പനച്ചിമൂട്ടിൽക്കടവ് പാലം സംരക്ഷിക്കണം
ഇരമല്ലിക്കര: തിരുവൻവണ്ടൂർ പഞ്ചായത്തിലെ നന്നാടുള്ളവർക്ക് തിരുവല്ലയിൽ പോകാൻ എളുപ്പത്തിൽ സഹായിക്കുന്ന പനച്ചിമൂട്ടിൽക്കടവു പാലത്തിനു ഭീഷണിയായി മുളങ്കൂട്ടങ്ങളടിയുന്നു. കല്ലിങ്കലിനെയും തെങ്ങോലിയെയും ബന്ധിപ്പിച്ചാണ് പാലം സ്ഥിതിചെയ്യുന്നത്. മഴക്കാലത്ത് ജലനിരപ്പുയർന്ന മണിമലയാറ്റിൽ കിഴക്കൻവെള്ളത്തിനൊപ്പം ഒഴുകിയെത്തിയ മരക്കഷണങ്ങളും മാലിന്യവും പാലത്തിൽ തങ്ങിനിൽക്കുന്നുണ്ട്. ശക്തമായ ഒഴുക്കിൽ മുളങ്കൂട്ടങ്ങൾ വന്നിടിക്കുന്നത് പാലത്തിനു ബലക്ഷയമുണ്ടാക്കുന്നു. തിരുവൻവണ്ടൂർ നന്നാടുള്ളവർക്ക് ഈരടിച്ചിറവഴി പാലത്തിലൂടെ തിരുവല്ല മതിൽ ഭാഗത്തേക്കും കദളിമംഗലം ക്ഷേത്രത്തിലേക്കുമെത്തിച്ചേരാം. പാലത്തിനു കോട്ടംതട്ടാതിരിക്കാൻ മുളങ്കൂട്ടങ്ങൾ നീക്കംചെയ്യാനും മാലിന്യം മാറ്റാനും സത്വര നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെയാവശ്യം.
August 08
12:53
2024