പറമ്പുകളിലും വേലിയോരത്തും ഭീഷണിയായി അധിനിവേശ സസ്യങ്ങൾ
അഞ്ചുമൂർത്തിമംഗലം: നമ്മുടെ നാട്ടിൽ അധിനിവേശസസ്യങ്ങൾ വളരെ വേഗത്തിൽ പടർന്നുപിടിക്കുകയാണ്. മറ്റുരാജ്യങ്ങളിൽനിന്ന് നമ്മുടെ നാട്ടിലെത്തി, നമ്മുടെ പരിസ്ഥിതിക്കും ജൈവവൈവിധ്യത്തിനും ദോഷമുണ്ടാക്കുന്ന സസ്യങ്ങളാണ് അധിനിവേശ സസ്യങ്ങൾ. 'മാതൃഭൂമി' സീഡ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ വടക്കഞ്ചേരി പഞ്ചായത്തിലെ മംഗലം പ്രദേശത്ത് നടത്തിയ പഠനത്തിൽ 20 തരം അധിനിവേശസസ്യങ്ങളെ കണ്ടെത്താനായി. അതിൽ ധൃതരാഷ്ട്രപ്പച്ച, വേനപ്പച്ച, ആനത്തൊട്ടാവാടി, കുളവാഴ, പൂച്ചവാലൻപുല്ല് തുടങ്ങിയ സസ്യങ്ങളാണ് മംഗലം പ്രദേശത്തെ പരിസ്ഥിതിക്ക് കടുത്ത ഭീഷണിയുയർത്തുന്നത്. ഈ സസ്യങ്ങൾ പ്രാദേശിക സസ്യങ്ങളുടെ മേൽ പടർന്നുകയറി പൂർണമായും ഇലച്ചാർത്തുകൊണ്ട് മറച്ച് അവയെ വളരാൻ അനുവദിക്കാതെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. തെങ്ങ്, വാഴ തുടങ്ങിയവ കൃഷിചെയ്യുന്ന തോട്ടങ്ങളിലാണ് ധൃതരാഷ്ട്രപച്ച കൂടുതലായി കാണുന്നതെങ്കിൽ വേനപച്ച തരിശിട്ടിരിക്കുന്ന നെൽപ്പാടങ്ങളിലും തോട്ടങ്ങളിലും കനാലോരങ്ങളിലും പാടവരമ്പുകളിലുമാണ്. ആനത്തൊട്ടാവാടിയും കോതപ്പുല്ലും റോഡിന്റെ വശങ്ങളിൽ പടർന്ന് വളരുമ്പോൾ കുളവാഴ കുളങ്ങളെ പൂർണമായും മൂടി വളരുന്നു. ഇവ നമ്മുടെ ജൈവവൈവിധ്യത്തെ തകർക്കുന്നതിനോടൊപ്പം ഇവയെ നശിപ്പിക്കുന്നതിനായി കർഷകർക്ക് ഉണ്ടാകുന്ന ചെലവ് അവർക്ക് കൂടുതൽ സാമ്പത്തിക നഷ്‌ടത്തിന് കാരണമാകുന്നുമുണ്ട്.
ഇത്തരം സസ്യങ്ങളെപ്പറ്റി സാധാരണക്കാർക്ക് കൂടുതൽ അറിവില്ലാത്തതാണ് ഇവ പടരാനുള്ള കാരണം. അധിനിവേശസസ്യങ്ങളെ തിരിച്ചറിയുകയും അവയെ കാണുന്ന മുറയ്ക്ക് നശിപ്പിക്കുകയും നെൽപ്പാടങ്ങളും മറ്റും തരിശിടാതിരിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ ഇവയുടെ വ്യാപനം തടയാനാകുകയുള്ളു.
റിയ ആർ.
VII B
സീഡ് റിപ്പോർട്ടർ
ജി. എസ്. യു. പി. എസ്. മംഗലം
January 04
12:53
2025