SEED News

എല്ലാദിവസവും നമുക്ക് പരിസ്ഥിതിദിനമാക്കണം - ശ്രീറാം വെങ്കിട്ടരാമന്‍

തൊടുപുഴ:ഈ പരിസ്ഥിതിദിനത്തില്‍ ഒരു കോടി മരങ്ങളാണ് നമ്മള്‍ നടുന്നത്. അടുത്ത പരിസ്ഥിതിദിനത്തിലും ഇതുതന്നെ ആവര്‍ത്തിക്കേണ്ടി വരരുത്.പരിസ്ഥിതി ദിനത്തിന്റെ അന്നുമാത്രം ചെയ്യുന്ന ഒന്നാകരുത് മരംനടീല്‍. എല്ലാ ദിവസവും നമുക്ക് പരിസ്ഥിതിദിനമാകണമെന്നും ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞു.


തൊടുപുഴ നെടുമറ്റം ഗവ.യു.പി.സ്‌കൂളില്‍ നടന്ന മാതൃഭൂമി സീഡ് പദ്ധതിയുടെ ഒന്‍പതാംവര്‍ഷ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്നു നട്ട ഒരുകോടി മരങ്ങള്‍ സംരക്ഷിച്ചാല്‍ ഒരു കൊല്ലംകൊണ്ട് സംസ്ഥാനമാകെ ഹരിതാഭമാകും. വെറുംമരമല്ല, ഒരു ജീവനാണ് നമ്മള്‍ നടുന്നത്.മനുഷ്യന്‍ സ്വന്തം കുഞ്ഞുങ്ങളെ പോറ്റിവളര്‍ത്തുന്നതുപോലെ മരങ്ങളെയും വെള്ളവും വളവും നല്‍കി പോറ്റിവളര്‍ത്തണം. മത്സ്യവും തവളയും ചെയ്യുന്നതുപോലെ നൂറുകണക്കിന് മുട്ടയിട്ട് അതില്‍ പത്തോ ഇരുപതോ എണ്ണം മാത്രം അതിജീവിക്കുന്ന സ്ഥിതിവരരുത്.

അടുത്ത തലമുറയ്ക്കുവേണ്ടി പരിസ്ഥിതിയെ കരുതലോടെ സംരക്ഷിക്കണമെന്ന് ചടങ്ങില്‍ സംസാരിച്ച ഫെഡറല്‍ ബാങ്ക് എ.ജി.എം. ആന്‍ഡ് റീജിയണല്‍ ഹെഡ് ജോര്‍ജ് ജേക്കബ് പറഞ്ഞു

ഓണത്തിനാവശ്യമായ പച്ചക്കറികള്‍ വീടുകളില്‍തന്നെ ഉല്പാദിപ്പിക്കുവാനുള്ള തയ്യാറടെുപ്പിലാണ് കൃഷിവകുപ്പ്. ഈ ലക്ഷ്യത്തിലെത്താന്‍ എല്ലാവരും ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ പി.ജി.ഉഷാകുമാരി പറഞ്ഞു.

എല്ലാ വിദ്യാലയങ്ങളിലും ജൈവ വൈവിധ്യ ഉദ്യാനങ്ങള്‍ ഉണ്ടാകുന്നത് കുട്ടികളുടെ പഠനത്തിന് സഹായകരമാകുമെന്ന് ചടങ്ങില്‍ സംസാരിച്ച ഇടുക്കി ഡയറ്റ് അധ്യാപകന്‍ വി.കെ.സാനു പറഞ്ഞു.

കോടിക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ആന്റണി ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. തൊടുപുഴ ജം ഓഫ് സീഡ് ജേതാവ് റിച്ചാര്‍ഡ് ജെ. നാട്ടുമാവിന്‍ തൈകള്‍ നട്ടു. 'നാട്ടുമാഞ്ചോട്ടില്‍' പദ്ധതിയില്‍ ഏറ്റവുമധികം നാട്ടുമാവുകള്‍ ശേഖരിച്ച രവീന്ദ്രനെ ചടങ്ങില്‍ ആദരിച്ചു.

കാളിയാര്‍ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ ഷിബു എ.എം, പി.ടി.എ. പ്രസിഡന്റ് വര്‍ഗീസ് തോമസ് എന്നിവര്‍ പങ്കെടുത്തു. ഹെഡ്മാസ്റ്റര്‍ വി.പി.പുരുഷോത്തമന്‍ സ്വാഗതവും, മാതൃഭൂമി സെയില്‍സ് ഓര്‍ഗനൈസര്‍ ഷാജന്‍ എന്‍.കെ. നന്ദിയും പറഞ്ഞു.



June 06
12:53 2017

Write a Comment

Related News