reporter News

പ്രതിസന്ധിയിൽ മത്സ്യബന്ധന മേഖല

ആലപ്പുഴ: തീരദേശമേഖലയിലെ പ്രാധാന ജീവനോപാധിയായ മത്സ്യബന്ധനം പ്രതിസന്ധിയുടെ നടുവിലാണ്. മനുഷ്യർ സ്വാർഥ താത്പര്യങ്ങൾക്കുവേണ്ടി പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന്റെ ഭവിഷ്യത്ത് തീരദേശമേഖലയും അനുഭവിക്കുകയാണ്.
യന്ത്രം ഉപയോഗിച്ചുള്ള മത്സ്യബന്ധനം കാര്യങ്ങൾ എളുപ്പമാക്കിയെങ്കിലും തൊഴിലാളികളെ രോഗികളാക്കുന്നതിനും കടലിൽ ഇന്ധനം വ്യാപിപ്പിച്ച് മലിനമാക്കുന്നതിനും കാരണമായി.
പണ്ടുകാലത്ത് കടലിൽപ്പോയിവരുന്ന തൊഴിലാളികളുടെ വലനിറയെ മത്സ്യങ്ങളുടെ അവശിഷ്ടങ്ങളും ചെളിയും മണ്ണുമായിരുന്നെങ്കിൽ ഇപ്പോൾ അവയ്ക്ക് പകരം പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ലഭിക്കുന്നത്. പ്ലാസ്റ്റിക്, ഇലക്‌ട്രോണിക് ഉത്പന്നങ്ങൾ കടലിൽ വലിച്ചെറിയുന്നതുമൂലം മത്സ്യങ്ങളുടെ ജീവന് ഭീഷണിയായി മാറുന്നു. 
കാലാവസ്ഥാ വ്യതിയാനംമൂലമുണ്ടായ കാലംതെറ്റിയ മഴയും വെയിലും മഞ്ഞും കടലിനെ കൊള്ളയടിച്ചു. മത്സ്യസമ്പത്തിന്റെ വളർച്ചയറിഞ്ഞ് വലയെറിഞ്ഞിരുന്ന കാലത്തുനിന്ന് കാലം നോക്കാതെയും കഥയറിയാതെയും പണത്തിനായി എല്ലാനേരവും മീൻപിടിക്കുന്നതും മത്സ്യസമ്പത്ത് കുറച്ചു.
തീരത്തടിഞ്ഞിരുന്ന കടലാമയും വലയിൽക്കുടുങ്ങാറുണ്ടായിരുന്ന ഏട്ടക്കൂരി, റാൾ, മുടിയൻ സ്രാവ് തുടങ്ങിയവയും ഇപ്പോൾ കാണാനേയില്ലെന്നായി. മത്സ്യമേഖലയിലെ ഉത്സവമായ ചാകരയും അവസാനനാളുകളിലേക്ക് കടക്കുന്നു. 
വൻകിട കോർപ്പറേറ്റുകളുടെ ബോട്ടുകൾ അനധികൃത മത്സ്യബന്ധനം നടത്തുന്നതും തോടുകളും പൊഴികളും അഴികളുമെല്ലാം അടഞ്ഞുപോയതും മത്സ്യസമ്പത്തിന്റെ തകർച്ചയ്ക്ക് വഴിയൊരുക്കി.  (മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ നടത്തിയ അന്വേഷണത്തിൽനിന്ന്)

ജെർഷോം അലോഷ്യസ്.
സീഡ് റിപ്പോർട്ടർ ഏഴാംക്ലാസ് സെയ്ന്റ് ലൂർദ് മേരി യു.പി.എസ്., വാടയ്ക്കൽ

February 04
12:53 2020

Write a Comment