SEED News

സ്വാദൂറും വിഭവങ്ങളുമായി പനങ്ങാട് സ്ക്കൂളിലെ കുരുന്നുകൾ

ലോക ഭക്ഷ്യ ദിനം
പനങ്ങാട്:സ്വാദൂറും രുചിഭേദങ്ങളുടെ വിഭവങ്ങളുമായി ലോക ഭക്ഷ്യ ദിനത്തിൽ തങ്ങളുടെ ക്ലാസ് മുറികളിൽ വേറിട്ട വേദിയൊരുക്കി പനങ്ങാട് സ്ക്കൂളിലെ കുരുന്നുകൾ.മുരിങ്ങയില ദോശ,പയർ ലഡു,ചേന,പാഷൻ ഫ്രൂട്ട് എന്നിവയുടെ ചമ്മന്തികൾ,കിണ്ണത്തപ്പം,ചീര, കൊടപ്പൻ എന്നിവ കൊണ്ടുള്ള തോരൻ,ചേന,ചേമ്പ്,കാച്ചിൽ,പപ്പായ,താള് തുടങ്ങിയ തികച്ചും നാടൻ ഇനങ്ങൾ കൊണ്ടുള്ള നിരവധി വിഭവങ്ങൾ സ്കൂളിലെ ഡസ്ക്ക് കളിൽ നിരന്നപ്പോൾ കാഴ്ചക്കെത്തിയവരുടെ കണ്ണുകളിലും ഒപ്പം നാവിൻതുമ്പിലും ആകാംക്ഷ വിരിയുന്നത് കുരുന്നുകൾ നോക്കി നിന്നു.

ഒൻപതാം ഹരിതോത്സവത്തിന്റെ ഭാഗമായി ഹരിത കേരള മിഷനും, മാതൃഭൂമി സീഡും ചേർന്നാണ് ഈ നാടൻ ഭക്ഷ്യമേള ഒരുക്കിയത്. പനങ്ങാട് വി.എച്ച്.എസ്സ്.എസ്സിലെ എൽ.പി.,യു.പി.വിഭാഗങ്ങളിൽ നിന്നായി മുന്നൂറോളം കുട്ടികളാണ് മേളയിൽ പങ്കാളികളായത്.കുരുന്നു പ്രായത്തിൽ തന്നെ
വിഷമയ ഭക്ഷണം ഒഴിവാക്കി,വിഷരഹിത ഭക്ഷണം ജീവിതത്തിൽ ശീലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എൽ.പി.-യു.പി.വിഭാഗത്തിലെ കുട്ടികളെ ഉൾപ്പെടുത്തി ഇത്തരത്തിൽ ഭക്ഷ്യമേള ഒരുക്കിയതെന്ന് സ്കൂളിലെ സിഡ് കോ-ഓഡിനേറ്റർ പ്രീത കെ.ആർ. പറഞ്ഞു.

തങ്ങളുടെ വീട്ടുമുറ്റത്തും,സമീപ പ്രദേശങ്ങളിലും,തോട്ടിലും, തൊടിയിലും വിളഞ്ഞ് നിൽക്കുന്ന നാടൻ വിഭവങ്ങൾ കണ്ടെത്തി ശേഖരിച്ച് രുചിയൂറും വിഭവങ്ങളാക്കി ചെറിയ പാത്രങ്ങളിലാക്കി ചൂടാറാതെ സ്ക്കൂളിലെത്തിച്ച് ഭക്ഷ്യമേളയിൽ നിരത്തി വച്ചപ്പോൾ കുരുന്നുകളിൽ ആനന്ദത്തിന്റെ തിരയിളക്കം കാണാമായിരുന്നു.ഇത്തരം വിഭവങ്ങളിലൂടെ തങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനാകുമെന്ന്കൂടി തങ്ങളുടെ അദ്ധ്യാപകരിൽ നിന്നും അറിഞ്ഞപ്പോൾ കുട്ടികളുടെ മനസ്സിൽ സന്തോഷം നിറഞ്ഞു.

കൂടാതെ ഈ ആഴ്ച്ചയിൽ തന്നെ അമ്മമാർക്കായി നാടൻ വിഭവങ്ങളുടെ പാചക മത്സരവും,ഭക്ഷണത്തിൽ മായം ചേർക്കലിനെതിരെ ബോധവൽക്കരണ ക്ലാസും സംഘടിപ്പിക്കുമെന്നും സ്ക്കൂളധികൃതർ അറിയിച്ചു.ചടങ്ങിൽ സ്ക്കൂൾ പ്രധാനാദ്ധ്യാപിക സി. ആർ.പ്രസന്നകുമാരി,പി.ടി.എ.പ്രസിഡണ്ട് ടി.ആർ.ഷാജി എന്നിവർ സംസാരിച്ചു.സ്ക്കൂൾ സീഡ് ടീച്ചർ കോ-ഓഡിനേറ്റർ പ്രീത കെ.ആർ.ദിവ്യ ജോൺ എന്നിവർ ഭക്ഷ്യമേളക്ക് നേതൃത്ത്വം നൽകി.


October 17
12:53 2018

Write a Comment

Related News