SEED News

പാഠമാകട്ടെ പഠനത്തോടൊപ്പം നേടിയ ഈ ഹരിതവിജയങ്ങള്‍

കോഴിക്കോട്: ഇടുക്കി ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ പച്ചപ്പും തെളിനീരും തിരികെയെത്തിയതിനുപിന്നില്‍ ഒരുകൂട്ടം വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും കഠിനാധ്വാനമുണ്ട്. പഠനത്തിരക്കുകള്‍ക്കിടയിലും ഇവര്‍ നടത്തിയ ഈ നന്മയ്ക്കുള്ള അംഗീകാരമായാണ് മാതൃഭൂമി സീഡിന്റെ സംസ്ഥാനത്തെ ഏറ്റവും മികച്ച സ്‌കൂളിനുള്ള വിശിഷ്ടഹരിതവിദ്യാലയ പുരസ്‌കാരം  രാജകുമാരി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെത്തുന്നത്. 
നാട്ടില്‍ നല്ല കുടിനീരുറപ്പുവരുത്തുന്നതിനായി വാട്ടര്‍ ഓഡിറ്റിങ്ങായിരുന്നു ആദ്യഘട്ടം. രാജാക്കാട്, രാജകുമാരി പഞ്ചായത്തുകളിലെ 200 കുടിവെള്ള സ്രോതസ്സുകളിലെയും 52 പൊതു ജലസ്രോതസ്സുകളിലെയും വെള്ളം സ്‌കൂള്‍ ലാബില്‍ പരിശോധിച്ചു.  അമ്ലാംശം കൂടുതലുണ്ടെന്ന്  തിരിച്ചറിഞ്ഞു. തുടര്‍ന്ന് സീഡ് അംഗങ്ങളുടെയും ജനപ്രതിനിധികളുടെയും യോഗം രാജാക്കാട് ടൗണില്‍ വിളിച്ചുചേര്‍ത്ത് പരിശോധനാഫലം പ്രസിദ്ധപ്പെടുത്തി. വെള്ളം ശുദ്ധീകരിക്കാനുള്ള പ്രവര്‍ത്തനങ്ങളും ചര്‍ച്ചചെയ്ത് തീരുമാനിച്ചു. രാജകുമാരി, രാജാക്കാട്, സേനാപതി, ശാന്തമ്പാറ പഞ്ചായത്തുകളിലെ കുടിവെള്ള സ്രോതസ്സായ പന്നിയാര്‍പുഴയുടെ ശുചീകരണമായിരുന്നു അടുത്തലക്ഷ്യം. നിവേദനം, ബോധവത്കരണം, ജലസംരക്ഷണ യാത്ര, മഴക്കുഴി നിര്‍മാണം, കിണര്‍ റീച്ചാര്‍ജിങ് തുടങ്ങി ഒരു പുഴയെ രക്ഷിക്കുന്നതിനുവേണ്ടി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍.

ജൈവകൃഷിയിലും ഈ സ്‌കൂള്‍ മാതൃകയാണ്. ഇരുപത് ഇനം പച്ചക്കറികളാണ് സ്‌കൂള്‍ മുറ്റത്ത് വിളയിച്ചത്. വിളവ് 870 കിലോഗ്രാം.  സ്‌കൂളിനുപുറത്ത് രണ്ടരയേക്കറില്‍ ഉമ നെല്ല് കൃഷിചെയ്തപ്പോള്‍ വിളവ് 10,700 കിലോ. 2,300 കിലോ ജൈവവളവും 90 ലിറ്റര്‍ ജൈവകീടനാശിനിയും സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച്  പൊതുജനങ്ങള്‍ക്ക് വിതരണം  ചെയ്തു. എണ്ണായിരത്തോളം ഗ്രോബാഗുകള്‍ തയ്യാറാക്കി രാജകുമാരി പഞ്ചായത്തിലെ മറ്റ് സ്‌കൂളുകളില്‍ വിതരണം ചെയ്തു.  പഞ്ചായത്തില്‍  കുട്ടികള്‍ തന്നെ നിര്‍മിച്ച 2600 എല്‍.ഇ.ഡി. ബള്‍ബുകള്‍ വിതരണം ചെയ്തു. ഇ-മാലിന്യ ശേഖരണമായിരുന്നു മറ്റൊരു പ്രധാന പ്രവര്‍ത്തനം.പ്ലാസ്റ്റിക് സംസ്‌കരണത്തിന് പുതിയവഴിയും അറവുമാലിന്യത്തില്‍നിന്ന് ജൈവവളനിര്‍മാണവും അവതരിപ്പിച്ചുകൊണ്ടാണ് വയനാട് സുല്‍ത്താന്‍ബത്തേരിയിലെ  ബീനാച്ചി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ സീഡ് പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാന?ത്തെത്തിയത്. പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് വേര്‍തിരിച്ച് ഉരുക്കി ഉപയോഗയോഗ്യമായ ചതുരക്കട്ടകളും പാത്രങ്ങളും  ഇന്റര്‍ലോക്ക് കട്ടകളും പൂച്ചട്ടികളും മറ്റും ഉണ്ടാക്കി.


അറവുശാലകളില്‍ നിന്നും ശേഖരിക്കുന്ന മാംസാവശിഷ്ടങ്ങള്‍ ഉപയോഗിച്ച് ജൈവവളങ്ങള്‍ നിര്‍മിച്ച് കൃഷിക്കും മാലിന്യസംസ്‌കരണത്തിനും ഒരുപോലെ ഉപയോഗപ്പെടുത്തി. പലതരത്തിലുള്ള മരങ്ങളുടെയും സസ്യങ്ങളുടെയും പുറംതൊലി കാര്‍ഷികമേഖലയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചുള്ള പഠനപ്രവര്‍ത്തനവും സ്‌കൂളില്‍ നടന്നുവരുന്നു. ആയിരത്തിലധികം നാട്ടുമാവിന്‍ തൈകള്‍ തയ്യാറാക്കി  വിതരണം ചെയ്തു.
പ്രകൃതിസംരക്ഷണത്തിന്റെ എല്ലാ മേഖലകളിലും നിരന്തരസാന്നിധ്യം ഉറപ്പുവരുത്തിക്കൊണ്ടാണ് തൃശ്ശൂര്‍ പുറനാട്ടുകര എസ്.ആര്‍.കെ.ജി.വി.എം.എച്ച്.എസ്. സീഡ് പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനത്തെത്തിയത്. 
നാട്ടുമാഞ്ചോട്ടില്‍ പദ്ധതിയുടെ ഭാഗമായി 4000-ത്തിലധികം മാവിന്‍തൈകള്‍ വിതരണം ചെയ്തു. പുഴയ്ക്കല്‍പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ അടാട്ട് ഗ്രാമപ്പഞ്ചായത്തിനൊപ്പം പങ്കാളികളായി. 

അടാട്ട് പഞ്ചായത്തിലെ പാരിക്കാട് കോളനിയില്‍ ജലസര്‍വേ നടത്തി പരിഹാര നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് പഞ്ചായത്ത് അധികൃതര്‍ക്ക് കൈമാറി. അപൂര്‍വമായ രക്തശാലി എന്ന നാടന്‍ നെല്‍വിത്ത് വിദ്യാലയ മുറ്റത്ത് കൃഷിയിറക്കി.  സീഡ് അംഗങ്ങള്‍ കൃഷിചെയ്ത നാട്ടുകുറുവ എന്ന നാടന്‍ നെല്‍വിത്ത്,  കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിന് കൈമാറി. 'എല്ലാ വീട്ടിലും പൂമ്പാറ്റ' എന്ന പദ്ധതിയുടെ ഭാഗമായി 800 കുട്ടികളുടെ വീടുകളില്‍ പൂമ്പാറ്റയെ ആകര്‍ഷിക്കുന്ന പൂച്ചെടികളും അവയ്ക്ക് മുട്ടയിട്ടുവളരാന്‍ കഴിയുന്ന സസ്യങ്ങളും നട്ടുവളര്‍ത്തുന്നുണ്ട്. അന്യംനിന്നുപോകുന്ന നാടന്‍ ശുദ്ധജല മത്സ്യക്കുഞ്ഞുങ്ങളെ സ്‌കൂള്‍ കാമ്പസിലെ കുളത്തില്‍ സംരക്ഷിച്ചുവളര്‍ത്തുന്നുണ്ട്.
 ലഹരിക്കെതിരേയും ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ വിദ്യാര്‍ഥികള്‍ക്കായി. 'ജിമിക്കി കമ്മല്‍...' എന്ന ഹിറ്റ് പാട്ടിനെ അനുകരിച്ച് സീഡ് അംഗങ്ങള്‍ എഴുതിയുണ്ടാക്കി പാടി ചിട്ടപ്പെടുത്തിയ ഫ്‌ളാഷ് മോബ്, എക്‌സൈസ് ഡിപ്പാര്‍ട്ട്മെന്റ് ഏറ്റെടുത്ത് വിവിധ സ്ഥലങ്ങളില്‍ അവതരിപ്പിച്ചു.  

സീഡ് പ്രവർത്തനങ്ങളിൽ ലക്ഷദ്വീപിന്റെ മാതൃക
മിനിക്കോയ്: ലക്ഷദ്വീപിലെ മിനിക്കോയ് ജവാഹർ നവോദയവിദ്യാലയം സീഡ് പ്രവർത്തനങ്ങളിലൂടെ വേറിട്ട മാതൃക സൃഷ്ടിക്കുകയാണ്. പുഴയും അരുവിയും തടാകവുമൊന്നുമില്ലാത്ത ദ്വീപിൽ അവർ മഴയെ ആശ്രയിച്ച് ജലസംരക്ഷണപ്രവർത്തനങ്ങൾ നടത്തുന്നു. പ്രത്യേകം തയ്യാറാക്കിയ ടാങ്കുകളിൽ ഗപ്പിമത്സ്യങ്ങളെ വളർത്തി കൊതുകുനിവാരണം പ്രാവർത്തികമാക്കുന്നു. ഓഖി ചുഴലിക്കാറ്റിൽ നഷ്ടമായ തെങ്ങുകൾക്കുപകരം പുതിയ തെങ്ങിൻതൈകൾ വെച്ചുപിടിപ്പിക്കുന്നതിലും സീഡ് പ്രവർത്തകരാണ് മുന്നിട്ടിറങ്ങുന്നത്. കൃഷിയിലും ലഹരിക്കെതിരേയുള്ള ബോധവത്കരണ പ്രവർത്തനങ്ങളിലും വിദ്യാർഥികൾ മുന്നിലുണ്ട്.


ഫലം അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

March 20
12:53 2018

Write a Comment