SEED News

മലിനീകരണത്തിനെതിരേ സന്ദേശം പകർന്ന് 'സീഡ്' വിദ്യാർഥികൾ


പൂച്ചാക്കൽ: മലിനീകരണത്തിനെതിരേ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സൈക്കിളുകളിൽ സന്ദേശയാത്ര നടത്തി. ഓടമ്പള്ളി ഗവ. യു.പി.സ്‌കൂൾ വിദ്യാർഥികളാണ് ജലം, വായു, മണ്ണ് എന്നിവ മലിനപ്പെടുത്തുന്നതിനെതിരേ പ്രതികരിച്ചത്.
'ജീവ വായുവും ജീവ മണ്ണും ജീവ ജലവും മലിനപ്പടുത്തരുത്' എന്ന് എഴുതിയ പ്ലക്കാർഡുകൾ വിദ്യാർഥികൾ ഉയർത്തി. മോട്ടോർ വാഹനങ്ങളിൽനിന്നുയരുന്ന പുക വായു മലിനീകരണം വർധിപ്പിക്കുന്നതിനാൽ സൈക്കിൾ ഉപയോഗം ശീലമാക്കണമെന്ന് ഉദ്‌ബോധിപ്പിച്ചാണ് റാലി നടത്തിയത്.
മോട്ടോർ വാഹനങ്ങളിൽനിന്നുയരുന്ന പുക ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ സംബന്ധിച്ച് കുട്ടികൾ റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തു. ബോധവത്കരണ യാത്രയ്ക്ക് രക്ഷാകർത്താക്കളുടെ നേതൃത്വത്തിൽ വിവിധസ്ഥലങ്ങളിൽ സ്വീകരണം നൽകി.
അന്തരീക്ഷ മലിനീകരണം വിവിധ തരത്തിലുള്ള രോഗങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് കുട്ടികൾ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് അധ്യാപരുടെ നേതൃത്വത്തിൽ സൈക്കിൾ യാത്രാപരിശീലന പരിപാടിയും നടത്തി. സന്ദേശയാത്രയുടെ ഉദ്ഘാടനം ചേർത്തല വിദ്യാഭ്യാസ ഓഫീസർ എസ്.സുജയ നിർവഹിച്ചു. പ്രഥമധ്യാപകൻ എൻ.സി.വിജയകുമാർ, സീഡ് കോ-ഓർഡിനേറ്റർ പി.കെ.ആശ തുടങ്ങിയവർ പങ്കെടുത്തു.

January 20
12:53 2020

Write a Comment

Related News