SEED News

കുരുന്നുകളുടെ സഹായം സഹപാഠികൾക്ക് കൈത്താങ്ങായി


മണ്ണഞ്ചേരി: സഹപാഠികളുടെ കണ്ണീരൊപ്പി പഠനവഴിയിൽ സഹായം നൽകി കൂടെച്ചേർത്ത് മാതൃകയായിരിക്കുകയാണ് മണ്ണഞ്ചേരി  ഗവ. ഹൈസ്കൂളിലെ വിദ്യാർത്ഥികൾ. പെൻസിൽ മുതൽ സൈക്കിൾ വരെയാണ് കുട്ടികൾ സഹപാഠികൾക്ക് വാങ്ങിനൽകി കൈത്താങ്ങായത്. 
അറിവ് നേടുന്നതിനൊപ്പം കാരുണ്യവും പങ്കുവച്ച് നിരാലംബരായ കുട്ടികളെയും മികവുള്ളവരാക്കാമെന്ന സന്ദേശമാണ് മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിലെ വിദ്യാർത്ഥികൾ പകർന്നുനൽകുന്നത്. സ്കൂളിലെ വി.കെ.സി.-നന്മ ക്ലബ്ബിലെ വിദ്യാർത്ഥികളാണ് ഏവർക്കും മാതൃകയായിരി
ക്കുന്നത്.
മിഠായി, പലഹാരങ്ങൾ, പൊട്ട്, കൺമഷി തുടങ്ങിയവ വാങ്ങാൻ വീട്ടുകാർ കൊടുത്ത പണം സ്വരുക്കൂട്ടിയാണ് കുട്ടികൾ പഠനോപകരണങ്ങൾ വാങ്ങിയത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആസിയ ആണ് സൈക്കിൾ നൽകിയത്. 
5000 രൂപ വിലവരുന്ന സൈക്കിൾ ഒൻപതാം ക്ലാസിലെ വിദ്യാർത്ഥിനിയായ വിനീതയ്ക്കാണ് കൈമാറി
യത്.
ക്ലാസിലെ ഭിന്നശേഷിക്കാരിയായ ഫാത്തിമയെ സ്വന്തം കൂടപ്പിറപ്പിനെപ്പോലെ ശുശ്രൂഷിക്കുന്ന വിനീതയുടെ നന്മ നിറഞ്ഞ മനസ്സ് കണ്ടാണ് ആസിയ സഹായഹസ്തവുമായി മുന്നോട്ടുവന്നത്. ഒന്നാം ക്ലാസ് മുതൽ വിനീതയാണ് ഫാത്തിമയെ സ്കൂളിൽ കൊണ്ടുവരുന്നതും തിരികെ കൊണ്ടുപോകുന്നതും. 
ഇനിമുതൽ ആസിയ നൽകിയ സൈക്കിളിലാണ് ഇരുവരും സ്കൂളിൽ എത്തുക. 
ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ കുട്ടികളാണ് കാരുണ്യം പങ്കുവച്ചത്.
 3000 നോട്ടുബുക്കുകൾ, 325 പേനയും പേൻസിലും, 100 ബാഗുകൾ, 25 കുടകൾ, 50 ഇൻസ്ട്രുമെന്റ് ബോക്സ് എന്നിവയാണ് കുട്ടികൾ നന്മ ക്ലബ്ബ്‌ വഴി കൈമാറിയത്. 
ചടങ്ങ് മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സന്തോഷ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി.ചെയർമാൻ സി.എച്ച്.റഷീദ് അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക സുജാതകുമാരി, ജനപ്രതിനിധികളായ പി.എ.ജുമൈലത്ത്, എസ്.നവാസ്, ഡെപ്യൂട്ടി പ്രഥമാധ്യാപകൻ കെ.പി.രാധാകൃഷ്ണൻ, അധ്യാപകരായ ദിലീപ്കുമാർ, സുനിക്കുട്ടൻ, നന്മ ക്ലബ്ബ്‌ പ്രസിഡന്റ് ബീനാ ഷാജി, നന്മ കോ-ഓർഡിനേറ്റർ സരസ്വതി എന്നിവർ പ്രസം
ഗിച്ചു. 

July 05
12:53 2018

Write a Comment

Related News