Article

പ്രതീക്ഷയുടെ കണിക്കൊന്ന

ജനാലകൾ പതുക്കെ തുറന്നു. വെളിച്ചം ഓടി അകത്തേയ്ക്ക് കയറുമ്പോൾ അനന്തമായ ആകാശത്തേയ്ക്ക് നോക്കി ഡേവിഡ് നിന്നു . ഹരിതാഭയാർന്ന മലനിര അയാൾ കൺകുളിർക്കെ കണ്ടു . ആകാശം കാർമേഘാവൃതമെങ്കിലും സൂര്യന്റെ രശ്മികളെ താഴെയ്ക്ക് മന്ദമായി വർഷിച്ചു തുടങ്ങിയ ഒരു പുതിയ പ്രഭാതം . സ്വർണ്ണ മണികളണിഞ്ഞ മരങ്ങൾ ദൂരെ നിൽക്കുന്നു. താഴെ കുന്ന് കൈതച്ചെടിയാൽ മൂടി നിൽക്കുന്നു. തെരുവ് വിജനമാണ്. ആ ശാന്തസുന്ദരമായ പ്രകൃതിയെ നോക്കി അയാൾ നിന്നു.
ഗുഡ് മോണിങ് ..... വാതിൽക്കൽ മാസ്ക്കണിഞ്ഞ ഒരു സ്ത്രീ ശബ്ദം . ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അയാൾ ആ രൂപത്തിനോടു ചോദിച്ചു " ഇന്ന് ഏതാ ദിവസം " ?. ഏപ്രിൽ ഫോർട്ടീൻ : ഇന്ന് ഞങ്ങൾക്ക് വിശേഷപ്പെട്ട ദിനമാണ് "മലയാളം കലർന്ന ഇംഗ്ലീഷിൽ അവൾ ഉത്സാഹത്തോടെ പറഞ്ഞു.. അയാൾ അത്ഭുതത്തോടെ അവളെ നോക്കി മാസ്കിനകത്തെ സ്ത്രീശബ്ദത്തിന് സൗകുമാര്യതയുണ്ട്. ഈ സൗന്ദര്യം കാണാൻ പറ്റില്ലല്ലോ എന്ന് ചിന്തിച്ചു കൊണ്ട് അയാൾ അവളോട് ചോദിച്ചു"റിസൾട്ടിന്റെ കാര്യം എന്തായി?" "താങ്കളുടെ അസുഖം മാറിയല്ലോ " അവൾ ചിരിച്ചു കൊണ്ടാണ് അത് പറഞ്ഞത്. അവളുടെ ആ വാക്കുകൾ അയാളെ സന്തോഷിപ്പിച്ചു. അവൾ മരുന്നും ഭക്ഷണവും വച്ച് നീങ്ങിയപ്പോൾ വീണ്ടും അയാളുടെ കണ്ണുകൾ ആ സ്വർണ്ണപ്പൂക്കളിൽ ചെന്നു നിന്നു .
ഒരു മാസം കഴിഞ്ഞു അയാൾ ഈ മുറിക്കുള്ളിൽ വന്നിട്ട്. ഗോഡ്സ് ഓൺ കൺട്രി കാണാൻ ഇറങ്ങിയതാണ് പക്ഷേ .... ഒരു ദീർഘനിശ്വാസത്തോടെ അയാൾ ആ ഭയപ്പെടുത്തുന്ന ദിനങ്ങൾ ഓർത്തു പോയി. തനിക്ക് ഒരു കുഴപ്പവുമില്ല എന്ന് വാദിച്ചെങ്കിലും ക്ഷമയോടെ ശുശ്രുഷിച്ച ഈ മാസ്ക്കുധാരികളായ സുന്ദരികളെയും അയാൾ ഓർത്തു. ഓരോ ദിനവും തനിക്ക് കാത്തിരിപ്പായിരുന്നു. തന്നെ പോലെ ഇവിടുത്തെ എല്ലാവർക്കും . ചിന്തകളും ഓർമ്മകളും കാടുകേറിയപ്പോൾ അയാൾ ഡയാനയെക്കുറിച്ച് ഓർത്തു. കാണാക്കാഴ്ച്ചയ്ക്ക് ഒപ്പം എത്തിയ കൂട്ടുകാരി. വീണ്ടും വാതിൽ ശബ്ദിച്ചു. സ്വർണ്ണ പൂക്കൾ സമ്മാനിച്ചു അവൾ. "എന്റെ കൂട്ടുകാരി ?" അയാൾ പതുക്കെ തിരക്കി. "സന്തോഷിക്കു . ഇന്ന് നല്ല ദിവസമാണ്. ഒരു ദിവസം കൂടി കാക്കു നിങ്ങളുടെ സുഹൃത്തും ഭേദമായി എത്തും " അവൾ മാസ്ക്കിന്റെ ഇടയിലൂടെ ചിരിച്ചു കൊണ്ടു പറഞ്ഞു. "ജീവിതം ക്ഷമയോടെ കാത്തിരുന്നാൽ തിരിച്ചു പിടിക്കാം " അവൾ കൂട്ടി ചേർത്തു വാതിലടച്ച് അവൾ നീങ്ങി.
ഡേവിഡ് പുഞ്ചിരിക്കുന്ന സൂര്യനെ കണ്ടു. അയാളുടെ മനസ്സ് മന്ത്രിച്ചു. "അവളും ഈ മാനത്തിന്റെ പുഞ്ചിരികാണാനെത്തും. അവൾക്കായ് ഞാൻ കാത്തിരിക്കുന്നു "
സിസ്റ്റർ തന്ന സ്വർണ്ണ പൂക്കൾ കൈയിൽ തിളങ്ങി. അവരുടെ വാക്കുകൾ ഒരു അശരീരി പോലെ അയാൾ കേട്ടു." നന്മയുടേയും പ്രതീക്ഷയുടെയും കണിക്കൊന്നയാണിത്.


ഗംഗ ദേവി (നവ നിർമ്മാൺ പബ്ലിക് സ്കൂൾ,വാഴക്കാല )

April 20
12:53 2020

Write a Comment