SEED News

മഴയോടും കുട്ടികളോടും കൂട്ടുകൂടി ഉണ്ണി

ആര്‍ത്തിരമ്പുന്ന മഴ പോലെ വന്ന കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് ഇടിമിന്നല്‍ പോലെ മറുപടിയുമായി ഉണ്ണി മുകുന്ദന്‍. ഇടയ്ക്ക് മറുചോദ്യവും ചോദിച്ച് കുട്ടികളെ കൈയിലെടുത്ത് ഉണ്ണി മുകുന്ദന്‍ പരിസ്ഥിതി ദിനത്തില്‍ താരമായി മാറി. 
പെരിയാറിന്റെ തീരത്ത് കൊച്ചു വനമായി മാറിയ മാതൃഭൂമിയുടെ മാതൃകാത്തോട്ടമായ ആര്‍ബറേറ്റത്തിലാണ് സൗഹൃദവും കൗതുകവും പെയ്തത്. മാതൃഭൂമി സീഡിന്റെ നേതൃത്വത്തിലുള്ള പരിസ്ഥിതി ദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യാനായിരുന്നു ഉണ്ണിവന്നത്.
 താന്‍ തിരഞ്ഞെടുത്ത ആല്‍മരത്തൈ പെരിയാറിനോട് ചേര്‍ന്ന് മാതൃകാത്തോട്ടത്തിന്റെ നടുവിലായി ഉണ്ണി നട്ടു. വൃക്ഷത്തൈ നടുന്നതിലല്ല കാര്യമെന്നും അവസരം ഒത്തു വരുമ്പോഴെല്ലാം മാതൃകാത്തോട്ടത്തില്‍ വന്ന് വൃക്ഷത്തൈ പരിപാലിക്കുമെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. 
പെരിയാറിന്റെ തീരത്തുകൂടി കുട്ടികളുടെ കൈപിടിച്ച് താരം ഏറെ നേരം മഴ ആസ്വദിച്ചു. കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് കുസൃതിയില്‍ പൊതിഞ്ഞായിരുന്നു ഉണ്ണി മുകുന്ദന്റെ മറുപടി. ഗുജറാത്തിലെ തന്റെ വീട്ടില്‍ ചുരുങ്ങിയ സ്ഥലത്ത് മൂന്നു മാവ് നില്‍ക്കുന്ന വിവരവും അതില്‍ ഊഞ്ഞാലു കെട്ടിയാടാറുള്ള വിവരവും കുട്ടികളുമായി ഉണ്ണി പങ്കുവെച്ചു.  
എത്ര ചെടികള്‍ ഇതുവരെ നട്ടിട്ടുണ്ടെന്ന ചോദ്യത്തിന് ചെറുപ്പം മുതല്‍ ചെടി നടുന്ന ശീലം ഉണ്ടായിരുന്നില്ല എന്നായിരുന്നു ഉണ്ണിയുടെ മറുപടി. എന്നാല്‍ കേരളത്തിലെത്തിയതോടെ തന്റെ ശീലങ്ങള്‍ മാറി. ഒറ്റപ്പാലത്ത് നിര്‍മിക്കുന്ന പുതിയ വീടിന് ചുറ്റും ഒരു കാടു തന്നെ തീര്‍ക്കുമെന്ന് ഉണ്ണി കുട്ടികളോട് പറഞ്ഞു. 
ചവച്ചതിനുശേഷം ച്യൂയിംഗം, ചവറ്റുകൊട്ട ഇല്ലാത്ത സ്ഥലമാണെങ്കില്‍ എന്തുചെയ്യുമെന്നായിരുന്നു ഉണ്ണിയുടെ ഒരു ചോദ്യം. പരിസരമലിനീകരണം ഉണ്ടാകാതിരിക്കാന്‍ പൊതിഞ്ഞു കൊണ്ടു പോയി കളയുമെന്ന കുട്ടിയുടെ മറുപടി കൈയടി നേടി. സംവാദത്തിനു ശേഷം തുടര്‍ന്ന് വിദ്യാര്‍ഥികളോടൊപ്പം ചേര്‍ന്ന് സെല്‍ഫിയെടുക്കാനും ഉണ്ണി സമയം കണ്ടെത്തി.

June 06
12:53 2017

Write a Comment

Related News