SEED News

മരമുകളിലൊരു കൂടാരം തീര്‍ത്ത് കുട്ടിക്കൂട്ടം.

പറവൂര്‍: കൊറോണക്കാലം തീര്‍ത്ത ദിനങ്ങള്‍ സന്തോഷപ്രദമാക്കാന്‍ മരമുകളില്‍ ഒരു കൂടാരംതീര്‍ത്ത് കുട്ടിക്കൂട്ടം. തത്തപ്പിള്ളിയിലെ അഡ്വ. സുജിത്തിന്റെയും ഡോ. മിലി സുജിത്തിന്റെയും മക്കളും സ്‌കൂള്‍ വിദ്യാര്‍ഥികളുമായ നന്ദനയുടെയും നവദീപിന്റെയും ആശയങ്ങളാണ് പഴയകാലത്തിന്റെ ഓര്‍മപുതുക്കി മരക്കൊമ്പില്‍ ഒരു കൂടാരം തീര്‍ക്കാന്‍ വഴിയൊരുക്കിയത്.  

നാല് പതിറ്റാണ്ട് മുമ്പുവരെ ഗ്രാമങ്ങളില്‍ ഓലപ്പുരകള്‍ സര്‍വസാധാരണമായിരുന്നു. മഴക്കാലത്തിന് മുമ്പുതന്നെ എല്ലാ വര്‍ഷവും പുരകള്‍ പുതിയ മെടഞ്ഞ ഓലകൊണ്ട് കെട്ടിമേയുകയും പതിവായിരുന്നു. അക്കാലത്ത് രണ്ടുമാസത്തെ അവധി കിട്ടുമ്പോള്‍ പുരയില്‍നിന്ന് പൊളിച്ചുമാറ്റിയ പഴയ ഓലകൊണ്ട് കുഞ്ഞിപ്പുരകള്‍ ഉണ്ടാക്കി കുട്ടികള്‍ അതില്‍ കഞ്ഞിയും കറിയുംവെച്ച് കളിക്കുന്നത് പഴയ ഗ്രാമക്കാഴ്ചയായിരുന്നു. 

ലോക്ക്ഡൗണ്‍മൂലം വീടുകളില്‍ത്തന്നെ കളികളുമായി കഴിയേണ്ട സാഹചര്യത്തിലാണ് കുട്ടികള്‍ ട്രീഹൗസ് എന്ന ആശയവുമായി സുജിത്തിനെ സമീപിക്കുന്നത്. അതോടെ കുട്ടികളെ സഹായിക്കാന്‍ അദ്ദേഹവുമെത്തി.  യുട്യൂബില്‍നിന്ന് കിട്ടിയ ആശയമാണ് ആറാം ക്ലാസുകാരന്‍ നവദീപ് പങ്കുവെച്ചത്. 

നൂറ് വര്‍ഷത്തിനുമേല്‍ പ്രായമുള്ള മുത്തശ്ശിക്കൂവളത്തിന്റെ കൊമ്പുകള്‍ക്കിടയിലാണ് കൂടാരം കെട്ടിയത്. കൂവളത്തിന്റെ സാമീപ്യം ആരോഗ്യപരമായ ഗുണങ്ങള്‍ ഉയര്‍ത്തുന്നവയാണ്. കൂടാരം ഉയര്‍ന്നതോടെ കുട്ടികള്‍തന്നെ വീട്ടിലെ പാഴ്വസ്തുക്കള്‍കൊണ്ട് അലങ്കാരവസ്തുക്കള്‍ ഉണ്ടാക്കി അതില്‍ സ്ഥാപിച്ചു. കൂടാരത്തില്‍ കയറിപ്പറ്റാന്‍ ഇരുമ്പുകോവണിയും വെച്ചിട്ടുണ്ട്.

April 24
12:53 2020

Write a Comment

Related News