reporter News

വീയപുരം തടിഡിപ്പോയുടെ തീരമിടിയുന്നു; മാലിന്യം ബുദ്ധിമുട്ടിക്കുന്നു


വീയപുരം: ജില്ലയിലെ ഏക സംരക്ഷിത വനമായ വീയപുരം സർക്കാർ തടിഡിപ്പോയുടെ തീരങ്ങൾ കുത്തൊഴുക്കിൽ ഇടിയുന്നു. ഡിപ്പോയ്ക്കുള്ളിലെ ചതുപ്പു സ്ഥലങ്ങളിൽ മാലിന്യം കുന്നുകൂടിയത് സമീപവാസികളെ ബുദ്ധിമുട്ടിലാക്കുന്നു. അതിനാൽ തീരം കല്ലുകെട്ടി സംരക്ഷിക്കണമെന്നും മാലിന്യംനീക്കി ഡിപ്പോ വൃത്തിയാക്കണമെന്നും പരിസരവാസികൾ ആവശ്യപ്പെടുന്നു.
15 ഏക്കറിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള വൻവൃക്ഷങ്ങൾ തണൽ വിരിച്ചുനിൽക്കുന്ന ഇടമാണ് ഡിപ്പോ. രാജഭരണകാലത്ത് രൂപംകൊണ്ടതാണിത്. പമ്പ, അച്ചൻകോവിൽ ആറുകൾ സംഗമിക്കുന്നത് ഡിപ്പോക്കു സമീപത്താണ്. കിഴക്കൻ വെള്ളത്തിൽ ഒഴുകിയെത്തുന്ന വൻമരങ്ങൾ നാട്ടുകാർ കരയ്ക്കുകയറ്റുമായിരുന്നു. അതു വലിയ കച്ചവടമായി മാറി. വിവരമറിഞ്ഞെത്തിയ രാജപ്രതിനിധികൾ അങ്ങനെ വീയപുരത്ത് തടിഡിപ്പോ തുറന്നു. പിന്നീട്, ഡിപ്പോ സർക്കാരിന്റെ ചുമതലയിലായി. 
ഡിപ്പോയ്ക്ക് ആവശ്യമായ വസ്തു കഴിഞ്ഞുള്ള സ്ഥലത്ത് വനവത്കരണം നടത്തി ഇക്കോ ടൂറിസം പദ്ധതി ആവിഷ്‌കരിക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. കുട്ടികൾക്ക് വനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പഠിക്കാനും പക്ഷിനിരീക്ഷണം നടത്താനുമുള്ള  സാഹചര്യം ഇവിടെയുണ്ട്. ഡിപ്പോയുടെ പ്രാധാന്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനുള്ള പ്രചാരണം നടത്തണമെന്നും ആവശ്യമുണ്ട്.
അശ്വതി ബി.
സീഡ് റിപ്പോർട്ടർ 
ക്ലാസ് 8, ഗവ. ഹയർ 
സെക്കൻഡറി സ്‌കൂൾ, 
വീയപുരം

January 20
12:53 2020

Write a Comment