SEED News

വായുമലിനീകരണത്തിനെതിരെ കൈകോർത്ത് സീഡ് പതിനൊന്നാം പതിപ്പിന് തുടക്കം


 സീഡ് പതിനൊന്നാം വാർഷിക ജില്ലാ തല പദ്ധതിക്ക് തുടക്കം കുറിച്ച് മുള്ളേരിയ ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വൃക്ഷത്തൈ നട്ട ശേഷം പ്രതിജ്ഞയെടുക്കുന്ന വിദ്യാർഥികളും വിശിഷ്ടാതിഥികളും
മുള്ളേരിയ: ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി
ഒരു തൈ കൊച്ചുമക്കൾക്കു വേണ്ടി
ഒരുതൈ നടാം നൂറുകിളികൾക്കുവേണ്ടി
ഒരു തൈ നടാം നല്ല നാളേയ്ക്കുവേണ്ടി......
 കാഴ്ചയുടെ പരിമതി ആത്മബലം കൊണ്ട്  അതിജീവിച്ച എ.വിഷ്ണുപ്രിയ ശാന്തസുന്ദരശബ്ദത്തിൽ  ഈ കവിത ആലപിക്കുമ്പോൾ ചെറുതെങ്കിലും പ്രൗഢവുമായ സദസ്  ലയിച്ചിരുന്നുപോയി. അമ്മയും  പ്രകൃതിയും രണ്ടല്ലെന്ന ബോധ്യം ആത്മാവിലേക്കിറങ്ങിയതുപോലെ. മക്കൾ തന്നെയാണ്  കിളികൾ എന്ന തിരിച്ചറിവ്. 
 മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് സ്കൂളുകളിൽ നടപ്പാക്കുന്ന പരസ്ഥിതി സംരക്ഷണ  പദ്ധതിയായ സീഡിന്റെ പതിനൊന്നാം വാർഷികോൽഘാടനച്ചടങ്ങായിരുന്നുവേദി. മുള്ളേരിയ ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത് ജൻമനാ കാഴ്ചശക്തിക്ക് പരിമിതി നേരിടുന്ന കാറഡുക്ക സ്വദേശി വിഷ്ണുപ്രിയ. പത്താംക്ലാസിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടി ഇപ്പോൾ പ്ലസ് വണിന് ചേർന്നിരിക്കുന്നത് ഈ സ്കൂളിലാണ്. അർളടുക്കയിലെ പി.ആർ.വിശ്വനാഥന്റെയും ബി.ആശാദേവിയുടെയും മകൾ.  കഴിഞ്ഞ തവണ സംസ്ഥാന സ്കൂൾ കലോൽസവത്തിൽ കഥകളി സംഗീതത്തിലും ശാസ്ത്രീയസംഗീതത്തിലും ഏ ഗ്രേഡ് നേടിയ വിഷ്ണുപ്രിയയ്ക്ക് കവിതയും ജീവവായുവാണ്. 
 “ വായൂ മലിനീകരിക്കപ്പെട്ടാൽ ജീവിതം തന്നെ അസാധ്യമാകില്ലേ ?” ഐക്യരാഷ്ട്ര സഭയുടെ ഈ വർഷത്തെ  വായൂമലിനീകരണം തടയാം  എന്ന പരിസ്ഥിതി ദിന സന്ദേശം ഉദ്ധരിച്ച് വിഷ്ണുപ്രിയ ചോദിച്ചു. പരിസ്ഥിതി സംരക്ഷണത്തിനും മാലിന്യ സംസ്കരണത്തിനും ഒന്നാം സ്ഥാനം നൽകണമെന്നും കുട്ടി  നിർദേശിച്ചു. 
 സൗകര്യം നോക്കി നഗരങ്ങളിലേക്ക് ചേക്കേറുന്നവർ മലനീകരിക്കപ്പെട്ട വായു ശ്വസിച്ച് ജീവിതത്തിന്റെ നീളം വെട്ടിച്ചുരുക്കുന്നതിനെക്കുറിച്ച് ചടങ്ങിൽ സംസാരിച്ചവർ ഉൽക്കണ്ഠപ്പെട്ടു. ഇന്ത്യയിൽ ഏറ്റവും മലിനീകരിക്കപ്പെട്ട വായു ഉള്ള നഗരം രാജ്യതലസ്ഥാനമായ ഡെൽഹിയാണെന്ന് അധ്യക്ഷം വഹിച്ച പി.ടി.എ.പ്രസിഡന്റ് കെ.വാരിജാക്ഷൻ ചൂണ്ടിക്കാട്ടി. കഴിയുന്നത്ര മരം നടുക. അതാണിനി രക്ഷ- അദ്ദേഹം അഭിപ്രായപ്പെട്ടു.
  “  കാനഡയിൽ കുപ്പിയിൽ ശുദ്ധവായു വിൽക്കുന്നുണ്ടെന്നാണ് ഇപ്പോൾ കേൾവി. കുപ്പിയൊന്നിന് 1800 രൂപ. 60 തവണ ശ്വസിക്കാം. ഒരുമിനിട്ട് പോലും തികച്ച് ശ്വസിക്കാൻ പറ്റില്ല.ഇങ്ങനെ എത്രപേർക്ക് ജീവിക്കാനാകും. ?' സ്വാഗതമാശംസിച്ച സ്കൂൾ പ്രിൻസിപ്പൽ പി.നാരായണൻ ചോദിച്ചു. അസിസ്റ്റന്റ് എജ്യുക്കേഷൻ ഓഫീസറുടെ ചുമതല വഹിക്കുന്ന സീനിയർ സൂപ്രണ്ട് എ.ഗോപാലകൃഷ്ണഭട്ട്, വനം അസിസ്റ്റന്റ് കൺസർവേറ്റർ പി.ബിജു, ഫെഡറൽ ബാങ്ക് കാസർകോട് ബ്രാഞ്ച് ഹെഡ് എ.പി.രമേഷ് കുമാർ സ്കൂൾ പ്രഥമാധ്യാപകൻ കെ.യതീഷ് കുമാർ റായ്, മാതൃഭൂമി കാസർകോട് ബ്യൂറോ ചീഫ് കറസ്പോണ്ടന്റ് വിനോയ് മാത്യു എന്നിവർ സംസാരിച്ചു. ജില്ലയിലെ വായുമലിനീകരണത്തെക്കുറിച്ച് അജാനൂർ ഫിഷറീസ് ഗവ.യു.പി.സ്കൂൾ സീഡ് വിദ്യാർഥികൾ തയ്യാറാക്കിയ പഠന റിപ്പോർട്ട് വിദ്യാർഥി കെ.കീർത്തന അവതരിപ്പിച്ചു. സ്വകാര്യ വാഹനങ്ങളുടെ പെരുപ്പം വായുമലീനീകരണത്തിന് ആക്കം കൂട്ടുന്നുവെന്ന് പഠനം ചൂണ്ടിക്കാട്ടി. മാതൃഭൂമി മുള്ളേരിയ ലേഖകൻ എ.രാജേഷ് കുമാർ നന്ദി പറഞ്ഞു. സ്കൂൾ വളപ്പിൽ വൃക്ഷത്തൈ നട്ട് വായുമലീനരണത്തിനെതിരെ പ്രതിജ്ഞയെടുത്താണ് ചടങ്ങ് അവസാനിച്ചത്. സീഡ് ജില്ലാ കോഓഡിനേറ്റർ ഇ.വി.ശ്രീജ, സ്കൂൾ അധ്യാപകൻ ഇ.ചന്ദ്രശേഖരൻ തുടങ്ങിയവരും പങ്കെടുത്തു.   

June 06
12:53 2019

Write a Comment

Related News