SEED News

അന്യംനിന്നുപോകില്ല നെല്‍വിത്തുകള്‍, ഈ കൈകളില്‍ ഭദ്രം



'പഴയ കതിര്‍ പുതിയ കൈകളില്‍' പദ്ധതിയിലൂടെ അപൂര്‍വ നെല്‍വിത്ത് വിതച്ച് കുട്ടികള്‍

കോഴിക്കോട്: വിളക്കാം തോട് എംഎഎംഎല്‍പി - യുപി സ്‌കൂളിലേയും പൊയില്‍ക്കാവ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേയും കുട്ടികള്‍ 'മരത്തൊണ്ടി' മണ്ണിലേക്കെറിഞ്ഞു. ഈ നെല്‍വിത്ത് അന്യം നിന്നുപോകില്ലെന്നും തങ്ങളിലൂടെ ഓരോ തലമുറകളിലേക്കും കൈമാറുമെന്നും ഓര്‍മിപ്പിച്ചുകൊണ്ട്. മാതൃഭൂമി സീഡിന്റെ നേതൃത്വത്തിലാണ് 'പഴയ കതിര്‍ പുതിയ കൈകളില്‍' പദ്ധതി നടപ്പാക്കുന്നത്.
വിത്തുമുളച്ച് മണ്ണ് കതിരണിയുമ്പോള്‍ മറ്റൊരു സ്‌കൂളിന് പുതിയവിത്ത് കൈമാറും. അങ്ങനെ അത്യപൂര്‍വമായ നെല്‍വിത്തുകള്‍ സംരക്ഷിക്കപ്പെടും. കഴിഞ്ഞ വര്‍ഷം മൈക്കാവ് സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്‌കൂള്‍, തൃക്കുറ്റിശ്ശേരി ജിയുപി സ്‌കൂളുകള്‍ക്ക് ഓരോ കിലോ വീതം 'മരത്തൊണ്ടി' നല്‍കി. അത് വിതച്ച്, വിളവെടുത്ത ശേഷം അതേയളവില്‍ വിത്ത് തിരികെ നല്‍കി. അതാണ് ഇത്തവണ രണ്ട് സ്‌കൂളുകള്‍ക്ക് കൈമാറിയത്.
എംഎഎംഎല്‍പി - യുപി സ്‌കൂളുമായി സഹകരിച്ച് നടത്തുന്ന കരനെല്‍ കൃഷി സ്‌കൂള്‍ മാനേജര്‍ റവ. ഫാദര്‍ മാത്യു പെരുവേലില്‍ വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തു. മുന്‍ അധ്യാപകനും കര്‍ഷകനുമായ പി. എം. ഹുസൈന്‍ കുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. പരമ്പരാഗത കാര്‍ഷിക വേഷത്തിലെത്തിയാണ് കുട്ടികള്‍ പരിപാടിയില്‍ പങ്കാളികളായത്. വാര്‍ഡ് മെമ്പര്‍മാരായ ഷൈനി ബെന്നി, ലിസി സണ്ണി, പിടിഎ പ്രസിഡന്റുമാരായ എം. എം.ഷമീര്‍, പി. എച്ച്.അന്‍സാര്‍, എംപിടിഎ പ്രസിഡന്റുമാരായ ദീപ്തി ജോഷി, ജെസ്സി അജിത്ത്,
സീഡ് കോഡിനേറ്റര്‍ അനില്‍ ജോണ്‍, പ്രധാനാധ്യാപകരായ സെലിന്‍ തോമസ്, അലന്‍ ദാസ് എന്നിവര്‍ സംസാരിച്ചു.
പൊയില്‍കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രധാനാധ്യാപകന്‍ കെ.സി. ബീന ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ സീഡ് അധ്യാപക കോര്‍ഡിനേറ്റര്‍ എന്‍. എസ്സ്. അര്‍ജുന്‍, പിടിഎ പ്രസിഡന്റ് നിഷിത്ത്, സ്റ്റാഫ് സെക്രട്ടറി സുജിത്ത്, സുരേഷ് ഉണ്ണി, ഹേമ, ബിന്ദു, ധന്യ, സീമ, ദിജി എന്നിവര്‍ സംസാരിച്ചു.

August 19
12:53 2025

Write a Comment