SEED News

'കുട്ടിത്തോട്ടം' വിളഞ്ഞു: ഓണക്കാലവും കഴിഞ്ഞ് പിന്നെയും പച്ചക്കറി ബാക്കി.


കുട്ടാർ: ബീൻസ് 500 കിലോ, തക്കാളി 50 കിലോ, ചീര 50 കിലോ ഇത് പച്ചക്കറി മൊത്തക്കച്ചവടക്കടയിലെ ലിസ്റ്റല്ല, കൂട്ടാർ എസ്.എൻ.എൽ.പി.എസ്സിലെ കുട്ടികളുടെ വീട്ടിലെ  " കുട്ടിത്തോട്ട "ത്തിൽ വിളവെടുത്ത പച്ചക്കറിയുടെ കണക്കാണ്.

'സ്വന്തം' പച്ചക്കറികൾ കൊണ്ടായിരുന്നു കൂട്ടാർ ശ്രീനാരായണ എൽ.പി. സ്കൂളിലെ കൂട്ടുകാരുടെ ഇത്തവണത്തെ ഓണസദ്യ. ഓണക്കാലം കഴിഞ്ഞ് ആഴ്ചകൾ കഴിഞ്ഞിട്ടും സ്വയം വിളയിച്ച പച്ചക്കറികളുടെ സമൃദ്ധി നിലനിർത്താനായതിന്റെ ആഹ്ലാദത്തിലാണ് സ്കൂളിലെ മാതൃഭൂമി 'സീഡ്' അംഗങ്ങൾ. 320 കുട്ടികൾ തങ്ങളുടെ വീടുകളിൽ വിളയിച്ചെടുത്ത പച്ചക്കറികളുടെ ഏകദേശ കണക്കാണ്. എല്ലായിനത്തിന്റേയും കണക്കിടുത്താൽ ഇമ്മിണി വലുതാണ്.

ഓരോ കുട്ടിയ്ക്കും സ്വന്തമായി നിരീക്ഷണബുക്കുമുണ്ട്. ഇതിൽ പച്ചക്കറിയുടെ വളർച്ചയും, മാറ്റങ്ങളും കുട്ടികൾ രേഖപ്പെടുത്തും. വീടുകളിൽ മിച്ചം വരുന്ന പച്ചക്കറികൾ കുട്ടികൾ സ്കൂളിൽ ഉച്ചഭക്ഷണത്തിനുപയോഗിക്കുവാൻ കൊണ്ടു വരുന്നുമുണ്ട്.

ഇതു കൂടാതെ സ്കൂളിൽ രണ്ടര സെന്റിൽ മഴ മറക്കൃഷിയുമുണ്ട്. സ്കൂളിലെ 45 സെന്റിൽ വിവിധ പച്ചക്കറികൾ നട്ടിട്ടുണ്ട്. പി.ടി.എ യുടെ നേതൃത്വത്തിൽ 500 വാഴയും വെച്ചിട്ടുണ്ട്. കൂട്ടാർ കൃഷിഭവനിൽ നിന്നാണ് കൃഷിക്കാവശ്യമായ വിത്തും വളവും സാങ്കേതിക സഹായവും ലഭിക്കുന്നത്. കൂട്ടാർ കൃഷി ഓഫീസർ അശ്വതി.റ്റി.വാസു മികച്ച പിന്തുണ നൽകുന്നുണ്ട്. 
പ്രധാനാദ്ധ്യാപിക അനില.എസ്.മോഹൻ, ജിജിമോൻ കുറുമക്കൽ, സീഡ് കോ ഓർഡിനേറ്റർ ജയൻ റ്റി.ഡി, പി.ടി.എ പ്രസിഡന്റ് സുരേഷ് നരിക്കുഴിയിൽ, മദർ പി.ടി.എ പ്രസിഡന്റ് ഷാന്റി ഷിജു, ജൈവകർഷകനായ സിബി മണിയമ്പ്രായ്ക്കൻ  എന്നിവർ നേതൃത്വം നൽകുന്നു.

October 26
12:53 2017

Write a Comment

Related News