SEED News

ഹരിതസംസ്കാരത്തിലേക്ക്‌ എല്ലാ കരങ്ങളും നീളണം -ടി.വി.അനുപമ

പുന്നപ്ര: ഒരാൾ വിചാരിച്ചാൽ ഒരു കാടുണ്ടാക്കാനായെന്നു വരില്ല. എന്നാൽ, ഓരോരുത്തരും ഓരോ മരംവച്ചാൽ അതൊരു കാടായി മാറും- പറയുന്നത് ജില്ലാ കളക്ടർ ടി.വി.അനുപമ.  മാതൃഭൂമി സീഡ് റവന്യൂ ജില്ലാ പുരസ്കാരവിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
വ്യക്തികൾ നന്നായാൽ സമൂഹം നന്നാകുമെന്ന സന്ദേശമാണ് കളക്ടർ ഉദാഹരണങ്ങളിലൂടെ നൽകിയത്. മാലിന്യത്തിന്റെ കാര്യവും ഇങ്ങനെതന്നെ. എല്ലാവരും വിചാരിച്ചാൽ മാലിന്യക്കൂമ്പാരം ഉണ്ടാകില്ല. മാലിന്യ സംസ്കരണം ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണ്. 
പണ്ട് പാഠ്യേതര പ്രവർത്തനമായി നൃത്തവും സംഗീതവുമായിരുന്നു. ഇന്ന് മണ്ണിനെയും പ്രകൃതിയെയും കരുതാൻകൂടി  കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന  സാഹചര്യമുണ്ട്. സർക്കാർ സംവിധാനങ്ങളെക്കാളുപരി മറ്റ് പ്രസ്ഥാനങ്ങളും ഇത്തരം കാര്യങ്ങളിലേക്ക്‌  തിരിയാൻ കുട്ടികൾക്ക് അവസരമൊരുക്കുന്നു. ഇതിൽ ഏറ്റവും മികച്ചതാണ് മാതൃഭൂമി സീഡിന്റെ പ്രവർത്തനം. ഇങ്ങനെയുള്ള പ്രയത്നങ്ങളിലൂടെ നാം വിചാരിച്ചാൽ ഭൂമിയെ കുറച്ചുകൂടി നല്ല വാസസ്ഥലമാക്കാൻ കഴിയും. ഹരിതസംസ്കാരത്തിലേക്ക്‌ എല്ലാവരുടെയും കൈകൾ നീളണമെന്നും കളക്ടർ പറഞ്ഞു.
വിത്തുഗുണം പത്തുഗുണമായാൽ സ്വത്തുഗുണവും ഉണ്ടാകുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ പറഞ്ഞു. ജനനത്തിനും മരണത്തിനുമിടയിലെ ചെറിയ ഇടവേളയിൽ ജീവിതഭാരം ചുമക്കുകയാണ് നാം. ഇന്ന് മലിനമായ വായുവും മലിനമായ ജലവും മലിനമായ ആഹാരവും നമുക്ക് ഭാരമാകുന്നു. ഇതിന് പരിഹാരം സ്വയം നന്നാകുകമാത്രമാണ്. 
പുന്നപ്ര വാടയ്ക്കൽ ഡോ. അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ അങ്കണത്തിലാണ് പുരസ്കാരദാനം നടന്നത്. മാതൃഭൂമി യൂണിറ്റ് മാനേജർ സി.സുരേഷ്‌കുമാർ അധ്യക്ഷനായി. ഡി.ഡി.ഇ.ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് കെ.സി.ജയകുമാർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ജെ.പ്രേംകുമാർ, വനംവകുപ്പ് അസിസ്റ്റന്റ് കൺസർവേറ്റർ സുമി ജോസഫ്, ഫെഡറൽ ബാങ്ക് ചീഫ് മാനേജർ വർഗീസ് ജോൺ, കേരള സംസ്ഥാന ഔഷധസസ്യ ബോർഡ് ടെക്നിക്കൽ അസിസ്റ്റന്റ് ഡോ. ഒ.എൽ.പയസ്, മാതൃഭൂമി ന്യൂസ് എഡിറ്റർ എസ്.പ്രകാശ്, ഗ്രാമപ്പഞ്ചായത്തംഗം എസ്.ശശികല, സ്കൂൾ പി.ടി.എ. പ്രസിഡന്റ് എസ്.മനോരാജ്, പ്രിൻസിപ്പൽ ബിന്ദു നടേശ്, സൂപ്രണ്ട് പി.ഷീല എന്നിവർ പ്രസംഗിച്ചു.

December 01
12:53 2017

Write a Comment

Related News