SEED News

'മാതൃഭൂമി സീഡ്' പതിനൊന്നാം വര്‍ഷത്തിലേയ്ക്ക്കുട്ടിവനത്തില്‍ കുട്ടികളുടെ പരിസ്ഥിതിദിനാഘോഷം

ആലുവ: 'വായുമലിനീകരണത്തിന് വിട ചൊല്ലാം, പച്ചവിരിച്ച നീലാകാശം കാത്തു സൂക്ഷിച്ച് ജീവശ്വാസത്തെ നിലനിറുത്താം' പെരിയാറിനോട് ചേര്‍ന്നുള്ള 'മാതൃഭൂമി' ആര്‍ബറേറ്റത്തിലെത്തിയ 'സീഡംഗങ്ങള്‍' ഒരേ സ്വരത്തില്‍ ഏറ്റുചൊല്ലി. അപൂര്‍വ്വ വൃക്ഷങ്ങളേയും ഔഷധ സസ്യങ്ങളേയും കൊണ്ട് നിറഞ്ഞ കുട്ടിവനമായി മാറിയ 'മാതൃഭൂമി' ആര്‍ബറേറ്റത്തിലാണ് സീഡംഗങ്ങള്‍ പരിസ്ഥിതി ദിനാഘോഷത്തിനായി ഒത്തുചേര്‍ന്നത്. പതിനൊന്നാം വര്‍ഷത്തിലേയ്ക്ക് കടക്കുന്ന 'മാതൃഭൂമി സീഡിന്റെ' ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും ഇതിനോടൊപ്പം നടന്നു. 
'വായു മലിനീകരണം തടയുക'യെന്ന യു.എനിന്റെ ഈ വര്‍ഷത്തെ മുദ്യാവാക്യം ചടങ്ങിനെത്തിയ 'സീഡം'ഗങ്ങള്‍' ഒരേ മനസോടെ ഏറ്റെടുത്തു. വായുമലിനീകരണം തടയുന്ന ഇല്ലിതൈയാണ് ആര്‍ബറേറ്റത്തില്‍ നട്ടത്. തൈനടീലും പരിപാടിയുടെ ഉദ്ഘാടനവും നെല്ലികുഴി റോയല്‍ സ്‌കൂള്‍ ഫോര്‍ ഹിയറിങ് ഇംപയേര്‍ഡിലെ ബധിര വിദ്യാര്‍ത്ഥിയും സീഡംഗവുമായ നന്ദന സുനില്‍ നിര്‍വ്വഹിച്ചു. ആംഗ്യഭാഷയിലൂടെ സദസിനോട് സംസാരിച്ച നന്ദനയ്ക്ക് അധ്യാപിക പരിഭാഷകയായി. 
പ്രകൃതി സംരക്ഷണത്തിന് ഭാഷയുടെ ആവശ്യമില്ലെന്നും അതിനുള്ള മനസുണ്ടായാല്‍ മാത്രം മതിയെന്നും നന്ദന പറഞ്ഞു. ഓരോ വര്‍ഷവും ചൂട് കൂടി വരികയാണ്. പരിസ്ഥിതിനശിക്കുന്നതാണ് ഇതിന് കാരണം. നമ്മുടെ തലമുറയ്ക്കായും വരും തലമുറയ്ക്കായും പ്രകൃതിയെ സംരക്ഷിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് നില്‍ക്കണമെന്നും നന്ദന പറഞ്ഞു. 
വായുവിനും വെള്ളത്തിനും വേണ്ടി ക്യൂ നില്‍ക്കേണ്ട സ്ഥിതി ഭാവിയില്‍ ഉണ്ടാകുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഫെഡറല്‍ ബാങ്ക് സി.എസ്.ആര്‍. വകുപ്പ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് സുനില്‍ കുമാര്‍ മേനോന്‍ പറഞ്ഞു. മാതൃഭൂമി 'സീഡിന്റെ' ഈ വര്‍ഷത്തെ പോസ്റ്റര്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ.എസ്. സീതാരാമന്‍ പ്രകാശനം ചെയ്തു. 
വാഴക്കാല നവനിര്‍മ്മാണ്‍, തമ്മനം നളന്ദ പബ്ലിക് സ്‌കൂള്‍, എളമക്കര ഭവന്‍സ് വിദ്യാമന്ദിര്‍, കോടനാട് മാര്‍ ഔഗന്‍, തേവയ്ക്കല്‍ വിദ്യോദയ സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 'സീഡ'ംഗങ്ങളും അധ്യാപകരുമാണ് പരിപാടിയില്‍ പങ്കെടുത്തത്. കഴിഞ്ഞ അധ്യയന വര്‍ഷത്തെ 'ജെം ഓഫ് സീഡ്' അംഗങ്ങളും 'ബെസ്റ്റ് ടീച്ചര്‍ കോഡിനേറ്റര്‍'മാരും ചടങ്ങില്‍ പങ്കെടുത്തു. 
ജില്ല പ്രിന്‍സിപ്പള്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ഏലിയാമ്മ.വി. ജോണ്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് അസി. എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ എം.എ. ഷഹാന എന്നിവര്‍ സംസാരിച്ചു. 

June 06
12:53 2019

Write a Comment

Related News