SEED News

പരിസ്ഥിതിസംരക്ഷണത്തിന് വിദ്യാര്‍ഥികളുടെ കൈത്താങ്ങ് അനിവാര്യം

വളാഞ്ചേരി: നാശത്തിന്റെ വക്കിലെത്തിയ ഭൂമിയെ പ്രകൃതിസംരക്ഷണത്തിലൂടെ പുനര്‍നിര്‍മിക്കേണ്ട ഉത്തരവാദിത്വത്തില്‍നിന്ന് വിദ്യാര്‍ഥികള്‍ മാറിനില്‍ക്കരുതെന്നും ഇക്കാര്യത്തില്‍ അവരുടെ സഹകരണം അനിവാര്യമാണെന്നും ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ഉമ്മുകുല്‍സു പറഞ്ഞു.
പ്രകൃതിസംരക്ഷണത്തിനായി മാതൃഭൂമി ഒമ്പതുവര്‍ഷംമുന്‍പ് ആവിഷ്‌കരിച്ച സീഡ് പദ്ധതിയുടെ തിരൂര്‍ വിദ്യാഭ്യാസജില്ലാതല ഉദ്ഘാടനം വളാഞ്ചേരി ഭാരതീയ വിദ്യാഭവന്‍ സ്‌കൂളില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അവര്‍.
വര്‍ത്തമാനകാല സമൂഹത്തിന്റെ വികലമായ പ്രവര്‍ത്തനങ്ങള്‍മൂലം മരണശയ്യയിലാണ് നമ്മുടെ ഭൂമി. അതിനെ ഹരിതാഭമാക്കാന്‍ ഓരോതുത്തരും പ്രവര്‍ത്തിക്കേണ്ടതുണ്ട്. മരവും മണ്ണും സംരക്ഷിക്കുകവഴി നാം നമ്മുടെ മാതൃഭൂമിയെയാണ് സംരക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു. 
സ്‌കൂള്‍ വൈസ്‌ചെയര്‍മാന്‍ ടി.എം. പദ്മകുമാര്‍ അധ്യക്ഷതവഹിച്ചു. പ്രിന്‍സിപ്പല്‍ എന്‍.ബീന, ഇരിമ്പിളിയം പഞ്ചായത്ത് അസിസ്റ്റന്റ് കൃഷി ഓഫീസര്‍ പി. മണികണ്ഠന്‍, സ്‌കൂള്‍തല സീഡ് കോ-ഓര്‍ഡിനേറ്റര്‍ എസ്.വി. ജയപ്രകാശ്, ഫെഡറല്‍ ബാങ്ക് വളാഞ്ചേരി ശാഖാ മാനേജര്‍ ശ്രീദേവി എസ്. നായര്‍, സീഡ് തിരൂര്‍ വിദ്യാഭ്യാസജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. മണികണ്ഠന്‍, മാതൃഭൂമി വളാഞ്ചേരി ലേഖകന്‍ പി. മധുസൂദനന്‍, വൈസ് പ്രിന്‍സിപ്പല്‍ ശൈലജ സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ഉമ്മുകുല്‍സുവും സ്‌കൂളിലെ ജെം ഓഫ് സീഡായ അനാമികസുതനും ചേര്‍ന്ന് സീഡിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ മുറ്റത്ത് മാവിന്‍തൈ നട്ടു.
2016-17 വര്‍ഷം സ്‌കൂളില്‍ നടത്തിയ സീഡ് പ്രവര്‍ത്തങ്ങള്‍ക്ക് തിരൂര്‍ വദ്യാഭ്യാസജില്ലയിലെ മികച്ച രണ്ടാമത്തെ വിദ്യാലയമായി വളാഞ്ചേരി ഭാരതീയ വിദ്യാഭവന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.        


June 10
12:53 2017

Write a Comment