SEED News

ലൗവ് പ്ലാസ്റ്റിക് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പറവൂരില്‍ നടത്തി

പറവൂര്‍: എല്ലായിടത്തും ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക്കിന്റെ അളവ് ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്ലാസ്റ്റിക് മാലിന്യ വിപത്തിന് എതിരെ പുതുതലമുറയെ കര്‍മനിരതരാക്കാന്‍ മാതൃഭൂമി സ്‌കൂളുകളില്‍ നടപ്പാക്കുന്ന ലൗവ്  പ്ലാസ്റ്റിക് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടത്തി. 
 പറവൂര്‍ ഡോ. എന്‍. ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ ' ലൗവ് പ്ലാസ്റ്റിക്' വണ്ടി നഗരസഭ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് ഫഌഗ് ഓഫ് ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍. ഷൈമ,  ഈസ്റ്റേണ്‍ സി.എസ്.ആര്‍. പ്രതിനിധിനിസാര്‍, മാതൃഭൂമി എക്‌സിക്യൂട്ടീവ് സോഷ്യല്‍ ഇന്‍ഷേറ്റീവ് റോണി ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 
 പൊരുതാം പ്ലാസ്റ്റിക് മാലിന്യത്തിന് എതിരെ എന്ന മുദ്രാവാക്യവുമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ആവശ്യം കഴിഞ്ഞ പ്ലാസ്റ്റിക് വസ്തുക്കള്‍ വലിച്ചെറിയുന്ന രീതിക്ക് മാറ്റം വരാനായി വീടുകളില്‍ നിന്നുതന്നെ അത് ശേഖരിക്കുന്നതില്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതാണ് ഇത്. 
 കുട്ടികള്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകള്‍ ഈസ്റ്റേണിന്റെ സഹകരണത്തോടെ പുനസംസ്‌കരണത്തിനായി കൊണ്ടുപോകും. പ്രളയത്തിന് മുമ്പ് ഡോ. എന്‍. ഇന്റര്‍നാഷനല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പരിസരത്തെ വീടുകളില്‍ നിന്നും മറ്റും പ്ലാസ്റ്റിക് ശേഖരിച്ച് വച്ചിരുന്നു. പ്രളയത്തില്‍ ഇവ കുറേ നാശോന്മുഖമായെങ്കിലും വീണ്ടും കുട്ടികള്‍ ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക്കുകള്‍ ശേഖരിക്കുകയും  അത് റീസൈക്ലിങിനായി നല്‍കുകയും ചെയ്യുകയായിരുന്നു. 
 വരും ദിവസങ്ങളില്‍ മൂവാറ്റുപുഴ, കോതമംഗലം, എറണാകുളം വിദ്യാഭ്യാസ ജില്ലകളിലും ലൗവ് പ്ലാസ്റ്റിക് പദ്ധതി പ്രകാരമുള്ള പ്ലാസ്റ്റിക് ശേഖരണം നടക്കും. 
 പ്ലാസ്റ്റിക് ഒരു ഭീകരജീവിയാണ് എന്ന ബോധവത്കരണത്തോടെ നടത്തുന്ന ഈ പദ്ധതി പ്രകാരം സ്‌കൂളുകള്‍ക്ക് പ്രോത്സാഹനമായി നിശ്ചിത തുക കൈമാറും. മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന സ്‌കൂളുകള്‍ക്ക് റവന്യു-ജില്ലാ-സംസ്ഥാന തലത്തില്‍ ക്യാഷ് അവാര്‍ഡുകളും നല്‍കുന്നതാണ്. 

December 17
12:53 2018

Write a Comment

Related News