Article

ചന്ദനച്ചിത

എന്റെ ജീവിതത്തിൽ ഞാൻ ഏറെ സ്നേഹവും ബഹുമാനവും നൽകുന്ന
മുത്തശ്ശി അടിയള്ളൂർ മഹൾ *ദേവകി അന്തർജ്ജനം* എന്നോട് ഏറ്റവും സ്നേഹവും വാത്സല്യവും കാണിച്ചിട്ടുള്ള മുത്തശ്ശി
എൻറെ കയ്യിൽ നിന്നും തീർത്ഥം വാങ്ങി സേവിച്ച് വിഷ്ണു പദം പുൽകിയ മുത്തശ്ശിയുടെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു ചന്ദനച്ചിത...

തെക്കേത്തൊടിയിലെ ച്ചക്കരമാവിന്നു
വെട്ടിമുറിയ്ക്കുന്നതെന്തിനാവോ?

തെക്കിനി കോലായിലൊത്തിരിയാളുകൾ
തിക്കിത്തിരക്കിനടപ്പ തെന്തോ?

തെക്കിനിമച്ചകം തന്നിലുറങ്ങുന്ന
മുത്തശ്ശിയെന്തേയുണർന്നതില്ലാ!

പൊട്ടിക്കരയുന്നിതച്ഛനുമമ്മയും
പെട്ടെന്നു ഞാനും പകച്ചു പോയീ
മെല്ലേയെടുത്തു നിലത്തു കിടത്തുന്നു
അല്ലായിതെന്തൊരു
കഷ്ടമാണ്

ചോണനരിയ്ക്കില്ലേ?
ദേഹം ചൊറിയില്ലേ ?
പാവം തണുത്തു വിറയ്ക്കുകില്ലേ ?

തള്ളവിരലാരോ ചേർത്തു കെട്ടീടുന്നു
മുത്തശ്ശി തെല്ലുമനങ്ങുന്നില്ല
ചന്ദനത്തിരികളുമെണ്ണത്തിരികളു-
മെങ്ങും, സുഗന്ധം പരത്തിടുന്നു

ദർഭ ,വിരിയ്ക്കുന്നു ഭസ്മം വിതറുന്നു
മുത്തശ്ശിയൊന്നുമറിവതില്ലേ

നെഞ്ചത്തടിച്ചു കരയുന്നിതമ്മമാർ
വിങ്ങീവിതുമ്പുന്നിതാൺ പ്രജകൾ
പൂക്കളാലുള്ളൊരു ചക്രമൊരു കൂട്ടർ
കാൽക്കൽസ്സമർപ്പിച്ചു
കുമ്പിടുന്നൂ
ചന്ദനമുട്ടിയുംമാവിൻ വിറകുമായ്
ചന്ദനക്കട്ടിലൊരുങ്ങിടുന്നൂ
മഞ്ചലിലേറ്റിയെൻ
പൊന്നു മുത്തശ്ശിയെ
ചന്ദനക്കട്ടിലിൽ വെച്ചിടുന്നൂ

ഉമ്മറക്കോലായിൽ വച്ച വിളക്കുപോൽ മുത്തശ്ശി കത്തിജ്വലിച്ചിടുന്നു

ജ്വാലയായ് വാനിലുയർന്നങ്ങു പൊന്തി നൽത്താരകം പോലെത്തിളങ്ങി നിൽപ്പൂ


ഹരീഷ് ആർ നമ്പൂതിരിപ്പാട്

April 23
12:53 2020

Write a Comment