reporter News

എടത്തനാട്ടുകര മേഖലയിൽ കാട്ടുപന്നിശല്യം രൂക്ഷം.


എടത്തനാട്ടുകര: കാർഷികമേഖലക്കും കാൽനടയാത്രക്കാർക്കും കാട്ടുപന്നികൾ ഭീഷണിയാകുന്നു. അലനല്ലൂർ പഞ്ചായത്തിലെ എടത്തനാട്ടുകര മേഖലയിലാണ് രാത്രിയും പകലും കാട്ടുപന്നികൾ കൂട്ടത്തോടെ വിഹരിക്കുന്നത്. യത്തീംഖാന  നെല്ലിക്കുന്ന്, നാലുകണ്ടം ആലുംകുന്ന പ്രദേശങ്ങളിൽ ഇവയുടെ ശല്യം കൂടുതലാണ്. രാത്രിസമയത്തിറങ്ങുന്ന കാട്ടുപന്നികൾ കപ്പയും നെല്ലും പച്ചക്കറിയുമുൾപ്പടെയുള്ള വിളകൾ നശിപ്പിക്കുന്നത് പതിവാക്കിയിരിക്കുകയാണ്. വലിയ നഷ്ടമാണ് ചെറുകിടകർഷകർക്ക് ഇതുമൂലം സംഭവിക്കുന്നത്.  കൃഷി നശിപ്പിക്കുന്നതിനു പുറമെ വിദ്യാർത്ഥികളുൾപ്പെടെ അതിരാവിലെ പോകുന്ന കാൽനടയാത്രക്കാർക്കും ഇവ ഭീഷണിയാകുകയാണ്. മദ്രസകളിലേക്കും ട്യൂഷൻ ക്ലാസ്സിലേക്കുമായി പോകുന്ന വിദ്യാർഥികൾക്കുനേരെ ഇവ പാഞ്ഞടുക്കുന്നുണ്ട്. പലപ്പോഴും രക്ഷിതാക്കൾ കൂടെപ്പോകേണ്ട സാഹചര്യമാണ്. തദ്ദേശസ്ഥാപനങ്ങളും വനംവകുപ്പ് അധികൃതരും നടപടി സ്വീകരിക്കാൻ വൈകുന്നതോടെ ഈ പ്രദേശങ്ങളിലൂടെയുള്ള യാത്ര ഭീതിയിലാണ്. പകൽ സമയങ്ങളിലും വിവിധ ഭാഗങ്ങളിലായി കാട്ടുപന്നികളെ കാണാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ഇവയെ പേടിച്ച  വൈകുന്നേരങ്ങളിൽപ്പോലും അമ്മമാരും കുട്ടികളുമുൾപ്പെടെയുള്ളവർ പുറത്തിറങ്ങാൻ ഭയക്കുകയാണ്. വിദ്യാർത്ഥികളുടെ പഠനത്തെയും ബാധിക്കുന്നുണ്ട്. വന്യജീവികളുടെ ഇത്തരം ആക്രമണങ്ങളിൽ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബന്ധപ്പെട്ട അധികൃതർ ഉടനെ നടപടി സ്വീകരിക്കണം.

അക്ഷജ്ദേവ്. പി. എസ് 
V1.A
പി.കെ.എച്ച്.എം.ഒ.യു.പി. സ്കൂൾ എടത്തനാട്ടുകര  

January 04
12:53 2025

Write a Comment