SEED News

‘മാതൃഭൂമി’യും എൻ.എസ്.എസും ഒരുമിച്ചു; ആലപ്പുഴ മെഡിക്കൽ കോളേജ് പരിസരം വൃത്തിയായി ’

ആലപ്പുഴ: കാടുപിടിച്ചു കിടന്ന ആലപ്പുഴ മെഡിക്കൽ കോളേജ് പരിസരത്തിന് ഗാന്ധിജയന്തിദിനത്തിൽ പുതിയ തെളിച്ചം. മാതൃഭൂമിയും കേരള സർവകലാശാല നാഷണൽ സർവീസ് സ്കീമും ചേർന്നുനടത്തിയ ശുചീകരണയജ്ഞമാണ് മെഡിക്കൽ കോളേജിന് പുതിയ പകിട്ടു പകർന്നത്. മാതൃഭൂമി സീഡ് വിദ്യാർഥികളും ഇതിനൊപ്പം ചേർന്നു. സന്നദ്ധസേവനത്തിന്റെ മഹത്വം വിളിച്ചോതി എഴുന്നൂറോളം വിദ്യാർഥികളാണ് യജ്ഞത്തിൽ പങ്കാളികളായത്.   ശുചീകരണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം സുരേഷ് ഗോപി എം.പി.യാണ്  തിങ്കളാഴ്ച രാവിലെ നിർവഹിച്ചത്. വിദ്യാർഥികൾ കരഘോഷത്തോടെയാണ് വെള്ളിത്തിരയിലെ പ്രിയനായകനെ വരവേറ്റത്. ആലപ്പുഴ മെഡിക്കൽ കോളേജിന്  15 ഐ.സി.യു. കട്ടിലും  സുരേഷ് ഗോപി വാഗ്ദാനം ചെയ്തു.
 കേരളസർവകലാശാല നാഷണൽസർവീസ് സ്കീമിന്റെ നേതൃത്വത്തിൽ  കോളേജുകളിൽ ആരംഭിക്കുന്ന ജൈവവൈവിധ്യ പാർക്കിന്റെ ഉദ്ഘാടനം കെ.സി.വേണുഗോപാൽ എം.പി.നിർവഹിച്ചു. നാട്ടുമാവിൻതൈ  നല്കിയായിരുന്നു ഉദ്ഘാടനം. 
  മെഡിക്കൽ കോളേജ് പരിസരം ശുചീകരിച്ച വിദ്യാർഥികളെ മന്ത്രി ജി.സുധാകരൻ നേരിട്ടെത്തി അഭിനന്ദിച്ചു. അവർക്ക് അദ്ദേഹം സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. ശുചീകരണയജ്ഞത്തിൽ  മന്ത്രി ജി.സുധാകരനും സുരേഷ് ഗോപിയും കെ.സി.വേണുഗോപാലും തൂമ്പയുമായി ഇറങ്ങിയത് വിദ്യാർഥികളിൽ ആവേശം വിതച്ചു.  കേരള സർവകലാശാല എൻ.എസ്.എസ്.പ്രോഗ്രാം കോ - ഓർഡിനേറ്റർ കെ.ഷാജി നേതൃത്വം നൽകി. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ആർ.വി.രാംലാൽ ,മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ് എന്നിവർ ശുചീകരണത്തിനെത്തിയ സുമനസ്സുകളെ വരവേറ്റു. 

October 04
12:53 2017

Write a Comment