Article

ജലപ്രളയം 2018

99നെ വെല്ലുന്ന 2018ലെ ജലപ്രളയം
പ്രകൃതി ദുരന്തങ്ങളുടെ ശക്തി
നേരിട്ടനുഭവിച്ചറിഞ്ഞതിന്റെ അനുഭവത്തിലാണ് ഇങ്ങനെ എനിക്കു എന്റെ
എഴുത്താണി ചലിപ്പിക്കേണ്ടി വന്നത്.
ഞാൻ ജയറാണി സെബാസ്റ്റ്യൻ, ഉളുന്തി ഹോളി ഇൻഫന്റ് ജീസസ് യുപി സ്കൂളിലെ അധ്യാപിക.
കേരളം നേരിട്ട ആ മഹാജപ്രളയത്തെ ഓർക്കാൻ പോലും ....വയ്യാ ..... എന്നാൽ
ഓർക്കാതിരുന്നാൽ ...അല്ല.... വേണ്ട... എല്ലാം പേടിയാവുന്നു.
99–ലെ വെള്ളപ്പൊക്കത്തെ വെല്ലുന്നതായിരുന്നു 2018 ആഗസ്റ്റ് 16ലെ ആ മഹാമഹാ
ജലപ്രളയം. പതിനാറിന്റെ പുലർച്ചക്കത്തെ കുത്താകൂരിരുട്ടും കോപിഷ്ഠയായ
പമ്പാനദിയിലെ കുത്തൊഴുക്കിനെയും എങ്ങനെ അഭിമുഖികരിച്ചതെന്നോർക്കുമ്പോൾ
ഒരു രണ്ടാം ജന്മമുണ്ടാകുമെന്നു ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.
അത്രയ്ക്കു ഭീമാകാരമായിരുന്നു ആ... മഹാപ്രളയം.
ഇന്ത്യാമഹാരാജ്യം സ്വാതന്ത്ര്യം കിട്ടിയതിന്റെ മറ്റൊരു സുദിനം കൂടി
ആഘോഷിച്ചു കിടന്നുറങ്ങിയതു നല്ല തെളിഞ്ഞ ദിനത്തിലായിരുന്നു. 16ന്റെ
പുലർച്ച മുതൽ ആ മഹാപ്രളയം വന്നതും ഒരു പക്ഷെ ആരും അറിഞ്ഞു കാണില്ല. കാരണം
എല്ലാവരും തകർപ്പൻ ഉറക്കത്തിലായിരുന്നു. കാലിൽ ആരോ വെള്ളം
കോരിയൊഴിക്കുന്നതു പോലെ ജനൽപാളിയിൽ കൂടി എത്തിയ വെള്ളമാണ് ഒരു പക്ഷെ
എന്നെയും കുടുംബത്തെയും രക്ഷപ്പെടുത്തിയതെന്നു പറയാം. ‍ഞാൻ
ഞെട്ടിയുണർന്നു. കൈ കിട്ടിയ സാധനസാമഗ്രികളും ഏഴും ഒൻപതും വയസുള്ള രണ്ടു
പിഞ്ചു കുഞ്ഞുങ്ങളെ ഇരുതോളിലുമേറ്റി, മറ്റാരുടെയോ സഹായത്തോടെ
കിടക്കമുറിയിൽ നിന്നും ഞങ്ങൾ പുറത്തിറങ്ങി. നട്ടെല്ലിനു ഗുരുതര
പരുക്കേറ്റു തളർന്നു ചികിത്സയിൽ കഴിയുന്ന ഭർത്തൃപിതാവ്, അമ്മ അടങ്ങുന്ന
അഞ്ചംഗ കുടുംബം വീടുവിട്ടു 50 അടി അകലെയുള്ള ഒരു ഇരുനില വീടിന്റെ
മുകളിലത്തെ നിലയെ ലക്ഷ്യമാക്കി എന്തും വരട്ടെയെന്നു സർവ ദൈവങ്ങളെയും
പ്രാർഥിച്ചു ആ കുത്തൊഴുക്കിൽ കഴുത്തറ്റം വെള്ളത്തിൽ കൂടി നീന്തലറിയാത്ത
ഞാൻ നടന്നും അൽപം വെള്ളം കുടിച്ചുമൊക്കെ നീന്തി കരപറ്റിയെന്നു വേണമെങ്കിൽ
പറയാം. ലക്ഷ്യസ്ഥാനത്തെ വീടിനു മുകളിലത്തെ ഒന്നാം നിലയിലെത്തിയത്.
താഴെത്തെ നിലം അപ്പോളേയ്ക്കും മുങ്ങി കഴിഞ്ഞു. പിന്നെ കൂരിരുട്ടിൽ
കിട്ടിയ ചങ്ങാടങ്ങളിലും വള്ളത്തിലുമായി അയൽവാസികളെല്ലാം ഞങ്ങൾക്കൊപ്പം
കൂടി. അങ്ങനെ മൂന്നു രാത്രിയും നാലു പകലും 2018നെ നടുക്കിയ ആ
മഹാജലപ്രളയത്തെ നേരിട്ടു അനുഭവിച്ചറിയാനിടയായി.
ഞങ്ങൾക്കെല്ലാവർക്കും അഭയം നൽകിയ ആ വീട്ടുകാരുടെ കാരുണ്യത്താൽ ആഹാരവും
വെള്ളത്തിനും മറ്റു സൗകര്യങ്ങൾക്കൊന്നും കുറവുണ്ടായിരുന്നില്ലെങ്കിലും
വെള്ളത്താൽ എല്ലാം തകരാൻ പോകുന്ന ഒരു ഭീകര കാഴ്ചയാണ് എനിക്കു കാണാൻ
കഴിഞ്ഞത്. അതു പറഞ്ഞറിയിക്കാൻ പറ്റില്ല അനുഭവിച്ചറിയുമ്പോഴെ ആ
മഹാജലപ്രളയത്തിന്റെ ദുരന്തം, ദുരിതം ആർക്കും മനസിലാകുകയുള്ളു. ജീവിതത്തിൽ
ഇന്നു വരെ കണ്ടില്ലാത്ത കോരിച്ചൊരിയുന്ന നിർത്താതെ... മനുഷ്യ ജീവനോടു
യാതൊരു കരുണയും കാട്ടത്തവിധമുള്ള ഘോരമായ മഴയും തൊട്ടടുത്തു കൂടി ഒഴുകുന്ന
പമ്പാ, മണിമലയാറുകളിലെ കുത്തൊഴുക്കുകളുമെല്ലാമായപ്പോൾ ഇനി
ജീവിതത്തിലേക്കില്ലെന്നു ഒരു ഘട്ടത്തിൽ ഉറപ്പിച്ചു എന്റെ രണ്ടു മക്കളെയും
കെട്ടിപ്പിടിച്ചു ദൈവത്തോടു കേണു പ്രാർഥിച്ചാണ് മൂന്നു രാത്രിയും നാലു
പകലും കഴിച്ചു കൂട്ടിയത്. പ്രളയത്തിന്റെ നടുക്കു മുങ്ങി താഴാൻ പോകുന്ന
ഒരു പർവ്വതം പോലെ ഞങ്ങളെല്ലാവരും കണ്ണുനീരോടെ നിന്നു. ഇതിനിടയിൽ മൊബൈൽ
ഫോണിലെ ചാർജ് തീരുന്നതു വരെ എന്റെ ഉറ്റ അധ്യാപകരും മറ്റു സൃഹൃത്തുക്കൾ
നൽകിയ ധൈര്യം മറ്റൊരു തരത്തിലുള്ള കരുത്തായിരുന്നു. എന്നെയും
കുടുംബത്തെയും ഒപ്പമുള്ള അയൽവാസികളായ പതിനഞ്ചോളം കുടുംബത്തെയും
രക്ഷപ്പെടുത്തണമെന്നുള്ള ഒരു മാധ്യമപ്രവർത്തകന്‍ നവമാധ്യമങ്ങൾ വഴി
നടത്തിയ സന്ദേശവും എനിക്കും വായിക്കാൻ കഴിഞ്ഞു. പൊലീസ്, റവന്യു,
പഞ്ചായത്ത്, അഗ്നിശമന സേന എന്നിവരുമായും ബന്ധപ്പെട്ടു ഞങ്ങളെ
രക്ഷപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ രക്ഷാപ്രവർത്തകർക്കു പോലും കടന്നു
വരാൻ കഴിയാത്ത വിധം കുത്തൊഴുക്കായിരുന്നു എന്റെ വീടിന്റെ പ്രദേശമാകെ.
ഇതിനിടയിൽ ഞങ്ങളെ രക്ഷിക്കാൻ വള്ളങ്ങൾ വന്നെങ്കിലും കുത്തൊഴുക്കിൽ ഒരു
വള്ളം തകരുന്നതും നേരിൽ കാണാനായി. ഇത്ര കണ്ടു കേരളസമൂഹം ഘോരമായ
ജലപ്രളയത്തിൽ പെട്ടിട്ടുണ്ടെന്നും ആ ആൾ വഴി അറിയാൻ കഴിഞ്ഞു. മുകളിലൂടെ
കള്ളുകുടിയൻ തുമ്പിയെ പോലെ വട്ടമിട്ടു പറക്കുന്ന ഹെലികോപ്റ്ററുകളെ
ചീറിപായുന്നതും അടുത്തുകൂടി ഘോരമായ കാറ്റും വീശി കടുന്നു പോകുന്നതും
കാണാനായി. ഇങ്ങനെ എണ്ണിയാൽ തീരാത്ത അനുഭവങ്ങളാണ് ഞാനും എന്റെ കുടുംബവും
നേരിട്ടത്.
അധികൃതരുടെ മുന്നറിയിപ്പിനെ അവഗണിച്ചതും വരാനിരിക്കുന്ന ഇനിയൊരു പ്രളയം
വന്നാൽ എങ്ങനെ നേരിടണമെന്നും അതിനെ അതിജീവിക്കാനുള്ള ധൈര്യവും കരുത്തും
ആർക്കുവാൻ കഴിഞ്ഞെന്നാണ് എന്റെ വിശ്വാസം.
..............................................................................................................................


ജയറാണി സെബാസ്റ്റുറ്റ്യൻ

September 18
12:53 2018

Write a Comment