പച്ചക്കറിച്ചന്തയൊരുക്കി ശിവപുരം സ്കൂൾ വിദ്യാർഥികൾ
മാലൂർ: ഓണത്തിന് ‘ഒരുമുറം പച്ചക്കറി’ പദ്ധതിയുടെ ഭാഗമായി ശിവപുരം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ പച്ചക്കറിച്ചന്തയൊരുക്കി. മാതൃഭൂമി, സീഡ്, ഓയിസ്ക എന്നിവയുടെ സഹകരണത്തോടെ സ്കൂൾ പരിസ്ഥിതി ക്ലബ്ബ്, ലവ് ഗ്രീൻ ക്ലബ്ബ്, എൻ.എസ്.എസ്. യൂണിറ്റ് എന്നിവയാണ് പരിപാടി സംഘടിപ്പിച്ചത്.
മാലൂർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.മൈഥിലി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ രാജിവ് ആർ.കെ. അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഒ.കെ.ബിന്ദു, പി.എം.രാജിവ്, എസ്.ബി.ഷിനോയ്, ടി.പി.സിറാജ്, ഷിംജിത്ത് തില്ലങ്കേരി എന്നിവർ സംസാരിച്ചു. യുവ ജൈവ കർഷകനായ ഷിംജിത്ത് തില്ലങ്കേരിയെ പരിപാടിയിൽ ആദരിച്ചു.
പഴയകാല കാർഷിക ഗാർഹിക ഉപകരണങ്ങൾ, പലതരം വിത്തുകൾ, വിളകൾ, ഔഷധച്ചെടികൾ, കാർഷിക ഫോട്ടോഗ്രാഫി തുടങ്ങിയവയുടെ പ്രദർശനവും ഉണ്ടായിരുന്നു. വിദ്യാർഥികൾ വീട്ടുവളപ്പിൽ ഉണ്ടാക്കിയ വിവിധയിനം പച്ചക്കറികളുടെ വിപണച്ചന്തയും പരിപാടിയുടെ ഭാഗമായി നടന്നു. വിദ്യാർഥികൾ കൊണ്ടുവന്ന പച്ചക്കറികൾ അവർ നേരിട്ടുതന്നെ സഹപാഠികൾക്കും അധ്യാപകർക്കും വിൽപ്പന നടത്തുകയായിരുന്നു. വിദ്യാർഥികൾക്കിത് വേറിട്ട ഒരനുഭവമായിമാറി.
September 02
12:53
2017