SEED News

എന്‍റെ മരം, എന്‍റെ ജീവിതം

സ്വാതന്ത്ര്യം അവകാശങ്ങൾ പോലെത്തന്നെ ഉത്തരവാദിത്തങ്ങൾ കൂടിയാണെന്ന് ഈ കുട്ടികൾക്കറിയാം. മഴയും മഞ്ഞും നീരും നീലാകാശവും ജീവവായുവും നമുക്കവകാശമാകുന്നതുപോലെ വരും തലമുറയോടുള്ള വലിയ ഉത്തരവാദിത്തവുമാകുന്നു. മുൻതലമുറ കാത്തുസൂക്ഷിച്ചു കൈമാറിത്തന്നതാണത്.

വെറുതേ അറിഞ്ഞിരുന്നാൽ മാത്രം പോരല്ലോ! പ്രാവർത്തികമാക്കണം. അതിനവർ, ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂളിലെ വിദ്യാർത്ഥികള്‍ ഒരുക്കിയ പദ്ധതിയാണ് 'എന്‍റെ മരം, എന്‍റെ ജീവിതം'. ഇതിനു തുടക്കം കുറിച്ചത് സ്വാതന്ത്ര്യദിന പൊൻപുലരിയില്‍.  കാമ്പസിന്റെ  34ാം സമാരംഭദിനം കൂടിയാണന്ന്. 

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായുള്ള അസംബ്ലിക്കും പതാക ഉയർത്തലിനും ശേഷം ആറാം ക്ലാസ്സിലെ 35 വിദ്യാർത്ഥികൾ സ്വന്തം പേരിൽ ഓരോ നാട്ടുമാവിൻ തൈകൾ കാമ്പസിന്‍റെ പലഭാഗങ്ങളിലായി കുഴിച്ചിട്ടു. ഒരു കൈക്കുടന്ന ചാണകപ്പൊടിയും മീതേ രണ്ടു കുടന്ന മണ്ണുമിട്ട്‌ മാന്തൈ നട്ടത്‌ ചടങ്ങിനുവേണ്ടിയല്ലെന്ന പൂർണ്ണബോധ്യമുണ്ടവർക്ക്‌. അതവരുടെ സ്വന്തം മരമാണ്. ദയാപുരം സ്കൂളിലെ പഠനകാലം കഴിയുന്നതുവരെ അവർ വളവും വെള്ളവും നൽകി പരിപാലിക്കും. കാമ്പസ്‌ വിട്ടുപോയാലും അതവരുടെ സ്വന്തമായിരിക്കും. തലമുറകൾക്ക്‌ പൂവായും കനിയായും തണലായും ജീവശ്വാസമായും മാറേണ്ടവയാണവ. പൗരബോധത്തിന്റെ ഉദാത്തതലം!

ജൈവവൈവിധ്യങ്ങളുടെ ഇടമാണ് ദയാപുരം! നാല്‍പതേക്കറില്‍ നാട്ടുപച്ചപ്പിന്‍റെ മനോഹാരിത. നാനാതരത്തില്‍ കലമ്പല്‍ കൂട്ടുന്ന കിളികള്‍, ചാഞ്ഞും ചെരിഞ്ഞും വാലിളക്കി മരങ്ങളില്‍ ചാടിക്കേറുന്ന ചെറുതും വലുതുമായ അണ്ണാറക്കണ്ണന്‍മാർ, വിഷമുള്ളതും അല്ലാത്തതുമായ പലയിനം പാമ്പുകള്‍, മൂങ്ങ, കീരി, കുറുക്കന്മാർ, മണ്‍പൊത്തുകളില്‍നിന്നും മരങ്ങളില്‍നിന്നും ഇറങ്ങിവരുന്ന അസംഖ്യം പുഴുക്കളും പാറ്റകളും ചിത്രശലഭങ്ങളും വണ്ടുകളും, പേരറിയാത്ത, അതിശയിപ്പിക്കുന്ന വര്‍ണങ്ങളിലുള്ള പലവിധ കുഞ്ഞുജീവികള്‍ - രാസവളവും വിഷവും തീണ്ടാത്തതിന്‍റെ നന്മ. തരുലതാദികളാലും സമ്പന്നമായ ഈ കാംപസിലേക്കിറങ്ങിയ  വിദ്യാർത്ഥികള്‍, നേരത്തേ തെരഞ്ഞെടുത്ത, അപൂർവ ഇനത്തില്‍പെട്ടതും അല്ലാത്തതുമായ 51 വൃക്ഷങ്ങള്‍ക്ക്, അവയുടെ ശാസ്ത്രീയനാമവും നാട്ടുപേരും എഴുതിയ ബോർഡുകള്‍ സ്ഥാപിച്ച്,  അവയെ സംരക്ഷിക്കുമെന്ന പ്രതിജ്ഞയെടുത്തു.

ദയാപുരം റസിഡൻഷ്യൽ സ്കൂൾ പാർലിമന്റ്‌ സങ്കൽപനം ചെയ്ത ഈ പദ്ധതി പ്രാവർത്തികമാക്കിയത്‌ മാതൃഭൂമി സീഡ്‌ ക്ലബ്‌ പ്രവർത്തകരാണ്.

ദയാപുരം സ്ഥാപനങ്ങളുടെ രക്ഷാധികാരി  സി.ടി അബ്ദുറഹിം സംരഭത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ പി. ജ്യോതി ആദ്യതൈ വിദ്യാർത്ഥി പ്രതിനിധിക്ക്‌ കൈമാറിക്കൊണ്ട്‌ പദ്ധതി ഉദ്ഘാടനം ചെയ്തു. സീഡ്‌ കോ ഓർഡിനേറ്റർ ദിലീപ്‌ ഫ്രാൻസിസ്‌ നേതൃത്വം നൽകി.

August 19
12:53 2017

Write a Comment

Related News