Article

മാരിവില്ലഴകേറും ചിത്രശലഭങ്ങള്‍...

വര്‍ണ്ണച്ചിറകുകള്‍ വീശി പൂക്കളെ മുത്തംവയ്ക്കുന്ന ചിത്രശലഭങ്ങളെ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്
കേരളത്തിലാകെ മുന്നൂറ്റി ഇരുപത്തിരണ്ടിനം ചിത്രശലഭങ്ങളുണ്ട്. 60-70 ജാതി ശലഭങ്ങളെ മിക്ക നാട്ടിന്‍പുറങ്ങളിലും കാണാം. ലപ്പിഡോപ്‌ടെറ എന്ന ഗോത്രത്തിലെ അംഗങ്ങളാണ് ശലഭങ്ങളും നിശാശലഭങ്ങളും. ഇവയില്‍ എണ്ണത്തില്‍ കൂടുതലുള്ളത് നിശാശലഭങ്ങള്‍ തന്നെ. ഓരോ ഇനം ശലഭത്തിനും പ്രത്യേക ഭക്ഷണസസ്യങ്ങളുണ്ട്. മുട്ട വിരിഞ്ഞ് പുറത്തുവരുന്ന ലാര്‍വകള്‍ തീരെ ചെറുതാണ്. ഇവ വലിയ തീറ്റക്കാരാണ്. വേഗം വളരുന്ന അവ പലപ്രാവശ്യം കുപ്പായം മാറി പ്യൂപ്പ ആകാനുള്ള സമയമാകുമ്പോള്‍ ആഹാരം കഴിക്കല്‍ പാടെ നിര്‍ത്തും. എന്നിട്ട് ശത്രുക്കളുടെ കണ്ണില്‍പ്പെടാതെ ഒരു സ്ഥലം തിരഞ്ഞെടുക്കും. മിക്ക ശലഭങ്ങളുടെയും പ്യൂപ്പകള്‍ മരക്കൊമ്പുകളിലും ഇലകളുടെ അടിവശങ്ങളിലും തൂങ്ങിക്കിടക്കുകയാണ് പതിവ്. ശലഭം പുറത്തുവരാനുള്ള സമയമടുക്കുമ്പോള്‍ ചിറകിലെ നിറങ്ങളും പുള്ളികളും വെളിയില്‍ കാണാന്‍ തുടങ്ങും. പ്യൂപ്പയില്‍ ചില ചലനങ്ങള്‍ കാണാം. അതികം താമസിക്കാതെ പുറംതോടില്‍ ചെറിയ വിള്ളലുകള്‍ പ്രത്യക്ഷപ്പെടും. ആദ്യം കാലുകള്‍ പുറത്തുവരും. അല്പനേരം കഴിഞ്ഞ് നനഞ്ഞ് ചുക്കിച്ചുളിഞ്ഞ ചിറകുകള്‍ വിടരാന്‍ തുടങ്ങും. ചിറകിലെ രക്തധമനികളിലേക്ക് രക്തം പമ്പുചെയ്താണ് വിടരുന്നത്. പിന്നെ, ആ മനോഹര വര്‍ണ്ണച്ചിറകുകള്‍ വീശി ചിത്രശലഭം പറന്നുയരുകയായി.
പൂമ്പാറ്റകളെത്തേടി നമ്മള്‍ പോകുംപോലെ നമ്മളെത്തേടി പൂമ്പാറ്റകളെത്താന്‍ പൂമ്പാറ്റകളെ ആകര്‍ഷിക്കുന്നയിനം പൂക്കളുള്ള ചെടികള്‍ നമ്മുടെ തൊടികളില്‍ വച്ചുപിടിപ്പിക്കുകയും പൂമ്പാറ്റ മുട്ടയിടുന്ന സസ്യങ്ങള്‍ പരിസരത്ത് സംരക്ഷിക്കുകയും ചെയ്താല്‍ മതി. അങ്ങനെ ചിത്രശലഭത്തോട്ടം നമുക്കുതന്നെ ഉണ്ടാക്കാനാകും.
പൂമ്പാറ്റ നിരീക്ഷണത്തിന് അനുയോജ്യമായ സമയം സൂര്യനുദിച്ച്് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞ് എന്നാല്‍ ചൂട് ശക്തമാകുന്നതിന് മുമ്പുള്ള സമയമാണ്. നിറം, ആകൃതി, വലിപ്പം , പറക്കുന്ന രീതി എന്നിവയിലൂടെയാണ് പൂമ്പാറ്റകളെ തിരിച്ചറിയാന്‍ കഴിയുക.
കൃഷ്ണകിരീടം, അല്ലിത്താമര അഥവാ കോസ്‌മോസ് , അരിപ്പൂ അഥവാ കൊങ്ങിണിപ്പൂ, ബന്ദി, തെച്ചിപ്പൂ തുടങ്ങിയവ പ്രാഥമികമായി ശലഭോദ്യാനത്തില്‍ വച്ചുപിടിപ്പിക്കുന്നതിലൂടെ ശലഭങ്ങളെ ആകര്‍ഷിക്കുവാനായി സാധിക്കും.
ചിലയിനം ശലഭങ്ങളും അവയുടെ ലാര്‍വകള്‍ ഭക്ഷണമാക്കുന്ന ചെടികളും പരിചയപ്പെട്ടോളൂ.

മഞ്ഞപ്പാപ്പാത്തി (തകരവര്‍ഗങ്ങള്‍, കണിക്കൊന്ന, വാക, ചേരണി), വരയന്‍കടുവ (പൊന്നരളി), കറുപ്പന്‍ (പുല്‍വര്‍ഗ്ഗ സസ്യങ്ങള്‍), നാരകക്കാളി (നാരകവര്‍ഗ്ഗം, കറിവേപ്പില, കൂവളം, പാണല്‍, മുള്ളിലം) നീലക്കടുവ (പൊന്നരളി, എരുക്ക്, വള്ളിപ്പാല, വട്ടകാക്കക്കൊടി) ചെസ്‌നട്ട് ആങ്കില്‍ (ശീമപ്പഞ്ഞിമരം, ഉദിരം) മയില്‍ക്കണ്ണി (വയല്‍ച്ചുള്ളി, പാര്‍വതി ചെടി) ഓലക്കണ്ടന്‍ (അലങ്കാരപ്പനകള്‍, തെങ്ങ്, കവുങ്ങ്, ചൂരല്‍), ചെറുപുലി തെയ്യന്‍ (റിനോറിയ മരം) ചൊട്ടശലഭം (ഊരം, കാട്ടുവെണ്ട, ഉപ്പുചീര) തീച്ചിറകന്‍ (പാഷന്‍ഫ്രൂട്ട്, മുതുക്ക്, കാട്ടുപൂവരശ്, നാരകശലഭം (നാരകം, കൂവളം, പാണല്‍, കറിവേപ്പ്, അരൂത) വയാങ്കതന്‍ (ചളിര്, ലൂവിക്ക, കരിമുള്ളി) ഗരുഡശലഭം (ഈശ്വരമുല്ല, കരണ്ടവള്ളി) ചെങ്കോമാളി (ഇലമുളച്ചി, പാറമഷി) ഗ്രേക്കൗണ്ട് (പേഴ്, അതിരാണി) എരുക്ക്തപ്പി (എരുക്ക്, പൊന്നരളി, പാല്‍വള്ളി) ബുദ്ധമയൂരി (മുള്ളിലം) കരിയിലശലഭം (പുല്‍വര്‍ഗ്ഗ സസ്യങ്ങള്‍, വെള്ളിലത്തോഴി (വെള്ളില, നീര്‍ക്കടമ്പ്, ആറ്റുവഞ്ചി, കാട്ടകത്തി).
ചിത്രശലഭങ്ങളും നിശാശലഭങ്ങളും ഭൂമിയില്‍ പിറവിയെടുത്തിട്ട് അഞ്ച് കോടി വര്‍ഷമായെന്നാണ് കരുതുന്നത്. ശലഭമുട്ട വിരിഞ്ഞിറങ്ങുന്ന ലാര്‍വ ആദ്യം കഴിക്കുന്നത് മുട്ടത്തോട് തന്നെയാണ്. നിറങ്ങളെ നന്നായി തിരിച്ചറിയാന്‍ കഴിയുന്ന ജീവിയാണ് ചിത്രശലഭം. മനുഷ്യന് കാണാന്‍ കഴിയാത്ത അള്‍ട്രാവയലറ്റ് വികിരണങ്ങളും ശലഭങ്ങള്‍ക്ക് കാണാം. ശലഭങ്ങള്‍ക്ക് ഇണകളെ കണ്ടെത്താനുള്ള സൂത്രമാണ് നൃത്തം. നാലുഘട്ടങ്ങളായാണ് പൂമ്പാറ്റയുടെ ജീവിത ചക്രം. മുട്ട, പുഴു, പ്യൂപ്പ, ചിത്രശലഭം എന്നിവയാണിവ. ഭക്ഷണമാക്കാന്‍ ഉപയോഗിക്കുന്ന ചെടികളിലാണ് അമ്മ പൂമ്പാറ്റ മുട്ടയിടുക. മുട്ട വിരിഞ്ഞ് പുഴു ഉണ്ടാകുന്നു. പുഴു ഇലകളും സസ്യഭാഗങ്ങളും തിന്ന് വളരുന്നു. പുഴു പിന്നീട് പ്യൂപ്പ് ആകുന്നു. പ്യൂപ്പയില്‍ നിന്ന് ചിത്രശലഭം.
ഭൂമിയിലെ മറ്റേത് ജീവിയെപ്പോലെ ചിത്രശലഭങ്ങളും വംശനാശ ഭീഷണിയിലാണ്. നമ്മുടെ കണ്ണിനും കരളിനും ആനന്ദമുണ്ടാക്കുക മാത്രമല്ല പൂമ്പാറ്റകളുടെ നിയോഗം. പരാഗണത്തെ സഹായിക്കുക വഴി ഭൂമിയിലെ മറ്റു ജീവികളുടെു ഭക്ഷ്യസുരക്ഷിതത്വത്തെ ഉറപ്പാക്കുകയും ആഹാരശൃംഖലയിലെ ഒരു കണ്ണിയാകുകയും വഴി പരിസ്ഥിതി സന്തുലനം നിലനിര്‍ത്തുകയും ചെയ്യുന്നു. ലാര്‍വ ഭക്ഷണ സസ്യങ്ങളുടെ നാശം, കീടനാശിനി തുടങ്ങിയ രാസവസ്തുക്കളുടെ ഉപയോഗം, വനനശീകരണം, കച്ചവടത്തിനും ഗവേഷണത്തിനും വേണ്ടിയുള്ള വേട്ടയാടലുകളും ഇവയെ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാക്കുന്നുണ്ട്. ഏതു ജീവിയെക്കുറിച്ചും പഠിക്കേണ്ടത് ജീവനുള്ളവയെ നിരീക്ഷിച്ചും സ്വാഭാവിക സാഹചര്യങ്ങള്‍ മനസ്സിലാക്കികയുമാണ്. മറിച്ച് അവയെക്കൊന്ന് ആല്‍ബങ്ങള്‍ ഉണ്ടാക്കിയല്ല. ഈ ഭൂമിയില്‍ മറ്റേത് ജീവിക്കുമെന്നപോലെയെ മനുഷ്യനും അവകാശമുള്ളുവെന്ന തിരിച്ചറിവോടെ സഹജീവികളെ സ്‌നേഹിക്കാന്‍ തുടങ്ങിയാലേ ചിത്രശലഭങ്ങള്‍ക്ക് ഭൂമിയില്‍ നിലനില്‍പ്പുണ്ടാകു; നമുക്കും !എം. ഷീല

July 20
12:53 2018

Write a Comment