SEED News

വിശിഷ്ട ഹരിതവിദ്യാലയപുരസ്‌കാരം 2025-26

മാതൃഭൂമി-ഫെഡറല്‍ ബാങ്ക് സീഡ്


വിശിഷ്ട ഹരിതവിദ്യാലയപുരസ്‌കാരം


എളമരം ബി.ടി.എം.ഒ. യു.പി സ്‌കൂളിന്


ഇടുക്കി ജില്ലയിലെ പോത്തിന്‍കണ്ടം എസ്.എന്‍. യു.പി. സ്‌കൂളിന് രണ്ടാംസ്ഥാനം


ആലപ്പുഴ ജില്ലയിലെ ആഞ്ഞിലപ്ര ഗവ. യു.പി സ്‌കൂളിന് മൂന്നാംസ്ഥാനം



 ചാലിയാറിന്റെ തീരത്ത് പൂന്തോട്ടംപോലെ മനോഹരമായ എളമരം ബി.ടി.എം.ഒ. യു.പി. സ്‌കൂള്‍ സീഡ് അംഗങ്ങള്‍ പഠനത്തോടൊപ്പം ചേര്‍ത്തുപിടിക്കുന്ന കുറച്ചുകാര്യങ്ങളുണ്ട്. പ്രകൃതിപരിപാലനവും കൃഷിയറിവും പ്രായമുള്ളവരോടുള്ള കരുതലുമൊക്കെ അവരുടെ ജീവിതത്തിന്റെതന്നെ ഭാഗമാണ്. അതിനുള്ള തെളിവാണ് മാതൃഭൂമിയും ഫെഡറല്‍ബാങ്കും ചേര്‍ന്ന് നടത്തുന്ന സീഡ് പദ്ധതിയുടെ 2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനതലത്തിലെ മികച്ചവിദ്യാലയത്തിനുള്ള വിശിഷ്ട ഹരിതവിദ്യാലയ പുരസ്‌കാരനേട്ടം.


രണ്ടാംസ്ഥാനം ഇടുക്കി പോത്തിന്‍കണ്ടം എസ്.എന്‍.യു.പി. സ്‌കൂളും മൂന്നാംസ്ഥാനം ആലപ്പുഴ ആഞ്ഞിലപ്ര ഗവ. യു.പി. സ്‌കൂളും കരസ്ഥമാക്കി. ഒന്നാംസ്ഥാനക്കാര്‍ക്ക് ഒരുലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 75,000, 50,000 രൂപയും സമ്മാനമായി നല്‍കും.


കേരളത്തിലെ പരിസ്ഥിതി ബോധവത്കരണചരിത്രത്തില്‍ സമാനതകളില്ലാത്ത മുന്നേറ്റമാണ് 17 വര്‍ഷങ്ങളില്‍ സീഡ്( സ്റ്റുഡന്റ് എംപവര്‍മെന്റ് ഫോര്‍ എന്‍വയണ്‍മെന്റല്‍ ഡിവലപ്മെന്റ്) നേടിയെടുത്തത്. 'സമൂഹനന്മ കുട്ടികളിലൂടെ' എന്ന ലക്ഷ്യത്തോടെ 2009-ല്‍ ആരംഭിച്ച സീഡ് പദ്ധതിയില്‍ ഇന്ന് ഏഴായിരത്തോളം സ്‌കൂളുകളിലായി ലക്ഷക്കണക്കിന് വിദ്യാര്‍ഥികളും ആയിരക്കണക്കിന് അധ്യാപകരും സജീവമാണ്.


എ.യു.പി. സ്‌കൂള്‍ പൊതാവൂര്‍- കാസര്‍കോട്, ഗുഡ്വില്‍ ഇംഗ്ലീഷ് സ്‌കൂള്‍ പൂക്കോട്ടുംപാടം- മലപ്പുറം, കൊയ്പള്ളി കാരാണ്മ എച്ച്.എസ്. -ആലപ്പുഴ എന്നീ വിദ്യാലയങ്ങള്‍ മികച്ച ഷോര്‍ട്ട് ഫിലിമിനുള്ള സംസ്ഥാനതല പുരസ്‌കാരം സ്വന്തമാക്കി.


നാടിനൊപ്പം നടക്കുന്നപ്രകൃതിപാഠങ്ങള്‍


തണലേകുന്ന മരങ്ങളും മണംപകരുന്ന പൂച്ചെടികളും മാത്രമല്ല, ചീരയും വഴുതനയും തക്കാളിയുമൊക്കെ വിളഞ്ഞുനില്‍ക്കുന്ന തോട്ടങ്ങളുമുണ്ട് എളമരം ബി.ടി.എം.ഒ. യു.പി. സ്‌കൂളില്‍. സ്‌കൂളിലും കുട്ടികളുടെ വീടുകളിലുമായുള്ള പച്ചക്കറി-പഴത്തോട്ടങ്ങളില്‍ നിന്ന് വലിയതോതില്‍ വിളവ് ലഭിക്കുന്നുമുണ്ട്. നാടിനെ ഒപ്പംകൂട്ടി നടത്തിയ നല്ല പ്രവര്‍ത്തനങ്ങളുടെ മികവിലാണ് എളമരം ബി.ടി.എം.ഒ. യു.പി. സ്‌കൂളിലേക്ക് മാതൃഭൂമി- ഫെഡറല്‍ ബാങ്ക് സീഡ് വിശിഷ്ട ഹരിതവിദ്യാലയപുരസ്‌ക്കാരം എത്തിയത്.


ബഷീര്‍ ദിനത്തില്‍ നറുക്കെടുപ്പിലൂടെ ഒരു വിദ്യാര്‍ഥിക്ക് ആടിനെ നല്‍കി. നാടിനെ ആടുഗ്രാമമാക്കാനുള്ള പദ്ധതിയുമായി വിദ്യാര്‍ഥികളും നാട്ടുകാരും ഒന്നിച്ചു മുന്നേറുന്നു. സമൂഹത്തെ ഒപ്പംകൂട്ടിയുള്ള പപ്പായഗ്രാമം പദ്ധതിയും വലിയവിജയമായി.


ജൈവവളമുപയോഗിച്ചുള്ള കൃഷിരീതിക്ക് പ്രാധാന്യംകൊടുക്കുന്ന സീഡ് ക്ലബ് സ്വന്തമായി ജൈവവളം ഉത്പാദിപ്പിക്കുന്നുമുണ്ട്. കുടിവെള്ളം നിറച്ചുവെക്കുന്ന കാനുകളും പഴയ പി.വി.സി.പൈപ്പുകളും ഉപയോഗിച്ച് അടുക്കള മാലിന്യത്തില്‍നിന്ന് കുട്ടികളും അധ്യാപകരും ചേര്‍ന്നാണ് ജൈവവളം നിര്‍മിക്കുന്നത്. ലിക്വിഫ എന്ന പേരില്‍ ഇതിന്റെ വിപണനവും നടത്തുന്നു. ഉപയോഗശേഷമുള്ള പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ച് വളം വിതരണത്തിനായി ഉപയോഗിക്കുന്നു. പ്ലാസ്റ്റിക്ക് പുനരുപയോഗംകൂടി ലക്ഷ്യമാക്കിയ ഈ പദ്ധതി സമീപത്തെ പഞ്ചായത്തിലും അവതരിപ്പിച്ച് അംഗീകാരം നേടി.


ഊര്‍ജസംരക്ഷണത്തിന്റെ പ്രാധാന്യം നാട്ടുകാരിലെത്തിക്കുന്നതിനായി ലഘുലേഖ വിതരണം ചെയ്തതിലൂടെ വീടുകളിലെ വൈദ്യുതി ബില്ലില്‍ ഗണ്യമായ കുറവുണ്ടായി. ചാലിയാര്‍ നദീസംരക്ഷണ റാലി നടത്തി ബോധവത്കരണം നടത്തുകയും നദീതീരം വൃത്തിയാക്കുകയും ചെയ്തു.


ചാലിയാര്‍ പുഴയുടെ കരയില്‍ കാടുമൂടിക്കിടന്നിരുന്ന ഗ്വാളിയോര്‍ റയോണ്‍സി(ഗ്രാസിം)ന്റെ നാനൂറോളം ഏക്കര്‍പ്രദേശം സമൂഹവിരുദ്ധരുടെയും വന്യമൃഗങ്ങളുടെയും വിഹാരകേന്ദ്രമാവുന്നതിനെക്കുറിച്ചുള്ള മാതൃഭൂമി പത്രത്തിലെ സീഡ് റിപ്പോര്‍ട്ടറുടെ വാര്‍ത്തയില്‍ നടപടിയുണ്ടായി. അധികൃതര്‍ സ്ഥലം വൃത്തിയാക്കുകയും കെട്ടിടാവശിഷ്ടങ്ങള്‍ നീക്കംചെയ്യുകയും ചെയ്തു.


മയക്കുമരുന്നുപയോഗത്തിനെതിരേ വീട്ടുമുറ്റം, പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാന്‍ ഫിഷ് ബോക്‌സ്, മൂന്നുവര്‍ഷം ഒരുബാഗ് പദ്ധതി, കടകളിലേക്കുള്ള തുണിസഞ്ചി വിതരണം തുടങ്ങി വേറിട്ട പ്രവര്‍ത്തനങ്ങള്‍ ഒട്ടേറെയുണ്ട്.


പ്രധാനാധ്യാപകന്‍ ഒ.എം. നൗഷാദ്,സീഡ് ടീച്ചര്‍ കോഡിനേറ്റര്‍ വി.പി. സജ്‌ന, സ്‌കൂള്‍ മാനേജ്‌മെന്റ്, അധ്യാപകരായ ടി.കെ. റഫീഖ്, മുഹമ്മദ് സര്‍ഫാസ്, പി.ടി.എ. പ്രസിഡന്റ് ശ്രീദാസ് വെട്ടത്തൂര്‍ എന്നിവരാണ് സ്‌കൂളിലെ സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കുന്നത്.

March 11
12:53 2026

Write a Comment

Related News