SEED News

വായനാ ദിനത്തില്‍ അക്ഷരദൂതുമായി ഇടപ്പള്ളി ഹൈ സ്കൂളിലെ സീഡ് പ്രവർത്തകർ

ഇടപ്പള്ളി: 'പുസ്തകങ്ങള്‍ ഇല്ലാത്ത വീട് ജനാലകള്‍ ഇല്ലാത്ത മുറിക്ക് തുല്യമാണ്'- ഹെന്റിച്ച്മാന്റെ മഹത്തായ വചനം എഴുതിയ കുഞ്ഞു കടലാസ് കൈയ്യില്‍ കിട്ടിയ യാത്രക്കാരന്‍ അത്ഭുതപ്പെട്ടിട്ടുണ്ടാകണം. വായനയുമായി ബന്ധപ്പെട്ട ഇതുപോലുള്ള നിരവധി ആപ്തവാക്യങ്ങളുമായാണ് ഇടപ്പള്ളി ഹയര്‍ സെക്കന്ററി സ്‌കൂളിലെ മാതൃഭൂമി സീഡ്   നന്മ ക്ലബ്‌  അംഗങ്ങൾ  മെട്രോ ട്രെയിനില്‍ ആലുവ വരേയും തിരികെയും അക്ഷരദൂത് യാത്ര ചെയ്തത്. വഴിയിലുടനീളം എല്ലാവര്‍ക്കും വായനയുടെ പ്രാധാന്യം വിളിച്ചറിയിക്കുന്ന വാചകങ്ങള്‍ വിതരണം ചെയ്തു. 

അക്ഷരദൂത് ആരംഭിക്കാന്‍ മലയാളത്തിന്റെ കാല്‍പ്പനിക കവിയുടെ പേരിലുള്ള മെട്രോ സ്റ്റേഷനല്ലാതെ മറ്റെവിടെയാണ് അനുയോജ്യമാവുക. ഇടപ്പള്ളിയും പത്തടിപ്പാലവും കളമശ്ശേരിയും മുട്ടവും പിന്നിട്ട് ആലുവ വരേയും തിരിച്ച് ചങ്ങമ്പുഴ പാര്‍ക്കിലിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് വായനാദിനവും മെട്രോയുടെ ഒന്നാം വാര്‍ഷികവും ഒന്നിച്ച് വന്നത് ഇരട്ടി മധുരമായി. 

വായനാ ദിനത്തോടനുബന്ധിച്ച് ഇടപ്പള്ളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംഘടിപ്പിച്ച വായനാ ദിനാചരണം ഹെഡ്മിസ്ട്രസ് ഷൈല പാറപ്പുറത്ത് ഉദ്ഘാടനം ചെയ്തു. പി. എന്‍. പണിക്കര്‍ അനുസ്മരണം പത്താം തരം വിദ്യാര്‍ഥി കെ. ജെ. സുജിത്ത് നിര്‍വഹിച്ചു.  എട്ടാം ക്ലാസ് വിദ്യാര്‍ഥികളായ സൗരഭ്, ഷഹസാദ് എന്നിവര്‍ അക്ഷരശില്‍പിയുടെ തത്സമയ ചിത്രരചന നിര്‍വഹിച്ചു. വായിച്ചിരിക്കേണ്ട പത്ത് പ്രശസ്ത പുസ്തകങ്ങളെ വിദ്യാര്‍ഥികള്‍ പരിചയപ്പെടുത്തി. പത്താം തരം വിദ്യാര്‍ഥിനി ആര്യ കവിതാലാപനം നടത്തി. 

മെട്രോ യാത്രയിലും വിവിധ പരിപാടികളിലും അധ്യാപകരും പി. ടി. എ. ഭാരവാഹികളും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.

June 19
12:53 2018

Write a Comment

Related News