യുദ്ധ ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആരൂർ ഗവ :എൽ. പി. എസിൽ സീഡ് ക്ലബ്ബ് പാവനാടകം അരങ്ങേറി
ആരൂർ: ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി യുദ്ധ ഇരകളോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗവ. എൽ.പി.എസ്. ആരൂരിൽ പാവനാടകം അരങ്ങേറി. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ "യുദ്ധ ഇരകൾക്ക് ഐക്യദാർഢ്യം" എന്ന സന്ദേശമുയർത്തി വിവിധങ്ങളായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. ചരിത്രത്തിൽ യുദ്ധവിരുദ്ധ പ്രതീകമായി മാറിയ ഹിരോഷിമയിലെ സഡാക്കോ സസാക്കിയുടെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ “ സഡാക്കോ- ഹിരോഷിമയുടെ നൊമ്പരം” എന്ന പുസ്തകത്തിന്റെ സ്വതന്ത്രാവിഷ്കാരമാണ് വിദ്യാർഥികൾ പാവനാടകമായി അവതരിപ്പിച്ചത് . നാടകങ്ങൾ, പാവകളി തുടങ്ങിയ സർഗാത്മക പ്രവർത്തനങ്ങൾ വിദ്യാഭ്യാസത്തിൽ ഉൾച്ചേർക്കുന്നതിൻ്റെ ഭാഗമായാണ് വിദ്യാലയം ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതെന്ന് ഉദ്ഘാടനം നിർവഹിച്ച പ്രഥമാധ്യാപകൻ ഷഹിൻ. പി .എം പറഞ്ഞു . നാലാം ക്ലാസ്സിലെ 'യുദ്ധം അത്ര നല്ലതല്ല ' എന്ന മലയാളപാഠഭാഗത്തിന്റെ തുടർപ്രവർത്തനങ്ങളാണ് കൂട്ടുകാരെ പാവനാടകത്തിലേക്കെത്തിച്ചത് പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾ യുദ്ധവിരുദ്ധ പോസ്റ്ററുകൾ, സമാധാന സന്ദേശങ്ങൾ, മുദ്രാവാക്യങ്ങൾ എന്നിവ തയ്യാറാക്കി അവതരിപ്പിച്ചു . സഡാക്കോയുടെ നൊമ്പരങ്ങൾ വെളിപ്പെടുത്തുന്ന ഒറിഗാമി കൊക്കുകളുടെ നിർമ്മാണ പരിശീലനവും സംഘടിപ്പിച്ചു . യുദ്ധമല്ല, സമാധാനമാണ് ലോകത്തിന് അനിവാര്യമെന്ന് ഉദ്ബോധിപ്പിച്ച പരിപാടിക്ക് പി. ടി. എ പ്രസിഡന്റ് ശാലു ജി അധ്യക്ഷത വഹിച്ചു . ആർ ജി അമരിനാഥ് ടീച്ചർ യുദ്ധവിരുദ്ധ സന്ദേശം നല്കി ശശിധരൻ നായർ ആശംസകൾ നേർന്നു . ഗിരീഷ് കുമാർ ജി സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് മിനി വി ആർ നന്ദിയും പറഞ്ഞു. സീഡ് ക്ലബ്ബ് അംഗങ്ങളും അധ്യാപകരും രക്ഷാകർത്താക്കളും പങ്കെടുത്തു.
