SEED News

ടി.ഡി.സ്കൂൾ സീഡ് ക്ലബ്ബ് കൊറ്റില്ലം സർവേ നടത്തി

ആലപ്പുഴ: വനം വകുപ്പിന്റെയും ആലപ്പുഴ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ കൊറ്റില്ലം സർവേയിൽ (നീർപ്പക്ഷികളുടെ കൂടുകളുടെ പരിശോധന) ടി.ഡി.സ്കൂളിലെ സീഡ് ക്ലബ്ബ് കുട്ടികളും പങ്കാളികളായി.
  സർവേയുടെ സമാപനദിവസം പക്ഷി നിരീക്ഷകൻ ഹരികുമാർ മാന്നാർ സീഡ് ക്ലബ്ബ് അംഗങ്ങൾക്ക് നീർപ്പക്ഷി സർവേയുമായി ബന്ധപ്പെട്ട ക്ലാസ് നൽകി. തുടർന്ന് ആലപ്പുഴ വൈ.എം.സി.എ. മുതൽ ബീച്ച് വരെയുള്ള കനാൽ പരിസരത്തെ മരങ്ങളിലുള്ള കൊറ്റില്ലങ്ങളുടെ കണക്കെടുപ്പ് കുട്ടികളുടെ പങ്കാളിത്തത്തോടെ നിർവഹിച്ചു.  സർവേയിൽ വംശനാശഭീഷണി നേരിടുന്ന ചേരക്കോഴികളുടെ 647 കൂടുകൾ കണ്ടെത്തി. ചെറിയ നീർക്കാക്കകളുടെ 234 ഉം, കിന്നരി നീർകാക്കകളുടെ  39 കൂടും കണ്ടെത്തി. ജനവാസകേന്ദ്രങ്ങളോട് ചേർന്നാണ് നീർപ്പക്ഷികൾ കൂട് കൂട്ടുന്നത്. കേരളത്തിലെ തന്നെ ഏറ്റവും വലിയ കൊറ്റില്ലമാണ് ആലപ്പുഴയിൽ കണ്ടെത്തിയതെന്ന് അധികൃതർ പറഞ്ഞു.
 കനാൽ നവീകരണംമൂലം മരങ്ങൾ വെട്ടിയത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുകൾ ഗണ്യമായി കുറയാൻ കാരണമായി. മരങ്ങളുടെ ശോഷണം നീർക്കാക്കകളുടെ സ്വാഭാവിക പ്രജനനആവാസവ്യവസ്ഥയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പ്ലാസ്റ്റിക്ക് നൂലുകളുടെ അമിതമായ ഉപയോഗം ധാരാളം നീർപ്പക്ഷികളുടെ മരണത്തിനും കാരണമായതായി സർവേ ടീം കണ്ടെത്തി. സീഡ് കോ-ഓർഡിനേറ്റർ സന്ദിപ് ഉണ്ണികൃഷ്ണൻ എ.എൻ.എച്ച്.എസ്.പ്രവർത്തകൻ രാജുജോസഫ് എന്നിവരും പങ്കെടുത്തു.

August 24
12:53 2019

Write a Comment

Related News