SEED News

പഴമയുടെ രുചിക്കൂട്ടുകളുമായി സീഡ് ക്ലബ്ബ് വിദ്യാർഥികൾ

പാലക്കാട്: സ്വാദിഷ്ഠവും ആരോഗ്യദായകവുമായ പഴമയുടെ രൂചിക്കൂട്ടുകളുമായി മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാർഥികൾ. പുതുതലമുറയ്ക്ക് അധികം പരിചയമില്ലാത്ത പഴയകാല വിഭവങ്ങളാണ് സ്കൂളുകളിൽ ഒരുക്കിയത്. ഉച്ചഭക്ഷണത്തിന് ഓരോ ദിവസവും ഓരോയിനം ഇലക്കറികളാണ് കുലിക്കിലിയാട്‌ എസ്.വി.എ.യു.പി. സ്കൂൾ സീഡ് വിദ്യാർഥികൾ ഒരുക്കിയത്. 
 ഇലക്കറികൾ ഉച്ചഭക്ഷണത്തിന് ഒരുക്കുന്നതിലൂടെ ആരോഗ്യത്തെ വീണ്ടെടുക്കുക എന്നതാണ് ഇവർ‌ ലക്ഷ്യമിടുന്നത്. വിദ്യാർഥികൾ വീടുകളിൽ നിന്നും ഇലകൾ കൊണ്ടുവന്ന് സ്കൂളിൽ പാകം ചെയ്യുകയായിരുന്നു. ഇലക്കറികളൊരുക്കുന്നതിന്‌ പുറമേ മത്തൻ, കുമ്പളം, തകര, മുള്ളംചീര, ചെരങ്ങ, ചേന, താള്, ചീര, കോവക്ക, മുരിങ്ങ തുടങ്ങിയ ഇലകളുടെ പ്രദർശനവും ഒരുക്കി.
പ്രവർത്തനങ്ങൾക്ക് പ്രധാനാധ്യാപകൻ എം. മോഹനൻ, സീഡ് കോ-ഓർഡിനേറ്റർ കെ. അബു, സാലിതോമസ്, കെ.ടി. ശാന്തകുമാരി, റജുല, സുജാത, ഗോവിന്ദൻകുട്ടി, എ. ശോഭന, രജിത എന്നിവർ നേതൃത്വം നൽകി.കരിങ്ങനാട് എ.എൽ.പി. സ്കൂളിലും മാത്യഭൂമി സീഡിന്റെ ഭാഗമായി പത്തിലകളുടെ പ്രദർശനമൊരുക്കി. ആരോഗ്യത്തിന് നല്ലഭക്ഷണം എന്ന പരിപാടി വിളയൂർ  ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ഉച്ചഭക്ഷണത്തിൽ പത്തിലത്തോരൻ കുട്ടികൾക്ക് നൽകുകയും ചെയ്തു. പി.ടി.എ. പ്രസിഡന്റ് അബ്ദുറഹ്മാൻ, വൈസ് പ്രസിഡന്റ് ഷിഹാബുദ്ദീൻ,  സീഡ് കോ-ഓർഡിനേറ്റർ അമാനുള്ള, പി.ടി.എ. എക്സിക്യുട്ടീവ് അംഗങ്ങൾ, അധ്യാപകർ എന്നിവർ നേതൃത്വം നൽകി.കർക്കടകമാസമായതിനാൽ കർക്കടകക്കഞ്ഞിയാണ് ഒറ്റപ്പാലം ഭവൻസ് വിദ്യാലയത്തിലെ സീഡ് ക്ലബ്ബംഗങ്ങൾ ഒരുക്കിയത്. പാളകൊണ്ടുള്ള പാത്രത്തിൽ കഞ്ഞിയും പയറും വിളമ്പി പ്ലാവിലകൊണ്ട് രുചിച്ച് പാരമ്പര്യത്തിന്റെ തനിമ കൂടിയാണ് വിദ്യാർഥികളറിഞ്ഞത്. കുട്ടികൾക്കൊപ്പം ഈ രുചിവിരുന്നിൽ പ്രിൻസിപ്പലും അധ്യാപകരും മാനേജ്മെന്റ് അംഗങ്ങളും പങ്കെടുത്തു.

August 13
12:53 2019

Write a Comment

Related News