SEED News

പടയണിയുടെ ചുവടുറപ്പിച്ച് കേരളപ്പിറവി ആഘോഷം

പന്തളം:തപ്പിന്റെ താളത്തിനൊത്ത് ചുവടുവെച്ച്, പച്ചപ്പാളയിൽ കോലമെഴുതി, കാലനും മറുതയും കളത്തിലിറങ്ങി. വ്യത്യസ്തതകൾ നിറഞ്ഞ കേരളപ്പിറവി ദിനാഘോഷം പൂഴിക്കാട് ഗവ. യു.പി. സ്‌കൂളിലെ കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവമായി. മാതൃഭൂമി-സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ക്ലാസിലാണ് കുട്ടികൾക്ക് നാടൻകലകളെ പരിചയപ്പെടുത്തുവാനായി പടയണി അവതരിപ്പിച്ചത്. കുരമ്പാല ഗോത്രകലാ പടയണി ഫൗണ്ടേഷന്റെ കലാകാരൻമാരായ നാടൻകല അക്കാദമി ഗുരുപൂജാ അവാർഡ് ജേതാവ് ശാർങ്‌ഗധരൻ ഉണ്ണിത്താൻ, വജ്രജൂബിലി ഫെലോഷിപ്പ് നേടിയ കിരൺ കുരമ്പാല, കോലമെഴുത്ത് ആശാൻ ടി.ആർ.വിഷ്ണു, എന്നിവർ പടയണി കോലങ്ങളെ കുറിച്ചും ഉപയോഗിക്കുന്ന വാദ്യോപകരണങ്ങളെ കുറിച്ചും കോലമെഴുത്തിൽ ഉപയോഗിക്കുന്ന ചായങ്ങളെ കുറിച്ചും വിശദീകരിച്ചു.


കാലൻ, പക്ഷി, മറുത, ഭൈരവി, പിശാച്, കുതിര തുടങ്ങി വിവിധ കോലങ്ങളും തപ്പ്, തകിൽ, കൈമണി, വീരമദ്ദളം തുടങ്ങിയ വാദ്യോപകരണങ്ങളും പരദേശി എന്ന കഥാപാത്രത്തെയും കുട്ടികൾ അടുത്തറിഞ്ഞു. കലാകാരൻമാരെ പി.ടി.എ. പ്രസിഡന്റ് രമേശ് നാരായണൻ ആദരിച്ചു. പ്രഥമാധ്യാപിക ബി.വിജയലക്ഷ്മി, സീഡ് കോ-ഓർഡിനേറ്റർ സുദീന, അധ്യാപകരായ സുജ, അമ്പിളി, ശ്രീനാഥ്, ലളിത എന്നിവർ പ്രസംഗിച്ചു.

November 09
12:53 2019

Write a Comment

Related News