പ്ലാസ്റ്റിക്കിന് ബദൽ; തുണിസഞ്ചി നിർമിച്ച് മണ്ണയ്ക്കനാട് ജി.യു.പി.എസിലെ സീഡ് കൂട്ടുകാർ
മണ്ണയ്ക്കനാട് ജി.യു.പി.എസിലെ സീഡ് കൂട്ടുകാർ നിർമിച്ച തുണി സഞ്ചികളുമായി
മണ്ണയ്ക്കനാട്: പരിസ്ഥിതി സൗഹൃദമായി ജീവിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട് പ്ലാസ്റ്റിക് ബാഗുകൾക്ക് പകരമായി സ്ഥിരമായി ഉപയോഗിക്കാവുന്ന തുണിസഞ്ചി നിർമ്മിച്ച് മണ്ണയ്ക്കനാട് ജി.യു.പി.എസിലെ സീഡ് കൂട്ടുകാർ. പരുത്തിത്തുണിയിൽ വിദ്യാലയത്തിന്റെയും സീഡിന്റെയും പേര് കുട്ടികൾതന്നെ അച്ചു നിരത്തി. തയ്യൽ അറിയുന്ന അമ്മമാരുടെ സഹായത്തോടെ തുണിസഞ്ചിയുടെ തയ്യൽ പൂർത്തിയാക്കി.
സ്കൂൾ വികസന സമിതി കൺവീനർ രാമചന്ദ്രൻ സ്കൂൾ ലീഡർ വന്ദന രജീഷിന് തുണിസഞ്ചി കൈമാറി തുണിസഞ്ചി വിതരണോദ്ഘാടനം നിർവഹിച്ചു. ഇനിമുതൽ വീട്ടിൽ നിന്ന് കടയിൽ പോകാനും സ്കൂളിലേക്ക് എന്തെങ്കിലും കൊണ്ടുവരാനും തുണിസഞ്ചി മാത്രമേ ഉപയോഗിക്കൂ എന്ന് സീഡ് അംഗങ്ങൾ പ്രതിജ്ഞയെടുത്തു.
കുറിച്ചിത്താനം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ വിശ്വനാഥൻ, കർഷക അവാർഡ് ജേതാവ് റോബിൻ കല്ലോലിൽ, പ്രസന്ന, അധ്യാപകർ, സീഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. സ്കൂൾ പ്രഥമാധ്യാപകൻ കെ. വിജിത് കുമാറിന്റെ നേതൃത്തില് വിദ്യാലയത്തിലെ അധ്യാപകരായ വിൻസി വാസൻ, ആർ. സുബിത എന്നിവർ നേതൃത്വം നൽകി.
March 06
12:53
2026


