SEED News

മേലാങ്കോട്ട് സ്കൂളിന് സ്വന്തമായി ഔഷധത്തോട്ടമായി


  മേലാങ്കോട്ട് സ്കൂളിന് സ്വന്തമായി ഔഷധത്തോട്ടമായി :
ഓസോൺ ദിനാചരണത്തിന്റെ മുപ്പതാം വാർഷികത്തിന്റെ ഭാഗമായി ദിവാകരൻ നീലേശ്വരമാണ് വിദ്യാലയത്തിൽ ഔഷധത്തോട്ടമൊരുക്കുന്നത്.
കാഞ്ഞങ്ങാട് :മുൻ തലമുറകൾ ഉപയോഗിച്ചിരുന്നതും ഇപ്പോൾ അന്യം നിന്നുപോകുന്നതുമായ  അപൂർവ ഔഷധങ്ങൾ തേടി മേലാങ്കോട്ടെ കുട്ടികൾ ഇനി കാടുകയറണ്ട. മേലാങ്കോട്ട് എ.സി.കണ്ണൻ നായർ സ്മാരക ഗവ.യു.പി സ്കൂൾ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  സ്വന്തമായി വിപുലമായ ഔഷധത്തോട്ടമുണ്ടാക്കുന്നതിന് പരിസ്ഥിതി പ്രവർത്തകനായ ദിവാകരൻ നീലേശ്വരവുമായി പ്രഥമാധ്യാപകൻ കൊടക്കാട്നാരായണനുമായി കരാറിലേർപ്പെട്ടതോടെയാണ് ജില്ലയിൽ തന്നെ  മികച്ച ഔഷധോദ്യാനം മേലോങ്കോ ട്ട് ഒരുങ്ങുന്നത്.
ഓസോൺ ദിനാചരണത്തിന്റെ മുപ്പതാം വാർഷിക ത്തെ അനുസ്മരിച്ച്  മുപ്പത് ഔഷധ സസ്യങ്ങളുമായാണ് ദിവാകരൻ സ്കൂളിലെത്തിയത്.പ്രമേഹത്തിന്റെ ശത്രുവായ ഷുഗർ പ്ലാന്റ് തൊട്ട് നിലവിളക്കിൽ ഉപയോഗിക്കുന്ന അഗ്നിയില വരെ ഈശേഖരത്തിൽ ഉണ്ടായിരുന്നു. വരും ദിവസങ്ങളിൽ അമൂല്യങ്ങളായ നൂറിലധികം ഔഷധ സസ്യങ്ങൾ തോട്ടത്തിൽ വെച്ചുപിടിപ്പിക്കും. കൂടുതൽ പരിചരണമാവശ്യമായ ചെടികൾ ചട്ടിയിലും മറ്റുള്ളവ സ്കൂൾ പറമ്പിലും നടുവാനാണ് പരിപാടി.
ദശപുഷ്പങ്ങളായ മുക്കുറ്റി, തിരുതാളി, പൂവാംകുറുന്തൽ, മുയൽച്ചെവിയൻ, വിഷ്ണുക്രാന്തി, ചെറൂള, ഉഴിഞ്ഞ, നിലപ്പന, കയ്യോന്നി, കറുക, ത്രിഫലങ്ങളായ നെല്ലി, താന്നി, കടുക്ക, നാൽപ്പാമരങ്ങളായ അത്തി, ഇത്തി, ആൽ, അരയാൽ, ത്രിഗന്ധങ്ങളായ ചന്ദനം, അഗിൽ, ദശമൂലങ്ങളായ ഓരില, മൂവില, പല കപയ്യാനി, കുമ്പിൾ, പാതിരി, കൂവളം, ഞെരിഞ്ഞിൽ, ആനച്ചുണ്ട, ചെറൂള, മുഞ്ഞ എന്നിവയും ഔഷധ കുടുംബത്തിലുണ്ടാകും.
കൂടാതെ മുറി കൂട്ടി, ഗുൽഗുലു, തൊഴു കണ്ണി, അശോകം, പൂവവരശി, കറുകപ്പട്ട, നാഗഗന്തി, പാരിജാതം എന്നിവയും തോട്ടത്തിൽ വെച്ചു പിടിപ്പിക്കും. ഉദ്യാനം പൂർണ സജ്ജമാകുന്നതോടെ വിദ്യാലയത്തിൽ ശ്രദ്ധിക്കപ്പെടുന്ന ശലഭോദ്യാനം രൂപപ്പെടുമെന്നാണ് കണക്കുകൂട്ടുന്നത്.
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പിന്റെ വനം മിത്ര, വൃക്ഷമിത്ര പുരസ്കാര ജേതാവും ആയിരക്കണക്കിന് ഔഷധ സസ്യങ്ങളുടെ ശേഖരത്തിനുടമയുമായ കടിഞ്ഞി മൂല സ്വദേശിയായ ദിവാകരൻ നീലേശ്വരത്തിന്റെ ജീവനം പദ്ധതിയുടെ ഭാഗമായാണ് വിദ്യാലയത്തിൽ ഔഷധത്തോട്ടം നിർമിക്കുന്നത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലായി പതിനായിരക്കണക്കിന് ഔഷധ സസ്യങ്ങളും വൃക്ഷങ്ങളും ദിവാകരൻ ഇതിനകം നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഔഷധച്ചെടികളുടെ ശേഖരം ദിവാകരൻ നീലേശ്വരം പ്രഥമാധ്യാപകൻ കൊടക്കാട് നാരായണൻ, സ്കൂൾ ലീഡർ എ.വി.അദ്വൈത്. എന്നിവർക്ക് കൈമാറി.
പി.ടി.എ.വൈസ് പ്രസിഡന്റ് ജി.ജയൻ, എച്ച്.എൻ.പ്രകാശൻ, പൂർവ വിദ്യാർഥി സംഘടനാ പ്രസിഡന്റ് ബല്ല ബാബു, സീഡ് കോർഡിനേറ്റർ പി..കുഞ്ഞിക്കണ്ണൻ, സണ്ണി.കെ.മാടായി, എം.അനിത എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ: മേലാങ്കോട്ട് എ.സി.കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂളിൽ നിർമിക്കുന്ന ഔഷധത്തോട്ടത്തിലേക്ക് ദാവാകരൻ നീലേശ്വരം ഔഷധ സസ്യങ്ങൾ കൈമാറുന്നു.

September 20
12:53 2018

Write a Comment

Related News