മുട്ടത്തിക്കാവ്-ചമ്മനാട് പാലം മാലിന്യം വലിച്ചെറിയുന്ന ഇടമാകുന്നു
ചമ്മനാട്: മുട്ടത്തിക്കാവ് മുതൽ ചമ്മനാട് പാലംവരെയുള്ള പ്രദേശത്ത് മാലിന്യം വലിച്ചെറിയുന്നതു പതിവാകുന്നു. ഇവിടം തെരുവുനായ്ക്കളുടെ താവളവുമാണ്. കഴിഞ്ഞദിവസം സ്കൂട്ടറിൽ യാത്രചെയ്യവേ നായ കുറുകെ വരുകയും പേടിച്ചു വണ്ടിനിർത്തിയ അധ്യാപികയെ കടിക്കുകയും ചെയ്തു.
ഒരു വിദ്യാർഥിയും നായ്ക്കളുടെ ആക്രമണത്തിനിരയായി. കോടംതുരുത്ത് ഗ്രാമപ്പഞ്ചായത്ത് 12-ാം വാർഡിന്റെ പരിധിയിൽ വരുന്നതാണ് മുട്ടത്തിക്കാവ് മുതൽ ചമ്മനാട് പാലംവരെയുള്ള പ്രദേശം. തോടുകളും പാടങ്ങളും കുറ്റിക്കാടുകളും നിറഞ്ഞ പ്രദേശമായതിനാൽ സമൂഹവിരുദ്ധർക്കു മാലിന്യംതള്ളാൻ എളുപ്പമാണ്.
മാലിന്യത്തിൽനിന്നെല്ലാം ധാരാളം വൈറസുകൾ ഉണ്ടാകുകയും അതിൽനിന്ന് ഒട്ടേറെ പുതിയ അസുഖങ്ങളുണ്ടാകുകയും ചെയ്യുന്നുണ്ട്. ഇതിനു സമീപമുള്ള റോഡ് നൂറുകണക്കിനു യാത്രക്കാരുടെ സഞ്ചാരമാർഗമാണ്. മൂക്കുപൊത്താതെ ഇതുവഴി ആർക്കും കടന്നുപോകാൻകഴിയാത്ത സ്ഥിതിയാണുള്ളത്. മാലിന്യസംസ്കരണം തീവ്രയത്നമാക്കിയിട്ടുള്ള ഈ അവസരത്തിൽ പ്രദേശത്തെ മാലിന്യപ്രശ്നത്തിന് ഉടനടി പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
August 08
12:53
2024