SEED News

മാലിന്യപ്രശ്നത്തിന്‌ പരിഹാരം തേടി സീഡ്; ജനകീയ കൂട്ടായ്മയിലൂടെ വിജയം


 പത്തിരിപ്പാല: മങ്കര വെസ്റ്റ് ബേസിക് യു.പി. സ്കൂളിലെ സീഡ് പ്രവർത്തകരുടെ സമയോചിതമായ ഇടപെടൽമൂലം പത്തിരിപ്പാല ഗാന്ധിസേവാസദൻ പ്രദേശത്തുള്ള മാലിന്യപ്രശ്നത്തിന്‌ പരിഹാരമായി. റോഡരികുകളിലും കനാലോരത്തും വീട്ടുമുറ്റങ്ങളിലും ഞാവളിൻകടവിലും അജ്ഞാതസംഘങ്ങൾ മാലിന്യം തള്ളുന്നത് നിത്യസംഭവമായിരുന്നു. നാട്ടുകാർ ഒട്ടേറെ പരാതികൾ അധികാരികൾക്ക് നൽകിയെങ്കിലും ഫലമുണ്ടായില്ല.
തുടർന്നാണ് സ്കൂളിലെ സീഡ് പ്രവർത്തകരായ കുട്ടികൾ പ്രശ്നബാധിതസ്ഥലങ്ങൾ സന്ദർശിച്ച് സ്ഥിതി മനസ്സിലാക്കിയത്. ജനങ്ങളിൽനിന്ന് നേരിട്ട് പരാതി കേൾക്കുകയും അവരുടെത്തന്നെ സഹായത്തോടെ ജാഗ്രതാപ്രവർത്തനം നടത്തുകയും ചെയ്തു. മങ്കര, ലക്കിടി-പേരൂർ പഞ്ചായത്ത് പ്രസിഡൻറുമാർ, വാർഡ് മെമ്പർമാർ, മങ്കര സ്റ്റേഷൻ എസ്.ഐ, കളക്ടർ എന്നിവർക്ക് പരാതിയും നൽകി.
ഇതോടെ ലക്കിടി-പേരൂർ പഞ്ചായത്ത് ഏഴാംവാർഡ് മെമ്പർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മതന്നെ പ്രശ്നം പരിഹരിക്കാൻ മുന്നോട്ടുവന്നു. ഏതാനും ദിവസങ്ങളായി മാലിന്യപ്രശ്നത്തിന് ശമനമുണ്ടാവുകയും ചെയ്തു.
 സീഡ് റിപ്പോർട്ടർമാരായ അജിത് പി., ശ്രീരാഗ് കെ. ഉണ്ണി, സീഡ് കൺവീനറായ വിജേഷ് പി.വി., സീഡ് പോലീസ് ശരത് പി., സുനിൽ ബാബു കെ.എസ്., മറ്റ് സീഡ് പ്രവർത്തകർ എന്നിവർക്കൊപ്പം സീഡ് കോ-ഓർഡിനേറ്റർ കെ.പി. കൃഷ്ണനുണ്ണി, അധ്യാപകനായ അബ്ദുൾ റിയാസ് എന്നിവരാണ് പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്.

January 11
12:53 2018

Write a Comment

Related News