പുത്തൻതോട് ബീച്ച് അപകടം തുടർക്കഥയാവുന്നു
കൊച്ചി: പുത്തൻ തോട് ഹയ്യർ സെക്കണ്ടറി സ്‌കൂളിന് സമീപമായി സ്ഥിതി ചെയ്യുന്ന ' പുത്തൻ തോട് ഗ്യാപ്' എന്നറിയപ്പെടുന്ന ബീച്ച് വീണ്ടും കണ്ണീർക്കയത്തിൽ മുങ്ങി. ഏറ്റവും ഒടുവിലായി ഇവിടെ ജീവൻ പൊലിഞ്ഞത് എട്ടാം ക്ലാസ് വിദ്യാർത്ഥിയായ സാവിയോ എന്ന മിടുക്കനാണ്. നാളിതുവരെ പത്തോളം ജീവനാണ് നഷ്ടപ്പെട്ടത്.
തദ്ദേശ വാസികളായ മൽസ്യ തൊഴിലാളികൾക്ക് വഞ്ചി ഇറക്കുവാനും അടുപ്പിക്കുവാനുമായി ഏകദേശം 150 മീറ്ററോളം കരിങ്കൽ ഭിത്തി ഒഴിവാക്കിയിരിക്കുന്ന ഒരു പ്രദേശമാണിത്. മനോഹരമായ ഭൂപ്രകൃതി കൊണ്ടും തീർത്ഥാടന കേന്ദ്രമായ കണ്ണമാലി പള്ളിയുടെ സമീപപ്രദേശമായതുകൊണ്ടും ധാരാളം വിനോദ സഞ്ചാരികൾ എവിടേക്ക് എത്തുന്നു. ഒപ്പം സമീപ പ്രദേശത്തെ സ്‌കൂളുകളിലെ ധാരാളം വിദ്യാർത്ഥികളും. അപകടം ഉണ്ടാകുമ്പോൾ സമീപവാസികളും മത്സ്യത്തൊഴിലാളികളും ആണ് രക്ഷകരായി എത്തുന്നത്. സമീപവാസിയും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ എ.എൽ. ജേക്കബ് ഈ തീരത്തു ള്ള അപകട സാധ്യതയെക്കുറിച്ചു ഞങ്ങൾക്ക് പറഞ്ഞു തന്നു. വളരെ പെട്ടന്ന് തീരം ഉണ്ടാകുകയും അതുപോലെ തന്നേ എടുത്തു പോകുകയും ചെയ്യുന്ന പ്രദേശമാണിത്.അതുകൊണ്ടുതന്നെ ആഴം പ്രവചനാതീതമാണ്.
ഓരോ അപകടശേഷവും അധികാരികളുടെ ശ്രദ്ധ ഇവിടേക്ക് എത്താറുണ്ട്. ഒടുവിലത്തെ അപകടത്തിനുശേഷം കോസ്റ്റ് ഗാർഡിന്റെ താൽക്കാലിക സേവനം ഇവിടെ ഉണ്ട്. അപകട മുന്നറിയിപ്പ് നൽകുന്ന ബോർഡുകൾ ഉടൻ സ്ഥാപിക്കുമെന്നും സീഡ് ക്ലബ് അംഗങ്ങൾക്ക് ഇവിടെ നിയമിതരായ ഉദ്യോഗസ്ഥർ ഉറപ്പു നൽകി. കോസ്റ്റ് ഗാർഡിന്റെ സ്ഥിരം സേവനം, വിനോദ സഞ്ചാരികൾക്കായി കൂടുതൽ സൗകര്യങ്ങൾ, തിരയുടെ കാഠിന്യം കുറയ്ക്കുവാൻ പുലിമുട്ട് നിർമ്മിക്കുക ഇതെല്ലാമാണ് പ്രദേശവാസികളുടെ ആവശ്യങ്ങൾ. സീഡ് സ്റ്റുഡന്റ് കോഡിനേറ്റര്മാരായ ,സ്റ്റീഫൻ, ഹരി, ശരൺ, തുടങ്ങിയവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളും അധ്യാപകരായ സേവ്യർ, ഷിറ്റോ,അജി എന്നിവരും ചേർന്നാണ് ബീച്ച് സന്നർശിച്ചു വിവര ശേഖരണം നടത്തിയത്.
സീഡ് സ്റ്റുഡന്റ് റിപ്പോർട്ടർ : ജ്യോതിസ്.പി.എസ്