reporter News

താളംതെറ്റി കല്ലായിപ്പുഴ

കോഴിക്കോട്കവികൾ പുകഴ്ത്തിപ്പാടിയിട്ടുണ്ട് നമ്മുടെ കല്ലായിപ്പുഴയെ. നിറയെ കണ്ടൽക്കാടുകളും മീനുകളും പുഴയെ സമ്പന്നമാക്കി. വ്യവസായപ്രാധാന്യവും ഗസലിന്റെ താളത്തിൽ ഒഴുകിയിരുന്ന ഈ പുഴയ്ക്കുണ്ട്. ഇന്ന് അശാന്തമാണ് പുഴ. വേണ്ടത്ര ജീവവായുപോലും കിട്ടാതെ മത്സ്യസമ്പത്ത് നശിക്കുന്നു. മലിനീകരണമാണ് പുഴയെ കൊല്ലുന്നത്. കേരളത്തിലെ പുഴകളിലെല്ലാം മാലിന്യം നിറയുന്നു. പുഴകൾ മരിക്കുന്നു.

വീടുകളിലും വ്യവസായശാലകളിലുംതന്നെ അവിടെയുണ്ടാവുന്ന മാലിന്യം തരംതിരിക്കാനും സംസ്കരിക്കാനും ഇനിയും വൈകിക്കൂടാ. ശ്രമിച്ചാൽ നമുക്കതിന് കഴിയും. ലോക് ഡൗൺ കാലത്ത് നമ്മുടെ മിക്ക പുഴകളും അവയുടെ പൂർവസ്ഥിതിയിലേക്ക് മാറിവരുന്നുണ്ടായിരുന്നു. മനുഷ്യരുടെ ഉപദ്രവമോ അമിത ഇടപെടലോ ഇല്ലെങ്കിൽ സ്വയം ശുദ്ധിയാവാനും സംരക്ഷണം ഉറപ്പുവരുത്താനും സാധിക്കുമെന്ന് ഇതിലൂടെ പ്രകൃതി നമ്മോട് പറയാതെപറയുന്നു.

മാലിന്യം മാത്രമല്ല, കല്ലായിപ്പുഴയുടെ സ്ഥിതി ഇത്ര ദാരുണമാക്കിയത്. ഒരുകാലത്ത് കല്ലായിപ്പുഴയെ ആശ്രയിച്ചിരുന്ന മികച്ച തടിവ്യവസായകേന്ദ്രം ക്ഷയിച്ചുപോവുകയാണ്. തീരം കൈയേറുന്നതിനാൽ പുഴയുടെ വിസ്തൃതി വർഷംതോറും കുറയുന്നു. പുഴയിലെ ചെളിയും മാലിന്യവും നീക്കംചെയ്യാനും കൈയേറിയ ഭൂമി തിരിച്ചെടുക്കാനും 11 വർഷംമുമ്പ് സർക്കാർ ഉത്തരവിറക്കിയിരുന്നു. പലകാരണങ്ങളാൽ അത് പ്രാബല്യത്തിലായില്ല. അതിന്റെ ഫലം രണ്ടുപ്രളയങ്ങളിൽ നാം അനുഭവിച്ചു.

മലബാർ ജില്ലാകളക്ടറായിരുന്ന എച്ച്.വി. കനോലി വടക്ക് കോരപ്പുഴയെയും തെക്ക് കല്ലായിപ്പുഴയെയും ബന്ധിപ്പിച്ച് നിർമിച്ച കനോലികനാലും ഇന്ന് ദയനീയസ്ഥിതിയിലാണ്. വിശാലമായ ജലഗതാഗതമാർഗമായിരുന്നു ലക്ഷ്യം. ഈ കനാലടക്കം കോഴിക്കോട്ടെ എല്ലാ ജലപാതകളും കല്ലായിപ്പുഴയിലൂടെ അറബിക്കടലിനെ പരിണയിക്കുന്നു. നമ്മുടെ പുഴയെ ഇനിയും വേദനിപ്പിച്ചുകൂടാ. നാം തെറ്റുമനസ്സിലാക്കി തിരുത്തണം. പുഴ മാലിന്യം തള്ളാനുള്ള ഇടമല്ല. മാലിന്യസംസ്കരണം ഒരു കലയാണ്. സംസ്കാരമാണ്. ഓർക്കുക -നമ്മുടെ നിലനിൽപ്പിന് മറ്റുമാർഗമില്ല.

September 27
12:53 2020

Write a Comment