Article

പമ്പ

പ്രാചീനകാലത്ത് ''ബാരിസ് നദി'' എന്നറിയപ്പെട്ടിരുന്ന പമ്പാ നദിയാണ് എന്റെ പ്രദേശത്തുകൂടി ഒഴുകുന്ന നദി. പുണ്യനദിയെന്നു വിശേഷിപ്പിക്കപ്പെട്ട പമ്പാനദി വിശേഷണത്തെ അന്വര്‍ഥമാക്കുന്ന രീതിയില്‍ ''ദക്ഷിണ ഗംഗ'' എന്നും ''ദക്ഷിണ ഭാഗീരഥി'' എന്നും അറിയപ്പെടുന്നു.
എക്കല്‍ മണ്ണിനാല്‍ സമ്പുഷ്ടമാണ് പമ്പയുടെ തീരം. അതിനാല്‍ വളക്കൂറുള്ള തീരപ്രദേശത്ത് കൃഷി ചെയ്യുന്ന നിരവധി പേരുണ്ട്. ഫലസമൃദ്ധി മനസ്സിലാക്കി നദിക്കു സമീപം താമസിക്കുന്ന പല കുടുംബങ്ങളും ഈ ഉദ്യമവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നു. എന്റെ സ്‌കൂളിലും ഈ കൃഷി രീതി പിന്തുടരുന്നുണ്ട്. കന്നുകാലികളെ പുഴയുടെ തീരത്ത് പകല്‍ സമയങ്ങളില്‍ കൊണ്ടുവരാറുണ്ട്. അവയ്ക്കുവേണ്ട വെള്ളത്തിനായി ആശ്രയിക്കുന്നതും പമ്പാനദിയെ തന്നെയാണ് പുഴയുടെ തീരത്ത് കൃഷി ചെയ്യുന്നതിലൂടെ ജലസേചനം എളുപ്പമായിരിക്കുന്നു. സമീപവാസികള്‍ പമ്പയില്‍ കുളിക്കാനും വസ്ത്രങ്ങള്‍ അലക്കാനും എത്താറുണ്ട്. പുഴയെ മലിനമാക്കുന്നതോടൊപ്പം അവര്‍ പുഴയെ ആശ്രയിക്കുകയും ചെയ്യുന്നു.
പമ്പാനദിക്കു സമീപമുള്ള കെട്ടിട നിര്‍മാണത്തിനു പമ്പയിലെ ജലത്തെ ആശ്രയിക്കുന്നുണ്ട്. പാലം പൂര്‍ണമായി യാഥാര്‍ഥ്യമാകാത്ത സ്ഥലങ്ഗളില്‍ കടത്തുനടത്തി ഉപജീവനമാര്‍ഗം കണ്ടെത്തുന്ന കടത്തുകൊഴിലാളികള്‍ക്ക് പമ്പാനദി ആത്മ സംതൃപ്തി പകരുന്നു. പുഴ മീനുകളുടെ വിപണനത്തിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തുന്ന പ്രദേശവാസികള്‍ക്ക് പമ്പാനദി എന്നും സുരക്ഷിതത്വത്തിന്റെ കൈത്താങ്ങു നല്‍കുന്നു. സമീപത്തെ കിണറുകളുടെ ജലലഭ്യത പമ്പാനദിയുടെ സാന്നിധ്യമാണ്.

ബാല്യചാപല്യങ്ങള്‍ വിട്ടുമാറാത്ത പെണ്‍ണ്‍കുട്ടിയെപ്പോലെ പമ്പാനദി ഇന്നും എന്റെ നാടിന്റെ നാഡീഞരമ്പായി ഒഴുകുന്നു. ദിവസങ്ങള്‍ കടന്നുപോകുമ്പോഴും ബാല്യത്തിന്റെ നൈര്‍മല്യത കൈമുതലാക്കി തന്റെ പ്രയാണം തുടരുന്ന പമ്പാനദിക്ക് മനുഷ്യന്റെ അതിക്രമത്താല്‍ ജരാനരകള്‍ ബാധിച്ചുവെങ്കിലും പരാതിയോ പരിഭവമോ കൂടാതെ തന്റെ കണ്ണുനീരിനെ തന്നിലെ ജലമായി മാറ്റി വേമ്പനാട്ടു കായലിലേക്കു പതിക്കുകയാണ് മലയാളികളുടെ ''പുണ്യഗംഗ''. പുളച്ചിമലയില്‍നിന്നുത്ഭവിച്ച് തന്റെ സഹയാത്രികരായ കക്കി, അഴുത, കല്ലാര്‍, കക്കട്ടാര്‍, വരട്ടാര്‍, കുട്ടംപേരൂര്‍ എന്നിവരെ ഒപ്പംകൂടി 176 കി.മീ. ദീര്‍ഘയാത്ര ചെയ്താണ് പമ്പാനദി വേമ്പനാട്ടുകായലിലേക്ക് അലിഞ്ഞുചേരുന്നത്. ശബരിമല സന്നിധാനത്തിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് പുതുജീവന്റെ അനുഭൂതി തന്നിലെ സ്‌നാനത്തിലൂടെ പ്രദാനം ചെയ്യുകയാണ് പമ്പാനദി. പന്തളം രാജാവിന് ശ്രീ ധര്‍മ്മശാസ്താവിനെ പമ്പാനദിയുടെ തീരത്തുനിന്നാണ് ലഭിച്ചതെന്നു ചരിത്രം സാക്ഷിക്കുന്നു. വാല്മീകി രാമായണത്തിലെ പമ്പയെ സംബന്ധിച്ചുള്ള പരാമര്‍ശം ശ്രദ്ധേയമാണ്.
1896-ല്‍ ആരംഭിച്ച ക്രിസ്ത്യാനികളുടെ ഏറ്റവും വലിയ സമ്മേളനമായ മരാമണ്‍ കണ്‍വെന്‍ഷനും ഒന്നും ചെറുകോല്‍പ്പുഴ കണ്‍വന്‍ഷനും വേദിയായി പമ്പാനദി മാറിയതിനു പിന്നിലെ വ്യംഗാര്‍ഥം പമ്പാനദിയുടെ ജലസമൃദ്ധിയും നൈര്‍മല്യതയും തന്നെയാവാം. ഓര്‍ത്തഡോക്‌സ് സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ പാദസ്പര്‍ശത്താല്‍ അനുഗ്രഹീതമായ പരുമല പമ്പാനദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രവും ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രവും പമ്പയുടെ ദാനമായ മണ്ണിലുയര്‍ന്നു വന്ന ആരാധനാലയങ്ങളാണ് അനുഗ്രഹപ്രദമായി പരിലസിക്കുന്ന ക്ഷേത്രങ്ങള്‍ പമ്പാനദിക്കു സംരക്ഷണമേകുന്നു.
പമ്പാനദിയിലെ ബാല്യചാപല്യങ്ങള്‍ ദര്‍ശനയുക്തമാകുന്ന അവസരങ്ങളാണ് ആറന്മുള വള്ളം വളിയുടെ നാളുകള്‍. ഉതൃട്ടാതിയിലെ ജലോത്സവത്തിനു വേദിയാകുന്ന പമ്പാനദി പൂര്‍ണമായും ഊര്‍ജ്വസ്വലയാണ്.
സുന്ദരിയായ ബാലികയുടെ കൊഞ്ചലുകള്‍ക്കൊപ്പം കണ്ണീര്‍നനവുള്ള വേദനകള്‍ പങ്കുവെയ്ക്കുവാനും പമ്പാ നദി വെമ്പല്‍കൊള്ളുകയാണ്. മനുഷ്യന്റെ ക്രൂരകൃത്യങ്ങള്‍ക്ക് രക്തസാക്ഷിയായി ഒരു നീര്‍പരപ്പ് ഇന്നു കേരളത്തിലൊഴുകുന്നു. അതാണ് പമ്പ കുളിര്‍മയുടെ ജലം നല്‍കി നമ്മെ അനുഗ്രഹിച്ച ദേവതുല്യയായ പമ്പ ഇന്നു വാര്‍ധക്യത്തിനടുത്ത് എത്തിയിരിക്കുകയാണ്. അന്ത്യനാളുകളെ എണ്ണിക്കഴിയുന്ന പമ്പയെ യൗവ്വനയുക്തയാക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്.

മാലിന്യ നിക്ഷേപം കൂടാതെ മറ്റനവധി പ്രശ്‌നങ്ങള്‍ ഇന്നു പമ്പാനദി നേരിട്ടുകൊണ്ടിരിക്കുന്നു. ഇന്നത്തെ പ്രധാന വിപത്താണ് വര്‍ധിച്ചുവരുന്ന മണലൂറ്റല്‍. പരിസ്ഥിതിയെ തകിടം മറിക്കുന്ന വിധത്തില്‍ അതീവരൂക്ഷമായി മാറിക്കൊണ്ടിരിക്കുകയാണ് ഈ പ്രശ്‌നം. മണലൂറ്റല്‍ വ്യപകമായതുകാരണം പമ്പയില്‍ കയങ്ങള്‍ രൂപപ്പെട്ടിരിക്കുകയാണ്. നിരവധി ജീവനുകളാണ് ഇന്ന് പമ്പയില്‍ പൊലിയുന്നത്. നിയമംമൂലം ധാരാളം നിരോധനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ പോലും ഇന്നും നദീമുഖങ്ങളില്‍ മണല്‍ക്കൊള്ള നടക്കുന്നുവെന്നത് നിരാശാജനകമായ സത്യമാണ്. അനിയന്ത്രിതമായ മണലൂറ്റല്‍ കാരണം ഇന്ന് പമ്പയുടെ പല ഭാഗങ്ങളും വരണ്ട മണ്‍ത്തിട്ടകളായി മാറിക്കഴിഞ്ഞു. പമ്പയുടെ കൈവഴിയായ വരട്ടാര്‍ എന്ന പുഴയുടെ മൂന്നിലൊരു ഭാഗം അപ്രത്യക്ഷമായിക്കഴിഞ്ഞിരിക്കുന്നു. ഒപ്പം പുഴയെ കയ്യേറ്റഭൂമിയായി പ്രദേശവാസികള്‍ തങ്ങളുടെ സ്ഥലത്തോടൊപ്പം ചേര്‍ത്തിരിക്കുകയാണ്. സമീപവാസികളുടെ അടുക്കള മാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും പമ്പയിലേക്കാണ് ഒഴുക്കിവിടുന്നത്. ഒപ്പം ശബരിമലയില്‍നിന്നുള്ള മാലിന്യങ്ങളും വിസര്‍ജ്യങ്ങളുും പമ്പാനദിയെ കൂടുതല്‍ മലിനമാക്കുന്നു. പമ്പാനദിക്കുസമീപമുള്ള കടകളിലെയും ഹോട്ടലുകളിലെയും മാലിന്യങ്ങള്‍ നദിയിലേക്കു നിക്ഷേപിക്കുന്നതിലൂടെ നദിയുടെ ജൈവഘടനയെ തകര്‍ക്കുകയാണ്. രാസവസ്തുക്കള്‍ നദിയിലേക്കെത്തുന്നതിലൂടെ നദിയുടെ ആവാസവ്യവസ്ഥയ്ക്കുഭംഗം വരുന്നു. നദിക്കുസമീപം കൃഷി ചെയ്യുന്നവര്‍ കൃഷിക്കായി രാസകീടകുമിള്‍ നാശിനികള്‍ ഉപയോഗിക്കുന്നത് നദിയിലേക്കെത്തുകയും നദിയെ മലിനപ്പെടുത്തുകയും ചെയ്യുന്നു. ഫാക്ടറികളില്‍നിന്നുള്ള മാലിന്യങ്ങളും നദികളിലേക്കു തള്ളുന്നു.
ഇന്ന് നദി പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ ശക്തിയാര്‍ജിച്ചിരിക്കുകയാണ്. സമീപപ്രദേശങ്ങളിലെ സ്‌കൂളുകള്‍ വിവിധ ക്ലബ്ബുകള്‍ രൂപീകരിച്ച് ''പമ്പാനദി സംരക്ഷണ യജ്ഞം'' ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു.
പമ്പാനദിയുടെ കൈവഴിയായ വരട്ടാര്‍ പുനരുദ്ധാരണ പദ്ധതി ഏറ്റം ശ്രദ്ധേയമാണ്. ''വരട്ടേ ആറ്'' എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന കര്‍മപദ്ധതികളിലൂടെ വരട്ടാറിനോടൊപ്പം പമ്പാനദിക്കും പുത്തനുണര്‍വ്വു ലഭിക്കുന്നു. ഞങ്ങളുടെ സ്‌കൂളും ഈ പദ്ധതിയിലെ അംഗങ്ങളാണ്. ഒപ്പം ജാതിമത അതിര്‍വരമ്പുകളില്ലാതെ എല്ലാ സമുദായസംഘടനകളും പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങിയിരിക്കുന്നു. ഒപ്പം പമ്പയിലേക്കു മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ ശക്തമായ രീതിയില്‍ നടപടി സ്വീകരിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. പുഴയുടെ പുനരുദ്ധാരണത്തിനായി എക്കോബാബയും സംഘവും നടത്തുന്ന പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമാണ്. ''എന്‍െ ്രകല്ലിശ്ശേരി'' എന്ന പേരില്‍ രൂപീകരിച്ച വാട്‌സാപ്പ് കൂട്ടായ്മ സമൂഹമാധ്യമങ്ങലൂടെയുള്ള നദി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദാഹരണമാണ്. സ്‌കൂളുകളില്‍ ഡോക്യുമെന്ററി ചിത്രീകരണത്തിലൂടെ ജനങ്ങളിലേക്ക് ബോധവത്കരണമെത്തിക്കാന്‍ വിദ്യാര്‍ഥികളും തങ്ങളുടെ ശ്രദ്ധയെ കേന്ദ്രീകരിക്കുന്നു.
''ഒന്നു മുങ്ങിയാല്‍ പമ്പ സമ്മാനിക്കുന്നത് ഒരു പിടി അസുഖങ്ങളും'' എന്ന അവസ്ഥയിലെത്തിരിക്കുകയാണ്. ജലചംക്രമണ പ്രക്രിയ നിലച്ചതോടെ മത്സ്യലഭ്യതയും കുറഞ്ഞിരിക്കുന്നു. കാര്‍ഷികമേഖലയില്‍നിന്നു രാസവളാംശങ്ങള്‍ എത്തിയതോടെ പോള വളര്‍ന്നിരിക്കുകയാണ്.
പോള പടര്‍ന്നതോടെ സൂര്യപ്രകാശം നദിയുടെ അടിത്തട്ടില്‍ എത്താതെ മാലിന്യം പെരുകിത്തുടങ്ങി. അടിത്തട്ടിലെ ജീവജാലങ്ങള്‍ക്ക് ഓക്‌സിജന്‍ പോലും കിട്ടാത്ത അവസ്ഥ പോളകള്‍ നീക്കം ചെയ്യാന്‍ തൊഴിലുറപ്പുപ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയിരിക്കുന്നു. എന്നുള്ളത് ആശ്വാസദായമാണ്.
പമ്പയുടെ സംരക്ഷണത്തിനായുള്ള മുറവിളി തുടങ്ങിയിട്ട് കാലങ്ങളായി ശാസ്ത്ര സാഹിത്യ പരിക്ഷത്ത് അടക്കമുള്ള സംഘടനകള്‍ പലവട്ടം പഠനം നടത്തിയെങ്കിലും സമഗ്രമായ പഠനം സാധ്യമായിട്ടില്ല എങ്കിലും നവീകരണ പ്രവര്‍ത്തനങ്ങള്‍ നദിയുടെ ഉയിര്‍ത്തെഴുന്നേല്‍പിനെപ്പറ്റി പ്രത്യാശ നല്‍കുന്നു.

ബാല്യകാലസഖി എന്ന വിശേഷഷണമാണ് എന്റെ അപ്പൂപ്പനു പമ്പയെക്കുറിച്ചു പറയുവാനുള്ള പ്രധാനകാര്യം. ദാരിദ്ര്യവും പട്ടിണിയും നിഴലിച്ച കാലഘട്ടത്തില്‍ വിശപ്പുസഹിക്കുവാന്‍ കഴിയാത്ത അവസരത്തില്‍ പമ്പയിലെ ജലത്തില്‍ മുങ്ങിക്കിടക്കുമായിരുന്നത്രേ. കണ്ണുനീരും വേദനകളും പങ്കുവച്ചിരുന്നതും ഈ സുഹൃത്തിനോടുതത്തെയായിരുന്നു. സ്‌കൂളില്‍ പോകാന്‍ തോണിയില്‍ പോകുന്നതിനുപകരം പമ്പയെ നീന്തിക്കടക്കുമായിരുന്നത്രേ. കടത്തിനുകൊടുക്കാന്‍ നല്‍കുന്ന പൈസകൊണ്ട് സ്‌കൂളിനുമുന്നിലെ മാടക്കടയില്‍ നിന്നും പഞ്ചാരമിഠായി വാങ്ങിത്തിന്ന അനുഭവം പറഞ്ഞപ്പോള്‍ കണ്ണുകള്‍ നിറഞ്ഞിരുന്നു. ബാലകാലസ്മരണകളില്‍ പമ്പ എത്രമാത്രം. പ്രിയപ്പെട്ടതാണ് എന്ന് എനിക്കുന മനസ്സിലായി.
തീര്‍ത്തും വ്യത്യസ്തമായ അനുഭവമായിരുന്നു അമ്മൂമ്മയ്ക്കു പങ്കുവയ്ക്കുവാനുണ്ടായിരുന്നത്. ഇടവപ്പാതിയില്‍ ആര്‍ത്തലച്ചൊഴുകിയ പമ്പാനദിയുടെ ഗര്‍ജ്ജനവും ഒഴുക്കില്‍പ്പെട്ടു ജീവന്‍പൊലിഞ്ഞ അയല്‍വാസിയെക്കുറിച്ചുള്ള ഓര്‍മ്മകളും സംസാരത്തിനിടയില്‍ ശബ്ദത്തിനിടര്‍ച്ചവരുത്തി അന്നു പമ്പയെ പഴിച്ചെങ്കിലും ഇന്നതില്‍ പശ്ചാത്തപിക്കുന്ന വൃദ്ധമനസ്സിനെ എനിക്കു കാണുവാന്‍ കഴിഞ്ഞു. സന്തോഷത്തിന്റെയും സങ്കടത്തിന്റെയും നിമിഷങ്ങള്‍ പമ്പാനദി സമ്മാനിച്ചിട്ടുണ്ടെങ്കിലും പമ്പയെപ്പറ്റി പറയുമ്പോള്‍ നൂറുനാവാണ് ഇരുവര്‍ക്കും. അവരുടെ ഓരോ ഓര്‍മ്മകളും പമ്പയുമായി ബന്ധപ്പെട്ടിരിക്കുന്നു.
വെള്ളപ്പൊക്കത്തെപ്പറ്റി പറയുമ്പോള്‍ അമ്മയുടെ കണ്ണിലെ വേദനയുടെ നനവ് ഞാന്‍ ശ്രദ്ധിച്ചു. സ്‌കൂളില്‍ പോയി തിരികെവരുന്ന വഴി ശക്തമായ മഴയില്‍ ഒഴുകിപ്പോയപ്പോള്‍ മുതിര്‍ന്നവര്‍ കൂടെയുണ്ടായിരുന്നിട്ടും ഒരു നിമിഷത്തെ അശ്രദ്ധമൂലം പുഴയെടുത്ത കൂട്ടുകാരിയുടെ ഓര്‍മ്മകള്‍ ഓരോ വാക്കുകളിലും അമ്മയെ അലട്ടിയിരുന്നു. സങ്കടങ്ങളും ദുഃഖങ്ങളും സമ്മാനിച്ച പമ്പയെന്ന തലക്കെട്ടോടെയല്ലാ അവര്‍ പമ്പയെക്കുറിച്ചുള്ള സ്മരണകള്‍ പങ്കുവച്ചത്. മറിച്ച് ഒരു സുഹൃത്തിനെപ്പറ്റിയുള്ള വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന നൈര്‍മല്യത ഓരോരുത്തരിലും പ്രകടമായിരുന്നു. ഇതുപോലെ പമ്പാനദിയെ സ്‌നേഹിക്കുന്ന നിരവധി പേരുണ്ടെന്നുള്ള വാസ്തവം എനിക്കു മനസ്സിലായി.

നിങ്ങളുടെ നാട്ടിലെ പുഴസംരക്ഷിക്കാന്‍ നിങ്ങള്‍ക്കുള്ള ആശയങ്ങള്‍ പങ്കുവയ്ക്കുക
പുഴ മലിനമാക്കുന്നതിന്റെ പ്രധാനകാരണം നിയന്ത്രണമില്ലാത്ത മാലിന്യനിക്ഷേപമാണ്. പുഴയുടെ ജൈവഘടനയെ തന്നെ തകിടം മറിക്കുന്ന രാസവസ്തുക്കള്‍ പുഴയിലേക്കെത്തുന്നതു തടയുക എന്നതാണ് ഏറ്റവും പ്രധാനം. അതിനായി പുഴയ്ക്കു സമീപമുള്ള ഹോട്ടലുകളിലും ഫാക്ടറികളിലും നിരന്തരം പരിശോധന നടത്തുകയും ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ നല്കുകയും വേണം.
പമ്പയുടെ പലഭാഗങ്ങളും വരണ്ട മണ്‍തിട്ടകളായി മാറിക്കഴിഞ്ഞു. ഒപ്പം ഇവിടെ പല കയ്യേറ്റ ശ്രമങ്ങളും നടക്കുന്നുണ്ട്. അതിനാല്‍ കയ്യേറ്റ ശ്രമങ്ങളെ ഒഴിവാക്കി മണ്‍തിട്ടകളായി മാറിയ ഭാഗത്തുകൂടി പുഴയെ വീണ്ടു ഒഴുക്കാന്‍ അനുവദിക്കേണ്ടിയിരിക്കുന്നു.
പമ്പാനദിയുടെ പലഭാഗത്തും പോളകള്‍ നിറങ്ങിരിക്കുകയാണ്. ഇവ യഥാസമയം നീക്കം ചെയ്യുകയും പോളകളുടെ വളര്‍ച്ചയെ തടലുകയും വേണം. ഇതുവഴി പുഴയിലെ മത്സ്യസമ്പത്ത് നഷ്ടപ്പെടാതെ നമുക്കു സംരക്ഷിക്കാം.
അനിയന്ത്രിതമായ മണലൂറ്റുകള്‍ പമ്പയെ മരണക്കയങ്ങളാക്കി മാറ്റിയിരിക്കുകയാണ്. നിയമം അനുശാസിക്കുന്ന നിരോധനാജ്ഞകള്‍ വേണ്ടവിധം പ്രാവര്‍ത്തികമാകപ്പെടുന്നില്ല. അതിനാല്‍ ശരിയായ രീതിയിലുള്ള ശിക്ഷ പുഴയ്ക്കു നേരെയുള്ള ഈ കയ്യേറ്റത്തിന് നല്കാന്‍ സാധിക്കണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ താമസം വിനാ അധികാരികളെ അറിയിക്കണം.
പുഴയ്ക്കു സമീപം താമസിക്കുന്ന വീടുകളില്‍ നിന്നുള്ള കക്കൂസ് മാലിന്യങ്ങള്‍ പൈപ്പു വഴി പുഴയിലേക്കു തള്ളുന്ന ഒരു പ്രവണതയുണ്ട്. അത്തരം പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെടുമ്പോള്‍ തന്നെ അവരെ ഇതന്റെ ദൂഷ്യഫലങ്ങളെ പറ്റി ബോധവാന്മാരാക്കി ഈ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുവാന്‍ പ്രേരിപ്പിക്കണം.
എല്ലാ വലിയ മാറ്റങ്ങള്‍ക്കും നേതൃത്വം നല്കാനും ആശയങ്ങള്‍ നല്കാനും ക്ലാസ്‌റൂമുകളില്‍ കുട്ടികള്‍ തമ്മിലുള്ള ചര്‍ച്ചയില്‍ സാധിക്കുന്നു. അതിനാല്‍ കുട്ടികളിലേക്ക് ഈ പ്രവര്‍ത്തനങ്ങള്‍ എത്തിക്കുവാനും അവര്‍ക്കു അവബോധം നല്കുവാനും സാധിക്കണം.
പുഴയെ മലിനമാക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളുടെ പ്രത്യാഘാതങ്ങള്‍ ജനങ്ങളെ പറഞ്ഞു മനസ്സിലാക്കുവാന്‍ സാധ്യമാകുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമാക്കണം. മരങ്ങള്‍ വെട്ടുന്ന സ്ഥലങ്ങളില്‍ പ്രതിഷേധമായി അതിനു സമീപത്തായി വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കണം. വിദ്യാര്‍ത്ഥികളും ജന്മദിനം പ്രമാണിച്ച് സ്‌കൂള്‍ അധികൃതര്‍ കുട്ടികള്‍ക്ക് സമ്മാനമായി ഒരു വൃക്ഷതൈ നല്കണം. അതിനെ പരിപാലിക്കേണ്ടതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ആ വിദ്യാര്‍ത്ഥിക്കായിരിക്കണം. ഇപ്രകാരം ജലക്ഷാമത്തെ തടയുവാന്‍ നമുക്കു സാധിക്കുംയ ഒപ്പം പുഴയെ ജലസമൃദ്ധികൊണ്ടു നിറയ്ക്കുവാനും.
നദികള്‍ മരിക്കുകയാണോ എന്ന ചോദ്യത്തിന് നാളുകള്‍ നീങ്ങുന്തോറും പ്രസ്തിയേറുകയാണ്. ഓരോ നദിയും വരണ്ട മണ്ണിന്റെ ചൂടറിങ്ങു തുടങ്ങമ്പോള്‍ അറിഞ്ഞോ അറിയാതെയോ മനുഷ്യന്റെ ജീവിതത്തിലും വറുതിയുടെ ദിനങ്ങള്‍ ചേര്‍ക്കപ്പെടുയാണ്. നദിയുടെ കളിയും ചിരിയും ലാളനുമേറ്റ പ്രദേശങ്ങളാണ് ഒരു നാടിന്റെയും ജീവന്‍ നിലനിര്‍ത്തുന്നത്. പുരോഗതിയുടെ പടവുകള്‍ കയറുമ്പോള്‍ പിന്നിട്ട വഴികളില്‍ അദൃശ്യശക്തിയായി ഊര്‍ജ്ജം പകര്‍ന്ന നീരൊഴുക്കിനെ സംരക്ഷിക്കേണ്ട ചുമതല നമ്മള്‍ക്കുണ്ട്. അതിനാല്‍ ഭൂമിയുടെ അമൃതപ്രവാഹങ്ങളെ സംരക്ഷിക്കുക...RIYA ELIZABETH JACOB, SVHSS Pandanadu

December 28
12:53 2018

Write a Comment