SEED News

'മാതൃഭൂമി സീഡ്' ഒമ്പതാം വര്‍ഷത്തിലേക്ക് ആല്‍മരം നട്ട് ആഘോഷത്തുടക്കം

ആലുവ: നിലയ്ക്കാതെ പെയ്ത മഴയില്‍ പെരിയാറിന്റെ തീരത്തെ മാതൃകാതോട്ടത്തില്‍ 'മാതൃഭൂമി സീഡ്' പ്രവര്‍ത്തനങ്ങള്‍ക്ക് ആഘോഷമായ തുടക്കം. ഒന്‍പതാം വര്‍ഷത്തിലേക്കു കടക്കുന്ന 'മാതൃഭൂമി സീഡി'ന്റെ ഈ അധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ച് 'ആര്‍ബറേറ്റ'ത്തില്‍ ചലച്ചിത്രതാരം ഉണ്ണി മുകുന്ദന്‍ ആല്‍മരത്തൈ നട്ടു.   
നിയമം ലംഘിച്ച് നിര്‍മിച്ചിരുന്ന ഒരു കെട്ടിടം കോടതി ഉത്തരവുപ്രകാരം പൊളിച്ചുമാറ്റിയ ശേഷം മാലിന്യ കേന്ദ്രമായി മാറിയ സ്ഥലത്ത് 'മാതൃഭൂമി'യുടെ നേതൃത്വത്തില്‍ നട്ടുവളര്‍ത്തി പരിപാലിക്കുന്ന 'ആര്‍ബറേറ്റ'ത്തിലായിരുന്നു പരിപാടി. 
 നൂറുകണക്കിന് മരങ്ങളാണ് ഇവിടെ വളര്‍ന്നു നില്‍ക്കുന്നത്. 

'മരമെവിടെ ഹരിതഹരമെവിടെ 
വരുണന്റെ വരപുത്രി മഴയെവിടെ...' എന്നു തുടങ്ങുന്ന ഗാനത്തോടെയായിരുന്നു പരിപാടികളുടെ തുടക്കം. മരങ്ങളും പ്രകൃതിയും പുതുതലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന കാലമാണിതെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു. 
വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ പരിസര മലിനീകരണം കുറയ്ക്കാന്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ച് വനമാക്കി മാറ്റിയത് കണ്ട അനുഭവവും കുട്ടികളുമായി ഉണ്ണി മുകുന്ദന്‍ പങ്കുവെച്ചു. 

പ്രകൃതിവിഭവങ്ങള്‍ നശിപ്പിക്കാതെ അടുത്ത തലമുറയ്ക്ക് കൈമാറാന്‍ കാത്തുവയ്ക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. എസ്. സീതാരാമന്‍ പറഞ്ഞു. തുടര്‍ന്ന് കുട്ടികളുമായി പരിസ്ഥിതി സംവാദം നടന്നു. എട്ട് സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തു. 
 'നാട്ടുമാഞ്ചോട്ടില്‍' പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ നാട്ടുമാവിനങ്ങള്‍ കണ്ടെത്തി കൈമാറിയ പനങ്ങാട് വി.എച്ച്.എസ്.എസിലെ ടൈറ്റസ് വര്‍ഗീസിനുള്ള പുരസ്‌കാരം ഉണ്ണി മുകുന്ദന്‍ കൈമാറി. 

'മാതൃഭൂമി' സീഡിന്റെ 'ജെം ഓഫ് സീഡ്' പുരസ്‌കാരം നേടിയ കുട്ടികള്‍ ഫലവൃക്ഷത്തൈകള്‍ നട്ടു. 
 ആലുവ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ലിസ മാത്യു, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എം. ശ്രീദേവി എന്നിവര്‍ ആശംസ നേര്‍ന്നു. 'മാതൃഭൂമി' സീനിയര്‍ ന്യൂസ് എഡിറ്റര്‍ വി. ജയകുമാര്‍ സ്വാഗതവും സീനിയര്‍ റിപ്പോര്‍ട്ടര്‍ സിറാജ് കാസിം നന്ദിയും പറഞ്ഞു.

June 06
12:53 2017

Write a Comment

Related News