SEED News

സ്വാഗതമേകി സീഡ് സൈക്കിൾ റാലി


ആലപ്പുഴ: സംസ്ഥാന സ്കൂൾ കലോത്സവത്തിന് സ്വാഗതമേകിയും പരിസ്ഥിതി സന്ദേശമുയർത്തിയും ആലപ്പുഴയിൽ കുട്ടികളുടെ സൈക്കിൾ റാലി. 59-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി മാതൃഭൂമി സീഡ്, കലോത്സവം മീഡിയ കമ്മിറ്റി, ആലപ്പി സൈക്ലിങ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിലാണ് സ്കൂൾ വിദ്യാർഥികളുടെ സൈക്കിൾ റാലി സംഘടിപ്പിച്ചത്.
‘സ്വച്ഛ ഹരിത ആലപ്പുഴ’ എന്ന മുദ്രാവാക്യമുയർത്തിയാണ് യാത്ര. കാലാവസ്ഥാവ്യതിയാനത്തിന് തടയിട്ട് പരിസ്ഥിതി സൗഹൃദമായി പ്രകൃതിയോടിണങ്ങിയ ആരോഗ്യകരമായ ശീലങ്ങൾ പകർത്തുകയെന്ന ആശയമാണ് വിദ്യാർഥികൾ മുന്നോട്ടുവെച്ചത്. പ്രളയം പോലുള്ള കെടുതികൾ ഫലപ്രദമായി നേരിടാൻ പ്രകൃതിയോടിണങ്ങിയ ജീവിതശൈലികൾ സ്വായത്തമാക്കേണ്ടതിന്റെ പ്രാധാന്യവും റാലി ഓർമപ്പെടുത്തി.
ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽനിന്ന് തുടങ്ങിയ റാലി കളക്ടർ എസ്. സുഹാസ് ഫ്ലാഗ് ഓഫ് ചെയ്തു. കലോത്സവത്തിന് മുന്നോടിയായുള്ള മാതൃഭൂമിയുടെ ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമി സീഡിനും വിദ്യാർഥികൾക്കും റാലിയുമായി സഹകരിച്ച എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു.
തുമ്പോളിയിലെത്തി അവിടുന്ന് തിരിഞ്ഞ് റിക്രിയേഷൻ ഗ്രൗണ്ടിൽ റാലി സമാപിച്ചു. 
റാലിയിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച ബി. അപർണ (എസ്.ഡി.വി. സ്കൂൾ, ആലപ്പുഴ), ജോയൽ (സെയ്ന്റ്. തോമസ് എച്ച്.എസ്., തുമ്പോളി) എന്നിവർക്ക് സമ്മാനങ്ങൾ നൽകി.ഡി.ടി.പി.സി. സെക്രട്ടറി എം. മാലിൻ, മാതൃഭൂമി റീജണൽ മാനേജർ സി. സുരേഷ് കുമാർ, ആലപ്പുഴ ഡി.ഇ.ഒ. ശൈലജ, എ.ഇ.ഒ. ആസാദ്, മീഡിയാ കമ്മിറ്റി കൺവീനർ എസ്. മനോജ്, ആലപ്പുഴ ഡിവൈ.എസ്.പി. പി.വി. ബേബി, ഷിബു ഡേവിഡ്, കെ.ടി. മാത്യു എന്നിവർ പങ്കെടുത്തു. ദേശീയ ആരോഗ്യദൗത്യത്തിന്റെ സഹകരണവും റാലിക്കുണ്ടായിരുന്നു.

December 10
12:53 2018

Write a Comment

Related News