറാവു ശേഷിക്കും. അവ പാടത്തിറങ്ങി ശരീരം പാകപ്പെടുത്തുമ്പോള്‍ മുട്ടയിടും. അതിന് 'വഴിമുട്ട' എന്നുപറയും. വഴിമുട്ട തീറ്റക്കാരനു സ്വന്തമായി ഉപയോഗിക്കാം.
കുട്ടനാട്ടിലെ നെല്‍ക്കൃഷി മനോഹരമായ ഒരു കാഴ്ചതന്നെയാണ്. എന്നാല്‍ കുട്ടനാട്ടിലെ കര്‍ഷകര്‍ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് കീടബാധ. ഞാറ്റുവേല പിഴച്ചാല്‍ മാത്രമുണ്ടാകുന്ന ഒരു പ്രതിഭാസമായിരുന്നു ഈ കീടബാധ.
*രോഗം ബാധിച്ച പമ്പാജലം
കുട്ടനാട്ടിലെ മങ്കൊമ്പ് അറുപതില്‍ച്ചിറ കോളനിക്കാര്‍ക്ക് കുടിക്കാന്‍ ഒരുതുള്ളിപോലും ശുദ്ധജലം ഇല്ലായിരുന്നു. പമ്പയാറ്റിലെ വെള്ളമാണ് അവര്‍ കുടിച്ചിരുന്നത്. ആഹാരം പാകം ചെയ്യുന്നതടക്കമുള്ള മുഴുവന്‍ ജലാവശ്യങ്ങള്‍ക്കും ആശ്രയം പമ്പതന്നെ. കോളനിക്കടുത്തുള്ള പാടശേഖരങ്ങളിലെ മൂന്ന് മോട്ടോര്‍തറകളില്‍നിന്നുള്ള കീടനാശിനി കലര്‍ന്ന വെള്ളം ഈ ആറ്റിലേക്കാണ് പമ്പുചെയ്തിരുന്നത്. കൂടാതെ ഇവിടെ നങ്കൂരമിട്ടിരുന്ന ഇരുപത്തിയഞ്ചോളം ഹൗസ്‌ബോട്ടുകളിലെ മാലിന്യം പുറമേ. ഒഴുക്കുനിലച്ച ആറ്റില്‍ നഞ്ചുകലക്കിയുള്ള മീന്‍പിടുത്തം വേറെ. ഇത്തരത്തിലുള്ള കാരണങ്ങളാല്‍ കുട്ടനാട്ടില്‍ പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ചു. എലിപ്പനി എന്ന മാരക പകര്‍ച്ചവ്യാധിയായിരുന്നു കുട്ടനാടിനെ കീഴ്‌പ്പെടുത്തിയത്.
*തണ്ണീര്‍മുക്കം ബണ്ട്
വേമ്പനാട് കായലിനു കുറുകെ കെട്ടിയ ഉരുക്കുകോട്ടയാണ് തണ്ണീര്‍മുക്കം ബണ്ട്. ബണ്ടിന്റെ 62 ഉരുക്കു ഷട്ടറുകളും താഴ്ത്തിയിടന്ന കാലമാണ് കുട്ടനാടിന് ഏറ്റവും ദുരിതമയം. എല്ലാ വര്‍ഷവും മാസങ്ങളോളം തുടര്‍ച്ചയായി ഷട്ടറുകള്‍ താഴ്ത്തിയിടാറുണ്ട്. കടലും കായലും തമ്മിലുള്ള ബന്ധം ബണ്ടുകെട്ടി മുറിച്ചത് കുട്ടനാട്ടിലെ പരിസ്ഥിതി സന്തുലനം തകര്‍ത്തു. ഉപ്പുവെള്ളം കയറി ശുദ്ധിചെയ്യപ്പെട്ടിരുന്ന ജലാശയം രോഗാണുക്കളുടെ താവളമാക്കിയത് തണ്ണീര്‍മുക്കം ബണ്ടാണ്, 1975-ല്‍ തണ്ണീര്‍മുക്കം ബണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയശേഷം മത്സ്യങ്ങള്‍ക്ക് കുട്ടനാടന്‍ ജലാശയം ഹിതകരമല്ലാതായി. 23 ഇനം മത്സ്യങ്ങള്‍ക്ക് വംശനാശം സംഭവിച്ചു.
കൃഷിയെ കാര്‍ന്നുതിന്ന രോഗം
കുട്ടനാടിന്റെ താങ്ങും തണലുമായ നെല്ലിന് 'കുഴല്‍' രോഗം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പെരുകി. വിനാശകാരികളായ കീടങ്ങള്‍ പലതും ഉണ്ടായി. തെങ്ങിന് രോഗങ്ങളൊഴിഞ്ഞ നേരമില്ലാതായി. ഉത്പാദനം ഗണ്യമായി കുറഞ്ഞു. ആഫ്രിക്കന്‍ പായല്‍, ജര്‍മ്മന്‍ പോള തുടങ്ങി പായല്‍വര്‍ഗ്ഗത്തില്‍്‌പെട്ട സസ്യങ്ങളും കളകളും തിങ്ങിത്തഴച്ച് ജലാശയങ്ങളില്‍ ജലഗതാഗതം അസാധ്യമായി. ജലാശയങ്ങളില്‍ മണ്ണില്‍പ്പറ്റി വളര്‍ന്ന ജലസസ്യങ്ങള്‍ പെരുകുകയും അവിടങ്ങളില്‍ എക്കല്‍ നിറഞ്ഞ് പല ഭാഗങ്ങളും ചതുപ്പായി മാറി. തോടുകളൊക്കെ നികത്തി. മറ്റുള്ളവയ്ക്ക് ആഴവും കുറഞ്ഞു. ജലമലിനീകരണം അതിന്റെ എല്ലാ ദുര്‍മുഖങ്ങളും കാട്ടി കുട്ടനാടിനെ തറപറ്റിച്ചു.
*വിഷലിപ്തമാകുന്ന ഭൂഗര്‍ഭജലം
കൃഷിക്ക് പ്രയോഗിക്കുന്ന വളത്തിന്റെയും കീടനാശിനിയുടെയും ഒരുഭാഗം പാടശേഖരത്തിലെ മണ്ണില്‍ തങ്ങിനില്‍ക്കും. കൊയ്ത്തു കഴിയുമ്പോള്‍ പാടത്ത് വെള്ളം കയറ്റിയിടുക കുട്ടനാട്ടിലെ രീതിയാണ്. മണ്ണില്‍ തങ്ങിനില്‍ക്കുന്ന വളത്തിന്റെയും കീടനാശിനിയുടെയും കുറേ ഭാഗം ഈ സമയത്ത് വെള്ളത്തില്‍ ലയിച്ച് മണ്ണില്‍ താഴുന്നു. ഭൂഗര്‍ഭജലം വിഷലിപ്തമാകുന്നത് ഇങ്ങനെയാണ്. പാടത്തുനിന്നും പമ്പുചെയ്തിറക്കുന്ന വെള്ളത്തില്‍ വളത്തിന്റെയും വിഷത്തിന്റെയും ശേഷിപ്പുകള്‍ പൊതു ജലാശയത്തില്‍ കലരും. എല്ലാവര്‍ഷവും നെല്‍ക്കൃഷിയുമായി ബന്ധപ്പെട്ട് കുട്ടനാട് ഇങ്ങനെ മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.


ജോമോള്‍ ജെയിംസ്, ഹോളി ഫാമിലി ഗേള്‍സ് എച്ച് എസ്സ് കൈനകരി

October 07
12:53 2017

Write a Comment