SEED News

സീഡ് പുരസ്കാരത്തിളക്കത്തില് താമരക്കുളം വി.വി.എച്ച്.എസ്.എസ്.


     ചാരുംമൂട്ടില് നടന്ന ഓണാട്ടുകര കാര്ഷികമേളയിലെ വി.വി.എച്ച്.എസ്.എസ്. സീഡ് സ്റ്റാള് 
ജില്ലാ പഞ്ചായത്ത് സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്പേഴ്സണ് കെ.സുമ ഉദ്ഘാടനം ചെയ്യുന്നു (ഫയല് ചിത്രം)       ചാരുംമൂട്: പഠനത്തോടൊപ്പം പ്രകൃതിസംരക്ഷണ പ്രവര്ത്തനങ്ങള്ക്കും പ്രാധാന്യം കൊടുക്കുന്ന താമരക്കുളം വി.വി.എച്ച്.എസ്.എസിന് 'മാതൃഭൂമി' സീഡ് ഹരിത വിദ്യാലയ പുരസ്കാരം. മാവേലിക്കര വിദ്യാഭ്യാസ ജില്ലയില് ഒന്നാം സ്ഥാനമാണ് സ്കൂളിന് ലഭിച്ചത്. പ്രവര്ത്തനങ്ങള് ഉദ്ഘാടനങ്ങളില് മാത്രമാകാതെ തുടര്പ്രവര്ത്തനങ്ങളില് ശ്രദ്ധിക്കുന്നതാണ് സ്കൂളിന്റെ നേട്ടം.
   2009 മുതല് സീഡ് പ്രവര്ത്തനങ്ങള് ഏറ്റെടുത്ത് നടപ്പാക്കിവരുന്ന സ്കൂളിന് സീഡ് സംസ്ഥാന പുരസ്കാരവും ലഭിച്ചിട്ടുണ്ട്.   2012ല് സംസ്ഥാന വനമിത്ര പുരസ്കാരവും 2016ല് ജൈവവൈവിധ്യ ബോര്ഡിന്റെ സംസ്ഥാന പുരസ്കാരവും സ്കൂളിനെ തേടിയെത്തി.  
  സ്കൂളിലെ ദന്തപ്പാല, ചങ്ങലംപരണ്ട, ചതുരമുല്ല, ചന്ദനം, പനിക്കൂര്ക്ക, ശീമപ്പുളി, നാരകം, പൊന്നാരിവീരന് തുടങ്ങി 250 ഔഷധസസ്യങ്ങള് വളരുന്ന ഔഷധത്തോട്ടം ജൈവവൈവിധ്യത്തിന്റെ കലവറയാണ്.
  പക്ഷികള് കൂടുകൂട്ടി മുട്ടയിട്ട് അടയിരിക്കുന്ന ഔഷധത്തോട്ടം സ്കൂളിന്റെ ഐശ്വര്യമാണ്.     ശലഭങ്ങളെ ആകര്ഷിക്കുന്നതിനായി ശലഭോദ്യാനം പരിപാലിക്കുന്നു. കറിവേപ്പും കൃഷ്ണകിരീടവും കിലുക്കിയും നാരകവും കണിക്കൊന്നയും ഇലമുളച്ചിയും ശലഭോദ്യാനത്തില് വളരുന്നു. 
   ഉച്ചഭക്ഷണം വിഷരഹിതമാക്കുന്നതിന് കറിവേപ്പിന് തോട്ടം, പപ്പായ തോട്ടം, മല്ലിത്തോട്ടം എന്നിവ പരിപാലിക്കുന്നു. ആഴ്ചയില് രണ്ടുദിവസം ഉച്ചഭക്ഷണത്തില് പപ്പായ വിഭങ്ങള് ഉള്പ്പെടുത്തിയിരിക്കുന്നു.       മരത്തൈകള് സ്കൂളില് തന്നെ വളര്ത്തിയെടുക്കുന്നതിനായി കുട്ടികളുടെ നഴ്സറി ആരംഭിച്ചു.
      പെന്ബിന് പദ്ധതിയിലൂടെ 100 കിലോഗ്രാം പ്ലാസ്റ്റിക് പേനകള് ശേഖരിച്ച് പുനര്നിര്മാണത്തിന് നൽകി. സ്കൂളില് മഷിപ്പേനയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു. ഗ്രീന്പ്രോട്ടോക്കോള് കാമ്പസില് നടപ്പാക്കി വരുന്നു.           
   മരങ്ങളുടെ നന്മ പൊതുസമൂഹത്തിലേക്കെത്തിക്കുന്നതിനായി 'നന്മമരം' ഡോക്യുമെന്ററി നിര്മിച്ചുകൊണ്ടിരിക്കുന്നു. മഴക്കുഴി നിര്മാണം, മഴവെള്ളസംഭരണി, ഫലവൃക്ഷത്തോട്ടം, നക്ഷത്രവനം തുടങ്ങി നിരവധി പരിസ്ഥിതിസംരക്ഷണ പ്രവര്ത്തനങ്ങള് സ്കൂള് നടത്തിവരുന്നു.
   ഹെഡ്മിസ്ട്രസ് സുനിത ഡി.പിള്ള, പ്രിന്സിപ്പല് ജിജി എച്ച്.നായര്, എ.എന്.ശിവപ്രസാദ്, എസ്.മധുകുമാര് സീഡ് ക്ലബ് കോ-ഓര്ഡിനേറ്റര് ശാന്തിതോമസ്, റാഫിരാമനാഥ്, കെ.വി.രാജശേഖരന്,  എസ്.അഭിലാഷ്കുമാര് തുടങ്ങിയവര് പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നൽകുന്നു.   

August 01
12:53 2017

Write a Comment

Related News