SEED News

കടലിന്റെ കാവൽക്കാരായി അവർ കൈകോർത്തു


 വാടയ്ക്കൽ സെന്റ്  ലൂർദ് മേരി യു.പി.സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക സമുദ്രദിനമായ വ്യാഴാഴ്ച വാടയ്ക്കൽ കടപ്പുറത്തെ കാറ്റാടിക്കാടിന് സമീപം മനുഷ്യച്ചങ്ങല തീർത്ത് പ്രതിജ്ഞ ചൊല്ലുന്നു  
  പുന്നപ്ര: കടലിനെ കടലമ്മയായി കാത്തുകൊള്ളാമെന്ന് ലോക സമുദ്രദിനത്തിൽ കുട്ടികളുടെ പ്രതിജ്ഞ. പുന്നപ്ര വാടയ്ക്കൽ കടപ്പുറത്തെ കാറ്റാടിക്കാടിന് സമീപം മനുഷ്യച്ചങ്ങല തീർത്ത് കടലിനെ സാക്ഷിയാക്കിയായിരുന്നു അവരുടെ പ്രതിജ്ഞ. 
 കുട്ടികൾക്കൊപ്പം രക്ഷിതാക്കളും നാട്ടുകാരും ചങ്ങലയിൽ കണ്ണികളായി. വാടയ്ക്കൽ സെന്റ് ലൂർദ് മേരി യു.പി.സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സമുദ്രദിനാചരണം നടത്തിയത്. 
 സ്കൂളിന്റെ അന്തരീക്ഷം വിട്ടിറങ്ങി കടപ്പുറത്തെ കാറ്റാടിക്കാടുകളുടെ പച്ചപ്പിലായിരുന്നു ചടങ്ങ്. ആലപ്പുഴ രൂപത സൊസൈറ്റി ഡയറക്ടർ ഫാ. സേവ്യർ കുടിയാംശ്ശേരിൽ ഉദ്ഘാടനം ചെയ്തു.
കടൽ നമ്മുടെ കാവൽക്കാരനാകുന്നതുപോലെ നാമും കടലിന്റെ കാവൽക്കാരാകണമെന്ന് അദ്ദേഹം പറഞ്ഞു. കടലിനെ നിലനിർത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ഒരു കാരണവശാലും കടലിലേക്ക് മാലിന്യം വലിച്ചെറിയരുത്. പ്ലാസ്റ്റിക് വലിച്ചെറിഞ്ഞാൽ മീൻ വിഷമയമാകും. അത് നമ്മെത്തന്നെ നശിപ്പിക്കും- ഫാ. സേവ്യർ കുടിയാംശ്ശേരിൽ പറഞ്ഞു.
 പ്ലാസ്റ്റിക് ഉള്ളിൽച്ചെന്ന് മൃതപ്രായമായ മീൻ വലയിൽ കുടുങ്ങിയ അനുഭവമാണ് കുട്ടികളോട് കടലറിവ് പങ്കുവച്ച പരമ്പരാഗത മത്സ്യത്തൊഴിലാളി ജോർജ് അരുളപ്പൻ പൂത്രശ്ശേരി വെളിപ്പെടുത്തിയത്. പി.ടി.എ.പ്രസിഡന്റ് വി.പി.കുഞ്ഞുമോൻ അധ്യക്ഷനായി.
 ഗ്രാമപ്പഞ്ചായത്തംഗങ്ങളായ എസ്.ശശികല, ഷേർളി സാബു, സാമൂഹികപ്രവർത്തകനായ കെ.സി.സേവ്യർകുട്ടി, പ്രധാനാധ്യാപകൻ പി.ബി.മൈക്കിൾ, അധ്യാപക പ്രതിനിധി ബി.യേശുദാസ് എന്നിവർ പ്രസംഗിച്ചു. 
യോഗത്തിനുശേഷമാണ് കുട്ടികൾ കടൽത്തീരത്ത് മനുഷ്യച്ചങ്ങല തീർത്തത്. സ്കൂൾ ലീഡർ ഇമ്മാനുവൽ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. വിശിഷ്ടാതിഥികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും കുട്ടികൾക്കൊപ്പം പ്രതിജ്ഞയെടുത്തു.   

June 09
12:53 2017

Write a Comment

Related News