SEED News

ആത്മവിശ്വാസം നഷ്ടപ്പെടുന്നത് കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കും - മാതൃഭൂമി സീഡ് വെബിനാർ

ആലപ്പുഴ: ആത്മവിശ്വാസം നഷ്ടപ്പെടുന്നത് കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കാനിടയാക്കുമെന്ന് കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് പ്രൊഫ. ഡോ. എസ്.പി.രാജീവ്. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന വെബിനാറിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.  സ്കൂൾക്കുട്ടികളിലെ ആത്മഹത്യപ്രവണത എന്ന വിഷയത്തിലായിരുന്നു വെബിനാർ. കുട്ടികളും രക്ഷിതാക്കളും മറയില്ലാതെ ഇടപെടുകയെന്നത് പ്രധാനമാണെന്ന് ഡോ. രാജീവ് പറഞ്ഞു. 
രക്ഷിതാക്കൾ ഒളിക്കുന്നത് കുട്ടിയിൽ ആകാംക്ഷയുണ്ടാക്കുകയും അവർ അതിനു
പിന്നാലെ പോവുകയും ചെയ്യും.  ഇപ്പോഴത്തെ അവസ്ഥയിൽ സ്കൂളിൽ പോകാത്തതിനാൽ കുട്ടികൾക്ക് പരസ്പരം കാര്യങ്ങൾ പങ്കുവെക്കാനാകുന്നില്ല. കൂട്ടുകാർ പരസ്പരം വിളിക്കുകയും വിശേഷങ്ങൾ പങ്കുവെക്കുകയും വേണം. ഒറ്റയ്ക്കാക്കി എന്ന തോന്നൽ ഉണ്ടാവരുത്. അതിജീവനത്തിന്റെ മാതൃകകൾ ഓർമിപ്പിക്കുകയും അനുഭവങ്ങൾ ലഭ്യമാകുന്നതിന് അവരസമൊരുക്കുകയും വേണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.   കുട്ടികളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചാണ് രക്ഷിതാക്കൾ അവരെ വളർത്തുന്നത്. ഇങ്ങനെ യേസ് മക്കളായി വളരുന്ന കുട്ടികൾ സമൂഹത്തിലേക്കിറങ്ങുമ്പോൾ  നോ കേൾക്കാനിടവരുന്നു. ഈ ‘നോയോട്’ പൊരുത്തപ്പെടാൻ കുട്ടികളെ എങ്ങനെ പ്രാപ്തരാക്കാം?, ടി.വി.യും സ്മാർട്ട് ഫോണുമില്ലാത്തതിനാൽ ആത്മഹത്യ ചെയ്യുന്നതെന്താണ്?, ആത്മവിശ്വാസം കുറയുന്നത് ആത്മഹത്യക്ക് കാരണമാകുന്നുണ്ടോ? തുടങ്ങിയ ചോദ്യങ്ങളും വെബിനാറിൽ ഉയർന്നു.
 മാതൃഭൂമി റീജണൽ മാനേജർ സി.സുരേഷ്‍കുമാർ സ്വാഗതം പറഞ്ഞു. ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും ആലപ്പുഴ മേഖലാ മേധാവിയുമായ ബെറ്റി വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ക്ലബ്ബ് എഫ്.എമ്മിലെ ആർ.ജെ.ജെബിൻ മോഡറേറ്ററായി. മാതൃഭൂമി എക്സിക്യുട്ടീവ് സോഷ്യൽ ഇനീഷ്യേറ്റീവ് കീർത്തി കൃഷ്ണൻ നന്ദി പറഞ്ഞു.

July 18
12:53 2020

Write a Comment

Related News